
കൊരട്ടി ∙ ദേശീയപാത ജംക്ഷനിൽ നിർമിക്കുന്ന മേൽപാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രാദേശിക എതിർപ്പിനെ തുടർന്നു വൈകാതെ പണി നിർത്തിവച്ചു.
സർവീസ് റോഡ് പൂർത്തിയാക്കാതെ മേൽപാലം നിർമാണം ആരംഭിക്കരുതെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 3 തൂണുകളിലുള്ള ചെറിയ മേൽപാലമാണു നിർമിക്കാൻ അനുമതിയുള്ളതെന്നാണ് അധികൃതർ നൽകുന്ന സൂചന. ഇതിന്റെ അപ്രോച്ച് റോഡിന്റെ റീട്ടെയിനിങ് വാളിന്റെ അസ്ഥിവാരത്തിനായി പൊലീസ് സ്റ്റേഷനു സമീപം ദേശീയപാത സർവീസ് റോഡിൽ കരാർ കമ്പനിയുടെ തൊഴിലാളികൾ കുഴിയെടുക്കുകയായിരുന്നു. വൈകാതെ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജുവിന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധവുമായി എത്തി. ഇവർ ദേശീയപാത അതോറിറ്റിയെയും കലക്ടറെയും ബന്ധപ്പെടുകയും തൊഴിലാളികളോടു പണി നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
ദേശീയപാത അടച്ചുകെട്ടുന്നില്ലെന്നും മേൽപാലത്തിന്റെ അനുബന്ധ റോഡിന്റെ റീട്ടെയിനിങ് വാളിന്റെ നിർമാണം മാത്രമാണു നടത്തുന്നതെന്നും ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു. സർവീസ് റോഡുകൾ പൂർത്തിയാക്കാതെ ദേശീയപാത അടച്ചുകെട്ടിയുള്ള പ്രധാന നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കില്ലെന്നും അറിയിച്ചു. എന്നാൽ സർവീസ് റോഡ് പൂർത്തിയാക്കാതെ മേൽപാലത്തിന്റെ നിർമാണം ആരംഭിച്ചാൽ തടയുമെന്നു സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. ചിറങ്ങരയിലും മുരിങ്ങൂരിലും സർവീസ് റോഡ് പൂർത്തിയാക്കാതെ നടത്തിയ നിർമാണമാണ് ഒരു വർഷത്തോളമായിട്ടും പരിഹരിക്കാനാകാത്ത രൂക്ഷമായ ഗതാഗതക്കുരുക്കിനും യാത്രാദുരിതത്തിനും കാരണമെന്നും എംഎൽഎ പറഞ്ഞു. റീട്ടെയിനിങ് വാളിനായി നിർമിച്ച കുഴി അപകടമുണ്ടാക്കുമെന്നും അതിനാൽ അടിയന്തരമായി അതു മൂടണമെന്നും പി.സി.ബിജു ആവശ്യപ്പെട്ടു.
നാട്ടുകാരുടെ പ്രതിനിധി സംഘം കൊരട്ടി പൊലീസ് സ്റ്റേഷനിലെത്തി ഇൻസ്പെക്ടർ അമൃത്രംഗനെ കണ്ട് ഇക്കാര്യത്തിൽ പൊലീസിന്റെ സഹകരണവും അഭ്യർഥിച്ചു. സേവ് കൊരട്ടി ചെയർമാൻ എൻ.ഐ.തോമസ് നാൽപാട്ട്, കൺവീനർ സുന്ദരൻ പനംകൂട്ടത്തിൽ, ചവളർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി സി.എസ്.വിനീഷ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബെന്നി ജോസഫ്, സെക്രട്ടറി പി.വി.ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് വർഗീസ് പൈനാടത്ത്, സി.എസ്.ജയേന്ദ്രൻ, ജോയിന്റ് സെക്രട്ടറിമാരായ എം.ഡി.പോൾ, പി.ഒ.ഡേവിസ്, ട്രഷറർ വി.പി.ജോർജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]