
കൊട്ടാരക്കര∙ അഞ്ചൽ ബൈപാസിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്തിന്റെ അധിക നഷ്ടപരിഹാര തുക സംസ്ഥാന സർക്കാർ നൽകിയില്ല. വസ്തു ഉടമ നൽകിയ ഹർജിയിൽ കൊട്ടാരക്കര തഹസിൽദാരുടെ ജീപ്പും മോട്ടർ വാഹന വകുപ്പിന്റെ കാറും കൊട്ടാരക്കര സബ് കോടതി ജപ്തി ചെയ്തു.
അഞ്ചൽ പനയഞ്ചേരി ഗീതഭവനിൽ ഗിരീഷ് നൽകിയ ഹർജിയിലാണ് നടപടി. അഞ്ചൽ ബൈപാസിന് വേണ്ടി 2012ൽ സർക്കാർ ഏറ്റെടുത്ത വസ്തുക്കളുടെ ഉടമകൾ കൂടുതൽ നഷ്ടപരിഹാര തുകയ്ക്ക് വേണ്ടി കൊട്ടാരക്കര സബ് കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു.
ആദ്യം സർക്കാർ അനുവദിച്ച തുക കുറവായിരുന്നു. ഇത് കൈപ്പറ്റിയ ശേഷമാണ് കൂടുതൽ നഷ്ടപരിഹാരത്തിന് ഹർജി നൽകിയത്.
സബ് കോടതി ഒരു ആറിന് 221782 രൂപയാണ് കൂടുതൽ നഷ്ടപരിഹാരമായി വിധിച്ചത്.
വിധി തുക കൂടുതലാണെന്ന വാദവുമായി സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യുകയും കേസ് സ്റ്റേ ചെയ്യുകയും ചെയ്തു. എന്നാൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് എല്ലാ അപ്പീൽ കേസുകളും സബ് കോടതി വിധിയും അംഗീകരിക്കുകയും ഒരു ആറിന് 320000 രൂപയായി വർധിപ്പിച്ച് എല്ലാ കേസുകളും ഡിസ്മിസ് ചെയ്യുകയും ചെയ്തു.
ഹൈക്കോടതി നിർദേശം നടപ്പാക്കാത്തതിനാൽ പരാതിക്കാരൻ സബ് കോടതിയെ വീണ്ടും സമീപിച്ചു.
എന്നിട്ടും പണം അനുവദിക്കാൻ സർക്കാർ തയാറാകാത്തതിനാൽ അറ്റാച്ച്മെന്റ് പെറ്റീഷൻ ഫയൽ ചെയ്യുകയായിരുന്നു. ലാൻഡ് അക്വിസിഷൻ ഒന്ന് – സിവിൽ സ്റ്റേഷൻ കൊല്ലം സ്പെഷൽ തഹസിൽദാർ തുക കോടതിയിൽ കെട്ടി വയ്ക്കാൻ തയാറാകാത്ത സാഹചര്യത്തിലാണ് ജപ്തി നടപടി. വസ്തു ഉടമസ്ഥനായ ഗിരീഷിന് വേണ്ടി അഭിഭാഷകരായ കുന്നത്തൂർ സി.ഗോപാലകൃഷ്ണപിള്ളയും സി.ബി.
ഗോപകുമാറും നൽകിയ ഹർജിയിലാണ് സബ് കോടതി നടപടി. ജപ്തി ചെയ്ത രണ്ട് വാഹനങ്ങളും കൊട്ടാരക്കര കോടതി വളപ്പിൽ സൂക്ഷിച്ചിരിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]