
കിഴക്കമ്പലം∙ കിഴക്കമ്പലം–പോഞ്ഞാശേരി റോഡ് അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് ട്വന്റി20യുടെ നേതൃത്വത്തിൽ നടത്തിയ മനുഷ്യച്ചങ്ങലയിൽ പ്രതിഷേധമിരമ്പി. കിഴക്കമ്പലം ജംക്ഷൻ മുതൽ തൈക്കാവ് ജംക്ഷൻ വരെ ട്വന്റി20 പ്രവർത്തകർ മനുഷ്യച്ചങ്ങലയായി അണി നിരന്നു. പൊതുമരാമത്ത് വകുപ്പിനും എംഎൽഎയ്ക്കുമെതിരെയുള്ള പോസ്റ്ററുകളുമായാണ് പ്രവർത്തകർ അണി നിരന്നത്.
റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് 4 വർഷം പിന്നിട്ടു. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റോഡിൽ പഞ്ചായത്തിന് അധികാരവുമില്ലെന്നിരിക്കെ പഞ്ചായത്തിനെ മോശമാക്കാനാണ് എംഎൽഎയുടെയും സിപിഎമ്മിന്റെയും ശ്രമമെന്ന് ട്വന്റി20 ആരോപിച്ചു.
ഒട്ടേറെ വട്ടം കരാറുകാരൻ റോഡ് നിർമാണത്തിനായി ശ്രമം നടത്തിയെങ്കിലും എംഎൽഎയുടെ നിർദേശപ്രകാരം നിർമാണപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി.
തുടർന്ന് കരാറുകാരൻ കോടതിയെ സമീപിച്ചു. തുടർന്നും നിർമാണം നടത്താൻ അനുവദിച്ചില്ലെന്ന് ട്വന്റി20 ആരോപിച്ചു.
കിഴക്കമ്പലം പഞ്ചായത്തിന്റെ കീഴിലുള്ള 540 റോഡുകൾ എല്ലാം തന്നെ ഉന്നത നിലവാരത്തിൽ ടാറിങ് പൂർത്തീകരിച്ചിട്ടുള്ളതാണ്. എന്നാൽ പഞ്ചായത്തിലുള്ള പൊതുമരാമത്ത് റോഡുകൾ നന്നാക്കാതെ ഇരിക്കുകയെന്നുള്ളത് എംഎൽഎയുടെയും പാർട്ടിയുടെയും ആവശ്യമാണെന്നും ട്വന്റി20 ഭാരവാഹികൾ പറഞ്ഞു.
പാർട്ടി സംസ്ഥാന ചെയർമാൻ ബോബി എം.ജേക്കബ്, വൈസ് പ്രസിഡന്റ് വി.ഗോപകുമാർ, സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം ചാർളി പോൾ, ബോർഡ് അംഗം അഗസ്റ്റിൻ ആന്റണി, ബിജോയ് ഫിലിപ്പോസ്, നിയോജക മണ്ഡലം പ്രസിഡന്റ് ജിബി ഏബ്രഹാം, വൈസ് പ്രസിഡന്റ് ദീപക് രാജൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]