പിരായിരി ∙ പിരായിരി പഞ്ചായത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഓഡിറ്റോറിയത്തിന്റെ നിർമാണം ഉടൻ ആരംഭിക്കും. 5 കോടി രൂപ ചെലവഴിച്ചാണ് ഓഡിറ്റോറിയം നിർമിക്കുക.
ഇതു സംബന്ധിച്ചുള്ള സർക്കാർ ഉത്തരവ് ലഭിച്ചുവെന്നു രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു. പഞ്ചായത്ത് മണ്ഡപത്തിന്റെ ശോച്യാവസ്ഥയെ തുടർന്നു പ്രവർത്തനരഹിതമായി കിടക്കുന്നത് സംബന്ധിച്ച് മനോരമ പലതവണ വാർത്ത നൽകിയിരുന്നു.
കളിസ്ഥലം നിർമിക്കുന്നതിനായി ബജറ്റിൽ അഞ്ച് കോടി രൂപ മുൻപ് സർക്കാർ അനുവദിച്ചിരുന്നു.
എന്നാൽ മൂന്നുവർഷം കഴിഞ്ഞിട്ടും ആവശ്യമായ സ്ഥലം സർക്കാരിൽ നിന്നു ലഭിച്ചിരുന്നില്ല. പഞ്ചായത്ത് പരിധിയിൽ നിബന്ധനകൾ പാലിച്ച് സ്വകാര്യ ഭൂമി കണ്ടെത്തുന്നതിന് കാലതാമസവും നേരിട്ടു.
അതിനാൽ കളിസ്ഥലത്തിനായി അനുവദിച്ച ഫണ്ട് മറ്റൊരു പദ്ധതിയിലേക്ക് വിനിയോഗിക്കുന്നതിനായി അനുമതി സർക്കാരിനോട് എംഎൽഎ ആവശ്യപ്പെട്ടു. കളി സ്ഥലത്തിനായി അനുവദിച്ച അഞ്ചു കോടി രൂപ ഓഡിറ്റോറിയം പുനർനിർമിക്കുന്നതിനായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ധനകാര്യവകുപ്പ് മന്ത്രിക്ക് കത്തും നൽകിയിരുന്നു.
നിലവിൽ ഉപയോഗ്യശൂന്യമായി നിൽക്കുന്ന പഞ്ചായത്ത് കല്യാണമണ്ഡപം പൊളിച്ച് അതേസ്ഥലത്ത് പുതിയ ഓഡിറ്റോറിയം നിർമിക്കുന്നതിന് ബജറ്റിൽ അഞ്ചു കോടി രൂപ വകയിരുത്തി പുതിയ ഉത്തരവും സർക്കാരിൽ നിന്നു ലഭിച്ചു. കല്യാണമണ്ഡപം പൊളിച്ചു മാറ്റുന്നതിനുള്ള ടെൻഡർ നടപടികൾ പഞ്ചായത്ത് ആരംഭിച്ചു.
പഞ്ചായത്ത് പരിധിയിൽ കണ്ടെത്തിയ വനംവകുപ്പിന്റെ ഭൂമി ലഭ്യമാകുന്നതിന് വേണ്ടിയുള്ള നടപടികൾ തുടരുമെന്നും ഭൂമി ലഭ്യമാകുന്ന മുറയ്ക്ക് കളിസ്ഥലം നിർമിക്കാൻ സർക്കാരിൽ നിന്നു ഫണ്ട് വകയിരുത്തുന്നതിനായി സമ്മർദം ചെലുത്തുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]