
കോട്ടയം ∙ സർക്കാർ ആശുപത്രി കെട്ടിടങ്ങളുടെ അനാരോഗ്യം വെളിച്ചത്തു കൊണ്ടുവന്ന കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർച്ചയ്ക്ക് ഇന്ന് ഒരു മാസം. ജൂലൈ 3ന് രാവിലെ 10.45നാണു പഴയ സർജിക്കൽ ബ്ലോക്കിനോട് ചേർന്നുള്ള ശുചിമുറിക്കെട്ടിടം തകർന്നത്.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന്സ്ഥലം സന്ദർശിച്ച മന്ത്രിമാരായ വി.എൻ. വാസവനും വീണാ ജോർജും അവർക്കൊപ്പം മെഡിക്കൽ കോളജ് അധികൃതരും പറഞ്ഞെങ്കിലും ഉച്ചയോടെ തലയോലപ്പറമ്പ് സ്വദേശിനി ഡി.ബിന്ദുവിനെ കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് പരുക്കേറ്റ നിലയിൽ കണ്ടെത്തി.
ചികിത്സയിലിരിക്കെ ബിന്ദു മരിച്ചു. രക്ഷാപ്രവർത്തനം വൈകിയെന്ന് വിമർശനം ഉയർന്നു.
മെഡിക്കൽ കോളജുകളിലെ കെട്ടിടങ്ങളുടെ സ്ഥിതി, രോഗികൾ നേരിടുന്ന പ്രശ്നങ്ങൾ എന്നിവ വലിയ ചർച്ചയായി. മന്ത്രിമാരും വിമർശനം നേരിട്ടു.
ഒരു മാസത്തിനിടെ സംഭവിച്ചത്
∙ പഴയ സർജിക്കൽ ബ്ലോക്കിൽനിന്ന് രോഗികളെ മാറ്റി.
∙ പുതിയ സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം ചെയ്യാതെ തന്നെ പ്രവർത്തനം ആരംഭിച്ചു. ∙ പുതിയ സർജിക്കൽ ബ്ലോക്കിലെ ഓപ്പറേഷൻ തിയറ്ററുകളും സ്റ്റെറിലൈസേഷൻ വിഭാഗവും പ്രവർത്തനം തുടങ്ങിയിട്ടില്ല.
സെപ്റ്റംബറിൽ തുടങ്ങും.ശസ്ത്രക്രിയകൾ അത്യാഹിത വിഭാഗത്തിനു മുകളിലെ തിയറ്ററുകളിലും പഴയ ട്രോമാകെയർ വിഭാഗത്തിലെ തിയറ്ററുകളിലുമാണ് ഇപ്പോൾ നടക്കുന്നത്. ∙ അണുശുചീകരണത്തിന് ഹൃദയ ശസ്ത്രക്രിയാ വിഭാഗം, കുട്ടികളുടെ ആശുപത്രി, ജനറൽ ആശുപത്രി, കാരിത്താസ് ആശുപത്രി എന്നിവിടങ്ങളിലെ സ്റ്റെറിലൈസേഷൻ യൂണിറ്റുകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.
∙ പഴയ സർജിക്കൽ ബ്ലോക്ക് ഇനി എന്തു ചെയ്യണമെന്നതിൽ തീരുമാനമായില്ല.
ഈ ബ്ലോക്ക് നന്നാക്കി വീണ്ടും ഉപയോഗിക്കാമെന്നാണ് കലക്ടറുടെ നിർദേശം. പഴയ ഓപ്പറേഷൻ തിയറ്റർ സമുച്ചയം, 12, 15 വാർഡുകൾ എന്നിവയുടെ ഭാഗങ്ങൾ പൊളിക്കണമെന്ന് സ്ഥലം സന്ദർശിച്ച മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറും നിർദേശം നൽകി.
∙ സംഭവത്തെപ്പറ്റി കലക്ടറുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് സർക്കാരിനു കൈമാറിയത്. രക്ഷാപ്രവർത്തനത്തിൽ വീഴ്ച ഉണ്ടായില്ലെന്നും മണ്ണുമാന്തിയന്ത്രം സ്ഥലത്ത് എത്തിച്ചെങ്കിലും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാൻ വൈകിയെന്നുമാണ് കലക്ടറുടെ കണ്ടെത്തൽ.
∙ ആശുപത്രി വികസന സമിതി യോഗം 2 വർഷമായി ചേരുന്നില്ല. കെട്ടിടം ഇടിഞ്ഞതിനു പിന്നാലെ യോഗം ചേരുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും നടന്നിട്ടില്ല.
ഇന്നലെ
പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം ചീഫ് എൻജിനീയറും ഡിസൈൻ വിഭാഗം ചീഫ് എൻജിനീയറും ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിലെ എല്ലാ കെട്ടിടങ്ങളും പരിശോധിച്ചു.
കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് പൊതുമരാമത്ത് കെട്ടിടവിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ (ഗാന്ധിനഗർ) സമർപ്പിച്ച 1.4 കോടി രൂപയുടെ വാല്യുവേഷൻ, മറ്റു കെട്ടിടങ്ങളുടെ സാഹചര്യം എന്നിവ പരിശോധിക്കാനായിരുന്നു സന്ദർശനം.
സഹായ വാഗ്ദാനങ്ങൾ
അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ അനുവദിച്ചതായി കുടുംബവും വില്ലേജ് ഓഫിസറും അറിയിച്ചു.
മരണ സർട്ടിഫിക്കറ്റും എഫ്ഐആറിന്റെ കോപ്പിയും ലഭിച്ചാലുടൻ തുക നൽകുമെന്ന് അധികൃതർ പറഞ്ഞു. ബിന്ദുവിന്റെ മകന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി നൽകുമെന്ന് മന്ത്രി വി.എൻ.വാസവൻ അറിയിച്ചിരുന്നു.
എന്നാൽ തുടർഅറിയിപ്പുകളൊന്നും കുടുംബത്തിന് ലഭിച്ചിട്ടില്ല.
നാഷനൽ സർവീസ് സ്കീം ഫണ്ട് ഉപയോഗിച്ച് വീടുപണി ചിങ്ങമാസത്തിൽ ആരംഭിക്കും. പരുക്കേറ്റ വയനാട് സ്വദേശിനി അലീന (11) 25 ദിവസത്തെ ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടു.
സൗജന്യ ചികിത്സയും വീട്ടിലെത്താനുള്ള വാഹന സൗകര്യവും ആശുപത്രി വികസന സമിതിയുടെ 20,000 രൂപയുടെ ചെക്കുമാണ് ലഭിച്ചത്. ജോലിയും സാമ്പത്തിക സഹായവും നൽകുമെന്ന് മന്ത്രി വീണാ ജോർജിന്റെ ഓഫിസിൽനിന്ന് അറിയിച്ചിരുന്നുവെന്ന് അലീനയുടെ പിതാവ് വിൻസന്റ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]