
പുത്തൂർ ∙ കുളക്കട പഞ്ചായത്തിലെ പൊങ്ങൻ പാറ വാർഡിലെ ആദ്യ പഞ്ചായത്ത് അംഗമായിരുന്നു പെരുങ്കുളം വലിയ വിള ഉഷസ് വില്ലയിൽ ഡി.രവീന്ദ്രൻ(63).
സിപിഎം മുൻ ലോക്കൽ കമ്മിറ്റിയംഗവുമായിരുന്നു. പഞ്ചായത്തംഗമെന്ന നിലയിലും പാർട്ടി പ്രവർത്തകൻ എന്ന നിലയിലും നാടിന്റെ പൊതുവിഷയങ്ങളിൽ സജീവമായി നിന്ന രവീന്ദ്രൻ ഇന്നു നിവർന്നു നിൽക്കാൻ പോലും കഴിയാതെ രോഗക്കിടക്കയിലാണ് .
12 വർഷം മുൻപ് രക്തസമ്മർദം കൂടി വീണുപോയതാണ് രവീന്ദ്രന്റെ വിധി മാറ്റിയെഴുതിയത്. എന്നിരുന്നാലും അത്യാവശ്യം ഇറങ്ങിനടക്കുമായിരുന്നു.
ഒരു മാസം മുൻപ് വീണതോടെ കിടപ്പിലായി.
വൈദ്യുതിയും വെള്ളവും ശുചിമുറി പോലും ഇല്ലാത്ത കൂരയിൽ നിലത്ത് വിരിച്ച ഷീറ്റിലാണ് രവീന്ദ്രൻ കിടക്കുന്നത്. എഴുന്നേൽക്കാൻ കഴിയില്ല.
കട്ടിലിൽ കിടത്തിയാൽ കണ്ണു തെറ്റിയാൽ താഴെ വീഴും. അതിനാലാണ് നിലത്തു കിടത്തിയിരിക്കുന്നത്.
കാണാനെത്തുന്നവരെ തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയാണ്. പണി പൂർത്തിയാകാത്ത ഈ ‘വീട്’ പോലും രവീന്ദ്രന്റെ സ്വന്തമല്ല. ബന്ധുവിന്റെ സൻമനസ്സിലാണ് ഇവിടെ കഴിയുന്നത്.
കൂട്ടിനുള്ളത് മൂത്ത സഹോദരി വിജയമ്മയാണ്. കരവാളൂരിൽ നിന്നു വന്നു നിന്നാണ് വിജയമ്മ രവീന്ദ്രന്റെ കാര്യങ്ങൾ നോക്കുന്നത്.
വീടിന്റെ വളരെ താഴെ നിന്ന് തലച്ചുമടായാണു വിജയമ്മ വീട്ടിലേക്കുള്ള വെള്ളം എത്തിക്കുന്നത്. വിജയമ്മയ്ക്കും ശാരീരിക അവശതകൾ ഉണ്ട്.
വാർഡിലെ കുടിവെള്ള പദ്ധതിയുടെ നിർമാണച്ചുമതല ഏറ്റെടുത്തതാണ് രവീന്ദ്രന്റെ ജീവിതം മാറ്റിമറിച്ചത് എന്ന് അടുപ്പക്കാർ പറയുന്നു.
പലിശയ്ക്കു പണമെടുത്തും പലരിൽ നിന്ന് കടം വാങ്ങിയുമാണു നിർമാണം പൂർത്തിയാക്കിയത്. പക്ഷേ വൈദ്യുതി ലഭിക്കാതായതോടെ പദ്ധതി പ്രാവർത്തികമായില്ല.
ഇതാണു സാമ്പത്തിക ബാധ്യതയിലേക്കു രവീന്ദ്രനെ തള്ളിയിട്ടത്. മറ്റ് കടബാധ്യതകളും പെരുകിയതോടെ സ്വന്തമെന്നു പറയാവുന്നതെല്ലാം നഷ്ടപ്പെച്ചു. അടച്ചുറപ്പുള്ള വീടും രവീന്ദ്രനു മെച്ചപ്പെട്ട
ചികിത്സയും ലഭിക്കണം എന്നാണ് വിജയമ്മയുടെ പ്രാർഥന. അതു സഫലമാകണം എന്നാണ് നാടിന്റെയും അഭ്യർഥന.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]