
പാലക്കാട് ∙ ഒന്നാംവിള നെൽക്കൃഷിയിൽ ബാക്ടീരിയിൽ ബാധ മൂലമുള്ള ഓല കരിച്ചിൽ വ്യാപിക്കുന്നതു പാടങ്ങളിൽ ആശങ്ക പരത്തുന്നു. വിവിധ പാടശേഖരങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വിതയ്ക്കു പുറമേ നടീൽ പാടങ്ങളിലും രോഗബാധയുണ്ട്. ഇലയുടെ ഇരുവശത്തും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നതാണു പ്രകടമായ ലക്ഷണം. പിന്നീട് ഇലകൾ മുകളിൽ നിന്നു കരിയുകയും പൊടിഞ്ഞു പോകുകയും ചെയ്യും.
ഇത് ഉൽപാദനത്തെ സാരമായി ബാധിക്കും. പല പാടശേഖരങ്ങളും കതിർ വരുന്ന അവസ്ഥയിലാണ്.
ഇതിനിടെ രോഗബാധ വന്നതിനാൽ വൻതോതിൽ ഉൽപാദന നഷ്ടം സംഭവിക്കുമെന്നു കൃഷിക്കാർ പറയുന്നു.
രോഗം ബാധിച്ച ചെടികൾ നശിക്കും. തുടക്കത്തിൽത്തന്നെ കണ്ടെത്തി പ്രതിരോധ മരുന്നുകൾ പ്രയോഗിച്ചാൽ തുടർ വ്യാപനം തടയാനാകും. ഓലകരിച്ചിൽ ശ്രദ്ധയിൽപെട്ടതോടെ അതതു കൃഷിഭവൻ തലത്തിൽ പരിശോധന നടത്തി കൃഷി ഓഫിസർമാർ മരുന്നു നിർദേശിക്കുന്നുണ്ട്.
ഇതിനനുസരിച്ചു നടപടി സ്വീകരിക്കാനാണു നിർദേശം.
മഴയുടെ ഇടവേളകളിൽ ശക്തമായ വെയിൽ തെളിയുന്ന കാലാവസ്ഥയിലാണു നെൽച്ചെടിയിൽ ബാക്ടീരിയൽ ഓല കരിച്ചിൽ വ്യാപിപ്പിക്കുന്നത്. ഉമ, ജ്യോതി, കാഞ്ചന ഉൾപ്പെടെ എല്ലാ നെല്ലിനങ്ങളെയും ഓലകരിച്ചിൽ ബാധിക്കുന്നുണ്ട്.
തുടർച്ചയായി കോരിച്ചൊരിഞ്ഞ മഴയിൽ പല പാടശേഖരങ്ങളിലും കൃഷി നശിച്ചു വീണ്ടും നടീൽ വേണ്ടി വന്നിട്ടുണ്ട്. ഇതിനു പിന്നാലെയാണു രോഗബാധയും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]