
മൂവാറ്റുപുഴ∙ ഭണ്ഡാര മോഷണ സംഘം ഇന്നലെയും മൂവാറ്റുപുഴ മേഖലയിൽ ആരാധനാലയങ്ങളുടെ ഭണ്ഡാരം തകർത്ത് മോഷണം നടത്തി. ഇന്നലെ പുലർച്ചെ വാളകം പുത്തേത്ത് കാവിലെ ക്ഷേത്രത്തിലെ 2 ഭണ്ഡാരങ്ങളും മൂത്തേടത്ത് കാവിലെ ഒരു ഭണ്ഡാരവും മൂവാറ്റുപുഴയിലെ പുളിക്കക്കാവിലെ ഭണ്ഡാരവും തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്.
വാളകത്ത് മൂത്തേടത്തു കാവിനു സമീപമുള്ള പെട്രോൾ പമ്പിന്റെ ഓഫിസിൽ കടന്നു കയറിയും മോഷണ ശ്രമം നടത്തിയിട്ടുണ്ട്.
രാവിലെ ക്ഷേത്രങ്ങളിൽ എത്തിയ വിശ്വാസികളാണ് ഭണ്ഡാരം തകർത്തിരിക്കുന്നത് കണ്ടത്. പെട്രോൾ പമ്പിൽ മോഷണ ശ്രമം നടന്നെങ്കിലും പണം ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
എന്നാൽ ക്ഷേത്രം ഭണ്ഡാരങ്ങളിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ട്. നാണയങ്ങൾ എടുക്കാതെ നോട്ടുകൾ മാത്രമാണ് മോഷ്ടാക്കൾ എടുത്തിരിക്കുന്നത്.
കഴിഞ്ഞയാഴ്ച മുടവൂരിൽ റോഡരികിലുള്ള 3 ക്ഷേത്രങ്ങളുടെയും ഒരു പള്ളിയുടെയും ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും മോഷണം നടന്നിരിക്കുന്നത്.
മഴക്കാലത്ത് റോഡരികിലുള്ള ഭണ്ഡാരങ്ങൾ ലക്ഷ്യമിട്ടാണ് ഭണ്ഡാര മോഷണം സംഘം എത്തുന്നത്.
കഴിഞ്ഞ ബുധനാഴ്ച ചാക്കുന്നത്ത് ക്ഷേത്രം, അയ്യൻകുളങ്ങര ധർമ ശാസ്താ ക്ഷേത്രം, വെട്ടിക്കാക്കുഴി ക്ഷേത്രം ഭണ്ഡാരങ്ങൾ ആണു തകർത്തത്. ക്ഷേത്രം ഭാരവാഹികൾ സിസിടിവി ദൃശ്യങ്ങൾ സഹിതം പൊലീസിനു പരാതി നൽകിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
2 അംഗ സംഘമാണ് മുടവൂർ പ്രദേശങ്ങളിൽ മോഷണം നടത്തിയത്.
4 മാസം മുൻപ് വാളകം മേഖലയിൽ ക്രിസ്ത്യൻ ദേവാലയങ്ങളിൽ വിളക്കുകൾ ഉൾപ്പെടെ മോഷണം നടത്തിയിരുന്നു. ദേവാലയങ്ങളിലെ പൈപ്പുകളിലെ ടാപ്പുകളും മോഷണ സംഘം കവർന്നിരുന്നു.
രാത്രി പട്രോളിങ് ശക്തമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]