
കൊല്ലങ്കോട് ∙ ശരണം വിളികളോടെ ഭക്തി സാന്ദ്രമായി ശബരിമല ശാസ്താ ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങുകൾക്കുള്ള പുന്നെല്ലിന്റെ കതിർക്കറ്റകൾ കൊയ്തെടുത്തു. കൊല്ലങ്കോട് നെന്മേനി പാടശേഖരത്തിലെ ചുട്ടിച്ചിറ കളത്തിൽ ആർ.കൃഷ്ണകുമാറിന്റെ കൃഷിയിടത്തു നിന്ന് ഇന്നു രാവിലെ എട്ടോടെ പഞ്ചായത്ത് അധ്യക്ഷൻ കെ.സത്യപാലിന്റെ സാന്നിധ്യത്തിലാണു വ്രതശുദ്ധിയിൽ ശരണമന്ത്രങ്ങളുമായി കതിർക്കറ്റകൾ കൊയ്തെടുത്തത്.
ഇവിടെനിന്നു കൊയ്തെടുക്കുന്ന കതിർക്കറ്റകൾ ശബരിമല ശാസ്താവിന്റെ സന്നിധാനത്തിലെത്തിക്കാനായി 25 പേരടങ്ങുന്ന അയ്യപ്പ ഭക്ത സംഘം പുറപ്പെട്ടു. ശബരിമല യാത്രയ്ക്കിടെ നാലമ്പലദർശനം നടത്തുകയും അവിടങ്ങളിൽ നിറയ്ക്കാവശ്യമായ കതിർക്കറ്റകൾ സമർപ്പിക്കുകയും ചെയ്യും.
ഇന്നലെ രാത്രി എരുമേലിയിൽ തങ്ങുന്ന സംഘം ഇന്നു രാവിലെ പമ്പയിലെത്തും. വൈകിട്ട് ഇരുമുടിക്കെട്ടും കതിർക്കറ്റകളും തലയിലേന്തി പതിനെട്ടാംപടി കയറി, അയ്യപ്പ സന്നിധിയിൽ കതിർക്കറ്റകൾ സമർപ്പിക്കും.
തീർഥം തളിച്ചു സ്വീകരിക്കുന്ന കറ്റകൾ നാളെ പുലർച്ചെ നടക്കുന്ന നിറപുത്തരി ഉത്സവത്തിൽ ഭഗവാനു സമർപ്പിക്കും.
നിറപുത്തരിക്കു ശേഷം ശബരിമലയിറങ്ങുന്ന കർഷകരായ അയ്യപ്പ ഭക്തസംഘം തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്ര ദർശനം നടത്തിയാണു മടങ്ങുക. ഏപ്രിൽ ഒന്നാം തീയതി വിതച്ച 120 ദിവസം മൂപ്പുള്ള എഎസ്ടി ഇനമാണ് ഇത്തവണ ശാസ്താവിന്റെ നിറപുത്തരിക്കായി വിളയിച്ചത്.മുൻ വർഷങ്ങളിലേതിനു സംസ്ഥാനത്തെ ഗുരുവായൂർ, ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഉൾപ്പെടെയുള്ള നൂറോളം പ്രമുഖ ക്ഷേത്രങ്ങൾക്ക് നിറയ്ക്കുള്ള കതിരുകൾ ഈ വർഷം കൊണ്ടു പോകുന്നുണ്ടെന്നു ആർ.കൃഷ്ണകുമാർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]