
ബത്തേരി∙ ഇടതു കയ്യിലെ ചെറുവിരലിൽ വർഷങ്ങൾക്ക് മുൻപ് ധരിച്ച മോതിരം ഊരിയെടുക്കാനാവാതെ കുടുങ്ങിയ തമിഴ് യുവാവിന് രക്ഷകരായത് ബത്തേരി അഗ്നിരക്ഷാ സേന. തമിഴ്നാട്ടിലെ മസിനഗുഡി സ്വദേശിയായ ഗോപാലിനാണ് മോതിരം ഊരാൻ 70 കിലോമീറ്ററിപ്പുറം ബത്തേരിയിൽ വരേണ്ടി വന്നത്. ശരീരം തടിവച്ചതിനൊപ്പം വിരലും അൽപം തടിച്ചതോടെയാണ് മോതിരം കുടുങ്ങിയത്. ഊരിയെടുക്കാൻ ഏറെക്കാലമായി ശ്രമിച്ചെങ്കിലും നടന്നില്ല.
ഒടുവിൽ വിരലിന് നീരു ബാധിക്കുകയും വേദനയേറുകയും ചെയ്തു. തുടർന്ന് തമിഴ്നാട്ടിലെ വിവിധ ആശുപത്രികളിലും ഗൂഡല്ലൂരിലെ അഗ്നിരക്ഷാ സേനയുടെ പക്കലും എത്തി.
എന്നാൽ മോതിരം ഊരിയെടുക്കാൻ കഴിഞ്ഞില്ല.വേദന കൂടിയതോടെ ആംബുലൻസ് വിളിച്ച് തമിഴ്നാട് അതിർത്തി കടന്ന് ബത്തേരിയിലേക്ക് പോന്നു. ഗൂഡല്ലൂർ അഗ്നിരക്ഷാ സേനയാണ് ബത്തേരിയിലേക്ക് പറഞ്ഞു വിട്ടതെന്ന് ഗോപാലിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞു.
ഇന്നലെ വൈകിട്ട് 5ന് ബത്തേരിയിലെത്തിയ ഉടനെ റിങ് കട്ടർ ഉപയോഗിച്ച് മോതിരം മുറിച്ചു മാറ്റി. വിരൽ സ്വതന്ത്രമായതോടെ ഗോപാലിന് വേദനയും കുറഞ്ഞു. കേരള അഗ്നിരക്ഷാ സേനയ്ക്ക് നന്ദി പറഞ്ഞാണ് സംഘം മടങ്ങിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]