
വൈപ്പിൻ∙ ട്രോളിങ് നിരോധനത്തിനു ശേഷം മീൻ തേടിയിറങ്ങിയ മത്സ്യബന്ധന ബോട്ടുകൾ ഹാർബറിൽ തിരിച്ചെത്തിത്തുടങ്ങി. ഇന്നലെ മുനമ്പം ഹാർബറിൽ അടുത്ത മുപ്പതോളം ബോട്ടുകൾക്ക് പ്രധാനമായും ലഭിച്ചത് ഇടത്തരം വലുപ്പമുള്ള കിളിമീനാണ്.
കൂടാതെ കുറഞ്ഞ തോതിൽ കണവയും വലിപ്പം കുറഞ്ഞ കൂന്തലും പലർക്കും ലഭിച്ചു. ചെമ്മീൻ ലഭ്യത തീരെ കുറവായിരുന്നു. കിളിമീനിന്റെ കൂട്ടത്തിൽ വലുത് വിറ്റു പോയത് കിലോഗ്രാമിന് 120 രൂപയ്ക്ക്.
ബാക്കിയുള്ളവയുടെ കച്ചവടം നടന്നത് 100 രൂപയ്ക്കും.
കയറ്റുമതി വിപണിയിൽ പ്രിയമുള്ള കണവയ്ക്ക് കിലോഗ്രാമിന് 550 രൂപ വരെ ലഭിച്ചു. ചെറിയ കൂന്തലിന് 150 രൂപയും കിട്ടി.മീൻ പൊടിക്കുന്ന കമ്പനികളും കയറ്റുമതിക്കാരും വാങ്ങിക്കൊണ്ടു പോകുന്നതിനാൽ ഈ മീനിന്റെ വളരെ ചെറിയ ശതമാനം മാത്രമേ പ്രാദേശിക വിപണിയിലേക്ക് എത്തുകയുള്ളൂ. കിളിമീനിന് പ്രാദേശിക മാർക്കറ്റുകളിൽ വലിയ പ്രിയവും ഇല്ല.
കണവ ഹാർബറുകളിൽ നിന്ന് നേരെ കയറ്റുമതി കേന്ദ്രങ്ങളിലേക്ക് എത്തും. വരും ദിനങ്ങളിൽ എത്തുന്ന വലിയ ബോട്ടുകളിലും കൂടിയ അളവിൽ ഇതേ ചരക്ക് തന്നെ ആയിരിക്കുമെന്നാണ് കച്ചവടക്കാർ കണക്കു കൂട്ടുന്നത്.
കാളമുക്കിലും നിറയെ കിളിമീൻ
എളങ്കുന്നപ്പുഴ∙ ട്രോളിങ് നിരോധനം കഴിഞ്ഞ് കാളമുക്ക് ഹാർബറിൽ നിന്നും കടലിൽ പോയ മീൻപിടിത്തബോട്ടുകൾ തിരിച്ചെത്തിയത് നിറയെ കിളി മീനുമായി.
പ്രതീക്ഷിച്ച പോലെ ബോട്ടുകൾക്ക് കാര്യമായ മീൻ ലഭിച്ചില്ല. 20 ബോട്ടുകളാണ് മടങ്ങി ഹാർബറിൽ എത്തിയത്. കിളി മീൻകൂടാതെ കുറഞ്ഞതോതിൽ കരിക്കാടി ചെമ്മീനും കലവയും ലഭിച്ചു.
കിളിമീനിനു കിലോഗ്രാമിന് 50 മുതൽ 100 രൂപ വരെ ലഭിച്ചു. ഒരു ബോട്ടിന് 3 ലക്ഷം രൂപ വരെ ലഭിച്ചു.
ഇന്നും നാളെയുമായി കൂടുതൽ ബോട്ടുകൾ ഹാർബറിൽ എത്തും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]