
അങ്കമാലി ∙ മെട്രോ അങ്കമാലിയിലേക്കു വരുന്നത് കാത്ത് ജനം. മെട്രോ അങ്കമാലിക്കു നീട്ടുന്നതുമായി ബന്ധപ്പെട്ട
ടെൻഡർ നടപടികൾ എങ്ങുമെത്തിയിട്ടില്ല. വിശദപദ്ധതിരേഖ തയാറാക്കുന്നതിനാണ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. ഭൂപടം, സ്ഥലം ലഭ്യത, റൂട്ടിന്റെ സാങ്കേതിക ആകൃതികൾ, പ്രധാന സ്റ്റേഷനുകൾ, മൊത്തം ചെലവ്, അലൈൻമെന്റ് മാപ് തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ പഠനം നടത്തി വേണം വിശദപദ്ധതിരേഖ തയാറാക്കേണ്ടത്.
തുടർന്നു സംസ്ഥാന സർക്കാരിനു നൽകുന്ന വിശദപദ്ധതിരേഖ കേന്ദ്ര നഗര മന്ത്രാലയത്തിന്റെ അനുമതി നേടുകയും വേണം. വിശദപദ്ധതി രേഖ തയാറായി വരുന്നതിനു തന്നെ ഏറെസമയം വേണ്ടിവരുമെന്നാണ് കെഎംആർഎല്ലുമായി ബന്ധപ്പെട്ട
ഉദ്യോഗസ്ഥർ പറയുന്നത്. കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്കു കൂടി പ്രയോജനം ലഭിക്കുന്നതിനാണ് കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടമെന്ന നിലയിൽ അങ്കമാലിയിലേക്കു നീട്ടുന്നത്.18 കിലോമീറ്റർ നീളമുള്ള പാതയാണ് ലക്ഷ്യമിടുന്നത്.കൊച്ചി വിമാനത്താവളത്തിലേക്കുള്ള 3 കിലോമീറ്ററിലേറെ ദൂരം ഭൂഗർഭ പാതയാണ് വിഭാവനം ചെയ്യുന്നത്.
കൊച്ചി വിമാനത്താവളം, അങ്കമാലി എന്നിവിടങ്ങളിലേക്ക് മെട്രോ നീട്ടുകയാണെങ്കിൽ ജില്ലയുടെ വടക്കൻ മേഖലയിൽ വൻ വികസനക്കുതിപ്പുണ്ടാകും.
അങ്കമാലി മേഖലയിൽ നിന്നു പ്രതിദിനം ആയിരക്കണക്കിനു യാത്രക്കാരാണ് ആലുവ, എറണാകുളം ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജോലിക്ക് പോകുന്നത്. ഈ യാത്രക്കാരിൽ ഭൂരിഭാഗവും കെഎസ്ആർടിസി, ട്രെയിൻ എന്നിവയെയാണ് ആശ്രയിക്കുന്നത്.
കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേക്ക് ഒട്ടേറെ നിവേദനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല.
അങ്കമാലി– ആലുവ ദേശസാൽകൃത റൂട്ടായതിനാൽ കെഎസ്ആർടിസി ബസുകളെ ആശ്രയിച്ചാണ് അങ്കമാലിയിൽ നിന്നുള്ള യാത്രക്കാർ ആലുവയിലേക്കു പോകുന്നത്. പല സമയങ്ങളിലും കെഎസ്ആർടിസി ബസുകൾ കിട്ടാറില്ല.
ദേശസാൽകൃത റൂട്ടായതിനാൽ കരിയാട്, ദേശം എന്നിവിടങ്ങളിൽ സ്പർശിക്കാതെ സ്വകാര്യബസുകൾ ആലുവയ്ക്കു പോകണമെന്നാണ് ചട്ടം. കൊച്ചി വിമാനത്താവളത്തിൽ നിന്നു കെഎംആർഎല്ലിന്റെ 2 ബസുകളാണ് ആലുവ മെട്രോസ്റ്റേഷനിലേക്കു ഇപ്പോൾ സർവീസ് നടത്തുന്നത്. അങ്കമാലി, കൊച്ചി വിമാനത്താവളം എന്നിവിടങ്ങളിലേക്ക് മെട്രോ നീട്ടുകയാണെങ്കിൽ ഇത്തരം യാത്രാദുരിതങ്ങൾക്ക് പരിഹാരമാകും.
വിശാലകൊച്ചിയുടെ പരിധിയിലുള്ള കറുകുറ്റി വരെ മെട്രോ നീട്ടണമെന്നാണ് അങ്കമാലിക്കാരുടെ ആവശ്യം.
മെട്രോ റെയിൽ കൊച്ചി വിമാനത്താവളത്തിലേക്കും അങ്കമാലിയിലേക്കും നീട്ടുന്നതു സംബന്ധിച്ച് സംസ്ഥാന സർക്കാർ ഇതുവരെ കേന്ദ്രസർക്കാരിന് പദ്ധതിയും സമർപ്പിച്ചിട്ടില്ല. സംസ്ഥാന സർക്കാരുകൾ മുന്നോട്ടുവയ്ക്കുന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മെട്രോ റെയിലിനുള്ള സാമ്പത്തിക സഹായത്തിനു കേന്ദ്രസർക്കാർ പരിഗണിക്കുക.
വിമാനത്താവളത്തിലേക്ക് നീട്ടണം: ബെന്നി ബഹനാൻ
അങ്കമാലി ∙ കൊച്ചി മെട്രോ കൊച്ചി വിമാനത്താവളത്തിലേക്കു നീട്ടണമെന്നു ബെന്നി ബഹനാൻ എംപി ആവശ്യപ്പെട്ടു.മെട്രോയുടെ സേവനം കൊച്ചി വിമാനത്താവളത്തിലേക്കും അങ്കമാലിയിലേക്കും വിപുലീകരിക്കണമെന്ന് ലോക്സഭയുടെ ശൂന്യവേളയിലാണ് എംപി ആവശ്യപ്പെട്ടത്. കേന്ദ്രസർക്കാരും നഗരവികസന മന്ത്രാലയവും പദ്ധതിയുടെ സാധ്യതാ പഠനം ഉടൻ ആരംഭിക്കുകയും പദ്ധതിക്കു തുടക്കം കുറിക്കുകയും വേണം. ആലുവ മുതൽ അങ്കമാലിയിലൂടെ വിമാനത്താവളത്തിലെത്തുന്ന മെട്രോ പാത കൊച്ചി നഗരത്തിന്റെ ഗതാഗത ഭാരം കുറയ്ക്കും. രാജ്യാന്തര നിലവാരമുള്ള യാത്രാ സൗകര്യമാണ് ഇതിലൂടെ സാധ്യമാകുക.
വിമാനം,റെയിൽ, മെട്രോ, ഹൈവേ എന്നിവയുടെ സംയുക്ത കണക്ടിവിറ്റി കേരളത്തിലെ ഗതാഗതരംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്നും എംപി സൂചിപ്പിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]