
കൊച്ചി ∙ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ രാവിലെ വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ പതിവുപോലെ എസി കംപാർട്മെന്റിൽ കയറാനൊരുങ്ങിയതാണ് ഉഷ സുരേഷ്ബാബു (59). തിരക്കുകണ്ടപ്പോൾ കയറിയത് ഡി1ൽ; ദൈവത്തിന്റെ ഇടപെടലായിരുന്നു ആ വഴി തിരിച്ചുവിടൽ.
ഒരു മിനിറ്റ് മാത്രം സ്റ്റോപ്പുള്ള വഞ്ചിനാട്, സ്റ്റേഷനിൽ നിന്നെടുക്കുമ്പോൾ ഊർന്നു വീഴുന്നൊരു ജീവൻ കയ്യെത്തിപ്പിടിക്കാനുള്ള നിയോഗം.
‘‘എസി കംപാർട്മെന്റിനു മുന്നിലെ തിരക്കു കണ്ടാണു ഡി1ൽ കയറിയത്. അതുവഴി എസിയിലേക്കു നടക്കുമ്പോൾ ഒരാളുടെ കരച്ചിൽ കേട്ടു.
കൈ കണ്ടതോടെ ഉടൻ ചാടിപ്പിടിച്ചു. ഞാൻ ഉറക്കെ അലറിവിളിച്ചു.
അതുകേട്ടു മറ്റു ചിലരും ഓടിയെത്തി. ഒരു പയ്യനാണ് അയാളെ വലിച്ചുകയറ്റിയത്.
മഹാരാജാസ് കോളജിലെ രണ്ട് അധ്യാപകർ ചങ്ങല വലിച്ചു ട്രെയിൻ നിർത്തിയതു കൊണ്ടാണ് അയാളെ രക്ഷപ്പെടുത്താനായത്’’, എസ്എൻ ജംക്ഷൻ മെട്രോ സ്റ്റേഷനു സമീപത്തെ തറയപറമ്പിൽ ലെയ്നിലെ ‘തേജസ്സ്’ വീട്ടിലിരുന്ന് ഉഷ ബാബു ഇതു പറയുമ്പോൾ മുഖത്തു നിറപുഞ്ചിരി.
ഉഷ വിഎൽസിസിയിൽ ന്യൂട്രീഷൻ ഫാക്കൽറ്റിയാണ്. ആഴ്ചയിലൊരിക്കൽ തിരുവനന്തപുരം ചിറയൻകീഴിലെ ക്ലിനിക്കിലും സേവനം ചെയ്യുന്നുണ്ട്.
വഞ്ചിനാട് എക്സ്പ്രസ് സ്റ്റേഷനിൽ നിന്നെടുക്കുമ്പോൾ എസി കംപാർട്മെന്റിലേക്കു ചാടിക്കയറാൻ ശ്രമിച്ചയാളാണ് അപകടത്തിൽപെട്ടത്. ഇയാളെ ടിടിഇയുടെ നേതൃത്വത്തിൽ സ്റ്റേഷനിൽ ഇറക്കിയതിനു ശേഷമാണു ട്രെയിൻ യാത്ര തുടർന്നത്.
‘‘ വലിയ കാര്യം ചെയ്തതായുള്ള തോന്നലുണ്ടായില്ല.
ടിടിഇ വന്നു നന്ദി പറഞ്ഞു. ധൈര്യമുള്ളയാളാണല്ലോയെന്നു സഹയാത്രികരും അഭിനന്ദിച്ചു.
യാത്രയ്ക്കിടെ ഭർത്താവിന് ഇക്കാര്യം പറഞ്ഞു മെസേജ് അയച്ചു. ‘‘ഗ്രേറ്റ്, കൺഗ്രാറ്റ്സ് !
എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ക്ലിനിക്കിൽ എത്തിയശേഷം തിരക്കായതിനാൽ മറ്റാരെയും വിളിച്ചില്ല.
ഇനി വേണം ഹൈദരാബാദിലുള്ള മകനെ വിളിച്ചു വിശേഷം പറയാൻ’’, ഉഷ സുരേഷ്ബാബു പറഞ്ഞു.
ടി. സുരേഷ്ബാബുവാണ് ഉഷയുടെ ഭർത്താവ്.
ഏക മകൻ വിഷ്ണുവും കുടുംബവും ഹൈദരാബാദിലാണ്. തിരുവനന്തപുരത്തേക്ക് ഔദ്യോഗികാവശ്യത്തിനായി പോയ മഹാരാജാസ് കോളജിലെ അധ്യാപകരായ സുമി ജോയി ഓലിയപ്പുറവും സന്തോഷ് ടി.
വർഗീസുമാണ് ട്രെയിൻ നിർത്തിയതും ഉഷയെ സഹായിക്കാൻ ഓടിയെത്തിയതും. ഒരു ജീവൻ രക്ഷിക്കാനായതിന്റെ ചാരിതാർഥ്യത്തിലാണ് ഇരുവരും.
പരുക്കുകളോടെ രക്ഷപ്പെട്ട മുഹമ്മദ് അബ്ദുലിനെ (71) ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും തുടർന്നു കളമശേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]