
ദില്ലി: രാഹുൽ ഗാന്ധിക്കെതിരായ സുപ്രീംകോടതിയുടെ വിമർശനം രാജ്യമാകെ ചർച്ചയായതിന് പിന്നാലെ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി കോൺഗ്രസ്. ഗാൽവാൻ സംഘർഷത്തിൽ 20 സൈനികർ കൊല്ലപ്പെട്ടതെങ്ങനെയെന്നും ചൈനീസ് സൈന്യം ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നു കയറിയില്ലെങ്കിൽ എന്തുകൊണ്ടാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്നും ചോദ്യമുണ്ട്. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലേ? പാർലമെൻ്റിൽ ഉന്നയിച്ച ചോദ്യങ്ങളുടെ ഉത്തരം എവിടെ? ചോദ്യങ്ങളുന്നയിക്കുന്നവരെ രാജ്യദ്രോഹികളായി സർക്കാർ മുദ്രകുത്തുമെന്നും കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തുന്നു.
അതിനിടെ ബിഹാർ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പാർലമെൻ്റിൻ്റെ ഇരുസഭകളിലും പ്രതിപക്ഷം നോട്ടീസ് നൽകി. അപകീർത്തി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവേയാണ് ലോക്സഭ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചത്.
ഇന്ത്യൻ ഭൂമി 2000 കിലോ മീറ്ററോളം ചൈന കയ്യേറിയെന്ന് നിങ്ങൾ എങ്ങനെ അറിഞ്ഞുവെന്ന് ജസ്റ്റിസ് ദീപങ്കർ ദത്തയും ജസ്റ്റിസ് എ.ജി. മസിഹും അടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിച്ചു, യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നുവെന്നും കോടതി തുറന്നടിച്ചിരുന്നു.
ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട പരാമർശത്തിലെടുത്ത അപകീർത്തി കേസ് റദ്ദാക്കണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം.
ഇന്ത്യയുടെ 2000 കിലോ മീറ്ററോളം ഭൂമി ചൈനക്ക് അടിയറവ് വെച്ചെന്ന ഭാരത് ജോഡോ യാത്രാ വേളയിൽ നടത്തിയ പരാമർശത്തിന്മേലായിരുന്നു അപകീർത്തി കേസെടുത്തത്. ലഡാക്കിലെ ഗൽവാൻ താഴ്വരയിലുണ്ടായ 2020 ജൂണിലെ സംഘർഷങ്ങളെയും 20 ഇന്ത്യൻ സൈനികരുടെ മരണത്തെയും കുറിച്ചായിരുന്നു പരാമർശം.
സംഘർഷത്തിന് ശേഷം 2000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ പ്രദേശം ചൈന കൈയടക്കിയെന്നായിരുന്നു പരാമർശം. ഇതിന് നരേന്ദ്ര മോദി സർക്കാരിനെയാണ് താൻ കുറ്റപ്പെടുത്തിയതെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]