
മൂവാറ്റുപുഴ∙ കുഴിയടയ്ക്കൽ പ്രഹസനമായതോടെ പൊടിപടലത്തിൽ മുങ്ങി നഗരം. ജനങ്ങളുടെ ദുരിതം ഇരട്ടിയായി.
പാറപ്പൊടിയും മറ്റും ചേർത്തുള്ള മിശ്രിതം കുഴികളിൽ നിറച്ചതാണ് ജനങ്ങൾക്ക് ദുരിതമായിരിക്കുന്നത്. മഴ മാറി വെയിൽ പരന്നതോടെ റോഡിൽ പൊടി നിറഞ്ഞിരിക്കുകയാണ്.
കാറ്റിൽ പൊടി പാറി പറക്കുന്നത് ഇരുചക്ര വാഹന യാത്രികരുടെ കാഴ്ച തടസ്സപ്പെട്ട് അപകടത്തിനു കാരണമാകുന്നുണ്ട്. കച്ചേരിത്താഴത്ത് പാലങ്ങളിലും സമീപത്തും ഉള്ള കുഴികൾ മൂടാൻ എംഎൽഎ കെആർഎഫ്ബിയുടെ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിരുന്നു.
കെആർഎഫ്ബി ചുമതലപ്പെടുത്തിയ കരാറുകാരൻ പാറപ്പൊടിയും മറ്റും ചേർത്ത മിശ്രിതം ഇട്ടാണ് കുഴിയടച്ചത്. മഴയിൽ ഈ മിശ്രിതം ഒലിച്ചു പോയി കുഴികൾ വീണ്ടും രൂപപ്പെട്ടു. എന്നാൽ പാറപ്പൊടിയും മറ്റും റോഡിൽ പറന്ന് നഗരവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
എംസി റോഡും ദേശീയപാതയും ഒന്നാകുന്ന വെള്ളൂർക്കുന്നത്ത് നടുറോഡിൽ രൂപപ്പെട്ട കൂറ്റൻ കുഴി അനുദിനം വലുതാകുന്ന സ്ഥിതിയാണ്.
ഈ കുഴി ആര് നികത്തും എന്നതിനെ ചൊല്ലി എൻഎച്ച്എഐയും കെആർഎഫ്ബിയും തമ്മിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.
അതിനാൽ കുഴി ഇതുവരെ അടച്ചിട്ടില്ല. രാത്രി കുഴിയുണ്ട് എന്നറിയാതെ എത്തുന്ന ഇരുചക്ര വാഹന യാത്രികർ റോഡിലേക്ക് തെറിച്ചു വീഴുന്ന സാഹചര്യമാണ്.
കുഴി മൂടാൻ ആരുടെയെങ്കിലും ജീവനെടുക്കുന്നതുവരെ കാത്തിരിക്കണമോ എന്നാണ് നഗരവാസികൾ ചോദിക്കുന്നത്. കുഴി മൂടാൻ നടപടി സ്വീകരിക്കാത്തതിൽ ബിജെപി നഗരസഭ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]