
ആലങ്ങാട് ∙ അങ്കണവാടിയുടെ അകത്തു പത്തി വിടർത്തി മൂർഖൻ പാമ്പ്. അധ്യാപികയും കുരുന്നുകളും രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. കരുമാലൂർ വെളിയത്തുനാട് ആറ്റിപ്പുഴക്കാവ് ഭാഗത്തെ അങ്കണവാടിയിലാണ് ഇന്നലെ രാവിലെ പത്തരയോടെ മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. പന്ത്രണ്ട് വിദ്യാർഥികൾ പഠിക്കുന്ന അങ്കണവാടിയാണിത്.
ഇന്നലെ 8 വിദ്യാർഥികളാണ് അങ്കണവാടിയിൽ എത്തിയത്.
ഇവർക്കു കളിക്കാനായി അങ്കണവാടി അധ്യാപിക ആനി ഷെൽഫിൽ നിന്നു കളിപ്പാട്ടത്തിന്റെ പെട്ടി എടുക്കുമ്പോഴാണു പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ പാമ്പിനെ കണ്ടത്.ഭാഗ്യത്തിനാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. കരച്ചിൽ കേട്ടെത്തിയ ജീവനക്കാരി സുനിതയും ആനിയും ചേർന്നു കുട്ടികളെയും എടുത്തു പുറത്തേക്കോടി.വിവരമറിഞ്ഞു നാട്ടുകാരും പഞ്ചായത്ത് അംഗം മുഹമ്മദ് മെഹ്ജൂബും സംഭവസ്ഥലത്തെത്തി.
വനംവകുപ്പിനെ അറിയിച്ചതോടെ പാമ്പുപിടിത്ത വിദഗ്ധനായ രേഷ്ണുവിന്റെ സഹായത്തോടെ പാമ്പിനെ പിടികൂടി. അധ്യാപിക ആനിക്കു ബോധക്ഷയം ഉണ്ടായി. വിദ്യാർഥികളുമായി ഓടുന്നതിനിടെ വീണു സുനിതയ്ക്കു തലയ്ക്കു പരുക്കേറ്റു.
മതിലുണ്ടെങ്കിലും അങ്കണവാടിക്കു ചുറ്റും നെൽപ്പാടങ്ങളാണ്.കെട്ടിടത്തിന്റെ ജനൽ ഗ്ലാസ് കഴിഞ്ഞ ദിവസം ഇളകിയിരുന്നു. ഇതുവഴിയാകാം പാമ്പ് അകത്തു കയറിയതെന്നാണു നിഗമനം. അങ്കണവാടിക്കു 3 ദിവസം അവധി നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]