
കൊച്ചി ∙ എളംകുളത്തെ സുഭാഷ് ചന്ദ്രബോസ് റോഡിൽ ചിലവന്നൂർ തോടിനു കുറുകെയുള്ള ചെട്ടിച്ചിറ പാലത്തിന്റെ പുനർനിർമാണം വൈകാതെ ആരംഭിക്കും. കനാൽ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി കെഎംആർഎലാണു പാലം പുനർനിർമിക്കുന്നത്. അതേസമയം പുനർനിർമാണം നടക്കുന്ന ബണ്ട് പാലം തുറക്കുന്നതിനു മുൻപു മറ്റൊരു പാലം കൂടി നവീകരണത്തിനായി അടയ്ക്കുന്നത് സഹോദരൻ അയ്യപ്പൻ റോഡിലെ (എസ്എ റോഡ്) വാഹനത്തിരക്ക് അനിയന്ത്രിതമാക്കിയേക്കും.
ചിലവന്നൂർ തോടിനു കുറുകെയുള്ള ചെട്ടിച്ചിറ പാലം പൊളിച്ചു നീക്കി പുതിയതു നിർമിക്കാൻ 4.51 കോടി രൂപയുടെ പദ്ധതിയാണു നടപ്പാക്കുന്നത്.
പുനർനിർമാണത്തിനുള്ള കരാർ നൽകിയിട്ടുണ്ട്. പാലം പുനർനിർമിക്കുന്നതോടെ തോടിലൂടെയുള്ള നീരൊഴുക്ക് സുഗമമാകുമെന്നാണു കരുതുന്നത്.
എസ്എ റോഡിനു സമാന്തരമായി കടവന്ത്രയെയും വൈറ്റിലയെയും ബന്ധിപ്പിക്കുന്ന റോഡാണു സുഭാഷ് ചന്ദ്രബോസ് റോഡ്. കലൂർ– കടവന്ത്ര റോഡിൽ കടവന്ത്രയിൽ നിന്നു തുടങ്ങി പൊന്നുരുന്നിയിൽ ചെന്നു ചേരുന്ന റോഡാണിത്.
പാലം പുനർനിർമാണത്തിനായി ബണ്ട് റോഡ് അടച്ചതോടെ എസ്എ റോഡിലെ തിരക്ക് വളരെയധികം കൂടി.
ഈ ഗതാഗതക്കുരുക്കിൽ നിന്നു രക്ഷപ്പെട്ട് ബൈപാസിലെത്താനായി ഇപ്പോൾ ഒട്ടേറെ വാഹന യാത്രക്കാർ ഉപയോഗിക്കുന്നത് സുഭാഷ് ചന്ദ്രബോസ് റോഡാണ്. പാലം പുനർനിർമാണം ആരംഭിക്കുന്നതോടെ ഈ റോഡും അടയ്ക്കും.
ഇതോടെ എസ്എ റോഡിലെ തിരക്കു കൂടും. നിലവിൽ രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളിൽ എസ്എ റോഡിൽ വാഹനത്തിരക്ക് വളരെ കൂടുതലാണ്.
സുഭാഷ് ചന്ദ്രബോസ് റോഡ് കൂടി അടയ്ക്കുന്നതോടെ എസ്എ റോഡിലെ തിരക്ക് ചിന്തിക്കാവുന്നതിനുമപ്പുറമാകും.
പാലം പുനർനിർമാണത്തിനായി സുഭാഷ് ചന്ദ്രബോസ് റോഡ് അടയ്ക്കുമ്പോൾ, ചിലവന്നൂർ തോട്ടിൽ ബണ്ട് കെട്ടി ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തരാവശ്യങ്ങൾക്കു പോകാനുള്ള വഴിയൊരുക്കാമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. എന്നാൽ ബദൽ ഗതാഗത മാർഗം ലഭ്യമാകാതെ റോഡ് അടയ്ക്കുന്നതു ഗതാഗതക്കുരുക്ക് രൂക്ഷമാക്കുമെന്നു കൗൺസിലർ ആന്റണി പൈനുതറ പറഞ്ഞു.
ബണ്ട് റോഡ് പാലം നിർമാണം പൂർത്തിയാക്കി തുറന്നു കൊടുത്തതിനു ശേഷം ചെട്ടിച്ചിറ പാലം പുനർ നിർമാണം നടത്തുന്നതാണു നല്ലതെന്ന് അദ്ദേഹം പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]