
ചേർത്തല∙ ദുരൂഹസാഹചര്യത്തിൽ കാണാതായ സ്ത്രീകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പള്ളിപ്പുറ ചൊങ്ങംതറ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത് കനത്ത സുരക്ഷാവലയത്തിൽ. വീട്ടിലേക്കുള്ള വഴിയുടെ തുടക്കത്തിൽ തന്നെ പൊലീസ് ഗേറ്റ് അടച്ച് കാവൽ ഏർപ്പെടുത്തി.
വീടിന്റെ നാലുവശത്തും കയർകെട്ടി തടഞ്ഞു. എന്നിട്ടും സമീപവാസികളുടെ വീട്ടുവളപ്പിലൂടെ സെബാസ്റ്റ്യന്റെ പുരയിടത്തിന്റെ അതിരുകളിലെത്തി ജനം സ്ഥാനം പിടിച്ചു.
ജൂലൈ 28നു വീട്ടുവളപ്പിൽ നിന്നു മൃതദേഹഭാഗങ്ങൾ കണ്ടെത്തിയതിനു പിന്നാലെ വീട് പൊലീസ് സീൽ ചെയ്തിരുന്നു. മൂന്നുദിവസം മുൻപ് ഇവിടെ പൊലീസ് കാവൽ ഏർപ്പെടുത്തി.
ഇന്നലെ രാവിലെ ചേർത്തല എഎസ്പി ഹരീഷ് ജയിന്റെ നേതൃത്വത്തിൽ ചേർത്തല, അർത്തുങ്കൽ, കുത്തിയതോട് പൊലീസും ആലപ്പുഴ ജില്ലാ പൊലീസ് ആസ്ഥാനത്തു നിന്നുള്ള സായുധസേനയും സ്ഥലത്തെത്തി.
ഉച്ചയ്ക്കു 12.30നാണു കോട്ടയം ക്രൈംബ്രാഞ്ച് സംഘം സെബാസ്റ്റ്യനുമായി വീട്ടിലെത്തിയത്. 28നു മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ അതേ സ്ഥലത്താണ് ഇന്നലെയും ആദ്യം പരിശോധന നടത്തിയത്.
ഇവിടെ നിന്നാണ് 8 അസ്ഥിക്കഷണങ്ങൾ കണ്ടെത്തിയത്. വീടിനു പുറത്തുള്ള കുളിമുറിയിൽ രക്തക്കറ കണ്ടെത്തി.
കുളിമുറി കഴുകി വൃത്തിയാക്കാൻ ഉപയോഗിച്ച സ്ക്രബർ കണ്ടെത്തിയിട്ടുണ്ട്.
വീട്ടിനുള്ളിലും രക്തക്കറ കണ്ടെത്തി. കുളത്തിൽ നിന്നാണു വസ്ത്രഭാഗങ്ങൾ കണ്ടെത്തിയത്.
മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ പരിശീലനം ലഭിച്ച കെഡാവർ നായ എയ്ഞ്ചലാണു കൊന്ത കണ്ടെത്തിയത്. ഡ്രോൺ ക്യാമറ ഉപയോഗിച്ചു പരിശോധന പകർത്താനുള്ള ശ്രമം തടഞ്ഞ പൊലീസ് ഡ്രോൺ പിടിച്ചെടുത്തു.
അസ്ഥികൾ വീണ്ടും കത്തിച്ചെന്നു സംശയം
ചേർത്തല∙ ജെയ്നമ്മ തിരോധാനക്കേസിലെ മുഖ്യപ്രതി സി.എം.സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്നു കണ്ടെത്തിയതു കത്തിക്കരിഞ്ഞ അസ്ഥികൾ.
മൃതദേഹം മറവുചെയ്തു മാസങ്ങൾക്കു ശേഷം അസ്ഥികൾ പുറത്തെടുത്തു വീണ്ടും കത്തിച്ചിട്ടുണ്ടാകാം എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ജൂലൈ 28ന് സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിൽ തലയോട്ടിയും തുടയെല്ലും പല്ലുകളും ഉൾപ്പെടെയുള്ള മൃതദേഹാവശിഷ്ടങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു.
ഇതിന്റെ തൊട്ടടുത്തു നിന്നാണ് ഇന്നലെ 6 അസ്ഥികൾ കൂടി കണ്ടെത്തിയത്. രണ്ടും ഒരാളുടേതാണെന്നാണു പ്രാഥമിക നിഗമനം.
ഇന്നലെ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങളുടെയും ഡിഎൻഎ പരിശോധന നടത്തും.
കാണാതായ ജെയ്നമ്മ, ഐഷ എന്നിവരുടെ ബന്ധുക്കളുടെ രക്തസാംപിളുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. മൃതദേഹാവശിഷ്ടങ്ങൾ ജെയ്നമ്മയുടേതാണ് എന്ന നിഗമനത്തിലാണ് കോട്ടയം ക്രൈം ബ്രാഞ്ച് മുന്നോട്ടുപോകുന്നത്.
എന്നാൽ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പിൽനിന്നു കണ്ടെടുത്ത അവശിഷ്ടങ്ങളിൽ ക്യാപ്പിട്ട പല്ല് കണ്ടെത്തിയതോടെയാണ് 2012 മുതൽ കാണാതായ ഐഷയെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചത്.
ജെയ്നമ്മയുടെ പല്ലിന് ക്യാപ്പിട്ടിട്ടില്ല എന്നാണു ബന്ധുക്കളുടെ മൊഴി. എന്നാൽ ഐഷയ്ക്ക് ഒരു കൃത്രിമപ്പല്ലുണ്ടായിരുന്നെന്നു ബന്ധുക്കൾ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]