
കൽപറ്റ ∙ ദുരന്തം വാ പിളർന്ന മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലുണ്ടായിട്ട് നാളെ ഒരു വർഷം. ദുരന്ത നാൾവഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികയുകയാണ്.
ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയിൽ ആദ്യ മണ്ണിടിച്ചിലുണ്ടായത്. അർധരാത്രി 12 നും ഒന്നിനും ഇടയിൽ പുഞ്ചിരിമട്ടം-അട്ടമല-മുണ്ടക്കൈ-ചൂരൽമല മേഖലയിൽ അതിഭയാനകമായി നാശം വിതച്ച് ഉരുൾ അവശിഷ്ടങ്ങൾ ഒഴുകിയെത്തി.
പ്രദേശവാസികളിൽനിന്നു കലക്ടറേറ്റിലേക്ക് 30 ന് പുലർച്ചയോടെ അപകട മേഖലയിൽനിന്ന് ആദ്യ വിളിയെത്തി.
തുടർന്ന് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രതിസന്ധികൾ തരണം ചെയ്ത് പുലർച്ചെ 3.10 ഓടെ സേനാവിഭാഗം അപകടസ്ഥലത്തെത്തി.
പുലർച്ചെ 4.55 ഓടെ എൻഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ്, നാട്ടുകാർ എന്നിവരുടെ കൂട്ടായ ശ്രമത്താൽ രക്ഷാപ്രവർത്തനം ആരംഭിച്ചു.
ലഭ്യമാവുന്ന മുഴുവൻ സംവിധാനങ്ങളും രക്ഷാദൗത്യത്തിനായി ദുരന്ത മേഖലയിലേക്ക് സർക്കാർ എത്തിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള സേനാ വിഭാഗങ്ങൾ, സർക്കാർ സംവിധാനങ്ങൾ, സന്നദ്ധ പ്രവർത്തകർ, നാട്ടുകാർ, വിവിധ ജില്ലകളിൽ നിന്നെത്തിയവർ എന്നിവരുടെ കൂട്ടായുള്ള രക്ഷാപ്രവർത്തനമാണ് മേഖലയിൽ നടന്നത്.
പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെ 8 കിലോ മീറ്ററിൽ 8600 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിലാണ് ദുരന്തം വ്യാപിച്ചത്. അപകടത്തിൽ 298 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
മരിച്ചവരിൽ 99 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു.
32 പേരെ കാണാതായി. ചാലിയാർ, നിലമ്പൂർ തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നായി 223 ശരീര ഭാഗങ്ങൾ കണ്ടെത്തി.
ദുരന്തത്തിൽ പരുക്കേറ്റവർ 35 പേരാണ്. ആളുകളെ എയർലിഫ്റ്റ് ചെയ്യാൻ ഹെലികോപ്റ്റർ മാർഗവും ഉപയോഗപ്പെടുത്തി.
മുണ്ടക്കൈ-അട്ടമല- പുഞ്ചിരിമട്ടം പ്രദേശത്തെ ആളുകളെ അതിവേഗം ചൂരൽമലയിലേക്ക് എത്തിക്കാൻ ചൂരൽമലയിൽ സൈന്യം നിർമിച്ച ഉരുക്കുപാലം (ബെയ്ലി പാലം) രക്ഷാദൗത്യത്തിന്റെ നാഴികക്കല്ലായി. ജൂലൈ 31 ന് നിർമാണം ആരംഭിച്ച പാലം ഓഗസ്റ്റ് ഒന്നിന് വൈകിട്ടോടെ 36 മണിക്കൂറിലെ കഠിന ശ്രമത്താലാണു പൂർത്തിയാക്കിയത്.
മാതൃകാ വീട് അവസാനഘട്ടത്തിൽ
ദുരന്തബാധിതർക്ക് തണലൊരുക്കാൻ 43.77 കോടി രൂപ ഹൈക്കോടതി റജിസ്ട്രാർ ജനറലിന്റെ അക്കൗണ്ടിൽ കെട്ടിവച്ച് സർക്കാർ എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്തു.
ഭൂമി ഏറ്റെടുത്തതിന് തൊട്ടടുത്ത ദിവസം നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ടൗൺഷിപ്പിൽ 410 വീടുകൾ ഒരുങ്ങും.
മാതൃകാ വീട് പൂർത്തിയാവുകയാണ്. മാർച്ച് 27 നാണു മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന് തറക്കല്ലിട്ടത്.
ഒഴുകിയ സഹായം
ദുരന്തത്തിൽ മരിച്ച 298 പേരിൽ 220 പേരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി സംസ്ഥാന ദുരന്ത നിവാരണ നിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയിൽ നിന്ന് ആറ് ലക്ഷം വീതം 13.21 കോടി രൂപ വിതരണം ചെയ്തു.
അടിയന്തര മരണാനന്തര ധനസഹായമായി 1036 കുടുംബങ്ങൾക്ക് 10000 രൂപ വീതം 1.03 കോടി രൂപ നൽകി.
അതിജീവിതർക്ക് താൽക്കാലിക ജീവനോപാധിയായി സംസ്ഥാന സർക്കാർ 11087 ഗുണഭോക്താക്കൾക്ക് 6 ഘട്ടങ്ങളിലായി നൽകിയത് 10.09 കോടി രൂപയാണ്. ദുരന്തം നടന്ന ഒരാഴ്ചയ്ക്കകം ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ 10 പേർക്ക് 5,54,000 രൂപയും ഒരാഴ്ചയിൽ കൂടുതൽ പരുക്കേറ്റ് ചികിത്സയിലുണ്ടായ 27 പേർക്ക് 17,82,000 രൂപയും അടിയന്തര സഹായമായി നൽകി.
അപ്രതീക്ഷിത ദുരന്തത്തിൽ തൊഴിലും ജീവനോപാധിയും നഷ്ടമായവർക്ക് ഒരു കുടുംബത്തിലെ മുതിർന്ന രണ്ടു വ്യക്തികൾക്ക് ദിവസം 300 രൂപ പ്രകാരം 18000 രൂപ വീതം നൽകുന്നുണ്ട്. താൽക്കാലിക പുനരധിവാസ സംവിധാനത്തിന്റെ ഭാഗമായി 2024 ഓഗസ്റ്റ് മുതൽ 2025 ജൂൺ വരെ വാടക ഇനത്തിൽ 4.3 കോടി രൂപ നൽകി.
795 കുടുംബങ്ങൾക്ക് താൽക്കാലിക പുനരധിവാസം ഒരുക്കി. രേഖകൾ നഷ്ടപ്പെട്ടവർക്ക് അതിവേഗം സേവന രേഖകൾ ലഭ്യമാക്കി.
വെള്ളാർമല, മുണ്ടക്കൈ സ്കൂളിലെ അധ്യയനം മേപ്പാടി സ്കൂളിൽ 34 ദിവസങ്ങൾക്കുള്ളിൽ പുനരാരംഭിച്ചു.
വാണിജ്യ സ്ഥാപനങ്ങൾക്ക് ധനസഹായം: കലക്ടർ കത്തെഴുതി
ദുരന്ത മേഖലയിലെ നോ ഗോ സോണിൽ ഉൾപ്പെട്ട
വാണിജ്യസ്ഥാപനങ്ങൾക്ക് ധനസഹായം അനുവദിക്കാൻ ജില്ലാ ഭരണകൂടം സർക്കാരിന് കത്ത് നൽകി. മേപ്പാടി പഞ്ചായത്തിലെ 10,11,12 വാർഡിലെ വിവിധ പ്രദേശത്തുള്ള 75 ൽ അധികം വാണിജ്യ സ്ഥാപനങ്ങൾക്കാണ് നാശനഷ്ടം സംഭവിച്ചത്.
നോ ഗോ സോണിൽ ഉൾപ്പെട്ടവരിൽ പുനരധിവാസത്തിന് അർഹരായവരുടെ പട്ടിക തയാറാക്കുകയും ഒന്നിൽ കൂടുതൽ വീടുകളുള്ളവർക്ക് അധിക വീടിനുള്ള നാശനഷ്ടത്തിന് ധനസഹായം അനുവദിക്കാൻ സർക്കാർ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഗോ സോണിലെ വീടുകൾക്കും നാശനഷ്ടത്തിന് ധനസഹായം അനുവദിച്ചു.
നോ ഗോ സോണിൽപ്പെട്ട ഉൾപ്പെട്ട
വാണിജ്യകെട്ടിടങ്ങൾക്ക് ധനസഹായം ലഭിക്കണമെന്ന സാഹചര്യം കണക്കിലെടുത്താണ് ജില്ലാ ഭരണകൂടം സർക്കാരിനെ അറിയിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]