ആലപ്പുഴ∙ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് അനുബന്ധ തൊഴിലാളികൾക്കു മരണാനന്തര സഹായധനം ഉൾപ്പെടെ 6 ആനുകൂല്യങ്ങൾ അനുവദിച്ചു. എന്നാൽ ആനുകൂല്യങ്ങൾ നൽകാനായി സർക്കാർ പ്രത്യേകം തുക അനുവദിച്ചിട്ടില്ല.
തുക ക്ഷേമനിധി ബോർഡിൽ നിന്നു തന്നെ ലഭ്യമാക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ആനുകൂല്യങ്ങൾ നൽകാനായി വർഷം ഏകദേശം 92.25 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
തൊഴിൽ ചെയ്യുന്നതിനിടെ അപകടം കൊണ്ടല്ലാതെ ഉണ്ടാകുന്ന ആകസ്മിക മരണം (ഒരു ലക്ഷം രൂപ), പെൺമക്കളുടെ വിവാഹ സഹായം (25,000), കായിക വിനോദ മത്സരങ്ങളിൽ വിജയം നേടിയവർക്കുള്ള പ്രോത്സാഹന പദ്ധതി (10,000), ചെയർമാൻസ് റിലീഫ് ഫണ്ട് (5000), ആശ്രിതരുടെ മരണത്തോടനുബന്ധിച്ചുള്ള ധനസഹായം (2,000), അപകടം മൂലമുള്ള താൽക്കാലിക അവശത (500) എന്നിവയാണ് സഹായധന പദ്ധതികൾ.
ക്ഷേമനിധി ബോർഡ് വഴി മത്സ്യത്തൊഴിലാളികൾക്കായി നടപ്പാക്കുന്ന 6 ക്ഷേമ പദ്ധതികൾ അനുബന്ധ തൊഴിലാളികൾക്കു കൂടി നടപ്പാക്കണമെന്നു ക്ഷേമനിധി ബോർഡ് കമ്മിഷണറും ഫിഷറീസ് ഡയറക്ടറും കത്തുനൽകിയിരുന്നു.
തുടർന്നാണ് ആനുകൂല്യങ്ങൾ അനുവദിച്ച് ഉത്തരവിറങ്ങിയത്. അതേസമയം മത്സ്യത്തൊഴിലാളി സംഘടനകളുമായി ആലോചിക്കാതെയുള്ള രാഷ്ട്രീയ തീരുമാനമാണ് ഇതെന്നും ക്ഷേമനിധി ബോർഡിന് അധികഭാരമാകുമെന്നും മത്സ്യത്തൊഴിലാളി സംഘടനകൾ ആരോപിച്ചു.
അനുബന്ധ തൊഴിലാളികൾക്കു ക്ഷേമനിധി ബോർഡിൽ നിന്നല്ലാതെ സർക്കാർ തന്നെ ധനസഹായം നൽകണം, മത്സ്യത്തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ മത്സ്യത്തൊഴിലാളി സംഘടനകൾ ഉന്നയിക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]