
ചീമേനി ∙ വർഷങ്ങളായി കൈവശമുള്ള ഭൂമി മിച്ചഭൂമി പട്ടികയിലേക്ക് വഴിമാറുമ്പോൾ എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയാണ് ചീമേനിയിലെ ഇരുനൂറോളം കുടുംബങ്ങൾ. കിടപ്പാടം മുതൽ കൃഷിയിടംവരെ കൈവിട്ടുപോകുമോ എന്ന ആശങ്കയിലാണ് കുടുംബങ്ങൾ.ഡിജിറ്റൽ സർവേ കഴിഞ്ഞാൽ കൈവശഭൂമി അതേപോലെ ഉപയോഗിക്കാനുള്ള അവസരം നൽകുമെന്ന വാഗ്ദാനവും വെറുതെയായി.
ചീമേനി വില്ലേജിൽ ഡിജിറ്റൽ സർവേ പൂർത്തീകരിച്ചെന്ന പ്രഖ്യാപനം വരുന്നതിനു മുൻപുതന്നെ 200 കുടുംബങ്ങളുടെ കൈവശഭൂമി മിച്ചഭൂമി പട്ടികയിലേക്ക് മാറിയെന്നാണ് പുറത്തായ വിവരം. സർവേ നമ്പർ 118, 260 എ1 എന്നിവയിൽ വരുന്ന പള്ളിപ്പാറ, ചന്ദ്രവയൽ, തുറവ്, ചാനടുക്കം, തോട്ട്പാളി, ചീമേനി ടൗൺ പരിസരം, പോത്താംകണ്ടം, പെട്ടിക്കുണ്ട് എന്നീ മേഖലകളിലെ കൈവശഭൂമി ഉള്ളവരുടെ ഭൂമിയാണ് മിച്ചഭൂമി പട്ടികയിൽ ഉൾപ്പെട്ടത്.
കാസർകോട് ജില്ല രൂപീകരിക്കുന്ന വേളയിൽ കണ്ണൂർ ജില്ലയിലും കാസർകോട് ജില്ലയിലുമായി ഭൂമി വിഭജിക്കപ്പെട്ടവരും ഇതിൽ ഉൾപ്പെടും.
തുറവ് മേഖലകളിൽ ഇത്തരത്തിൽ രണ്ട് ജില്ലകളിലുമായി കൈവശ ഭൂമി വിഭജിക്കപ്പെട്ടവരുണ്ട്. വർഷങ്ങൾക്കു മുൻപ് വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായ വേളയിൽ കൈവശഭൂമി ഉള്ളവർക്ക് പട്ടയം നൽകിയിരുന്നു.
50 സെന്റ് മുതൽ ഒരേക്കർ സ്ഥലത്തിനുവരെ ഇത്തരത്തിൽ പട്ടയം ലഭിച്ചിരുന്നു. പട്ടയം ലഭിക്കാത്ത ഭൂമി കൈവശ ഭൂമിയായി കണക്കാക്കപ്പെട്ടിരുന്നു.
ഇതുമൂലം ജനങ്ങൾക്ക് ആശങ്ക ഉണ്ടായിരുന്നില്ല.
എന്നാൽ ഇപ്പോൾ ഡിജിറ്റൽ സർവേ പൂർത്തിയായതോടെ കൈവശഭൂമികൾ മിച്ചഭൂമി പട്ടികയിലേക്ക് വഴിമാറിയിരിക്കുകയാണ്. ഇതാണ് കൈവശഭൂമി ഉള്ളവർക്ക് വിനയായത്.
അതേസമയം നേരത്തെ ജന്മിയിൽനിന്ന് ഭൂമി വാങ്ങുമ്പോൾ ജന്മി നൽകിയ പട്ടയം ഉള്ളവർക്കും നികുതി അടക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. ഇത്തരത്തിൽ ജന്മി നൽകിയ ഭൂമി മിച്ചഭൂമിയായിരുന്നെന്നാണ് കണ്ടെത്തൽ. ഭൂമി വിഷയം കയ്യൂർ–ചീമേനിയിൽ വലിയ ചർച്ചയാകുകയാണിപ്പോൾ.
വിഷയത്തിൽ ഇടപെട്ടുകൊണ്ട് സമര സമിതി അടക്കം രൂപീകരിച്ച് പ്രക്ഷോഭത്തിലേക്ക് നീങ്ങാനുള്ള നീക്കത്തിലാണ് ഇവിടത്തുകാർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]