കോഴിക്കോട് ∙ വിദേശ ആധിപത്യത്തിനെതിരായ
പോരാട്ട വീര്യത്തിന്റെയും ഐക്യത്തിന്റെയും മതേതരത്വത്തിന്റെയും ചരിത്രപ്രതീകമായ ചാലിയം കോട്ട
ഓഗ്മെന്റഡ് റിയാലിറ്റി (എആർ) സാങ്കേതികവിദ്യയിലൂടെ പുനരാവിഷ്കരിക്കാനുള്ള ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡിടിപിസി) പദ്ധതി അന്തിമഘട്ടത്തിൽ.
ചരിത്രവും സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുളള പദ്ധതിയുടെ സോഫ്റ്റ്വെയറുകളും ത്രീഡി മോഡലുകളും തയാറാക്കി. ചാലിയം കടപ്പുറത്ത് സ്ഥാപിക്കുന്ന ഇന്ററാക്ടീവ് സൈൻ ബോർഡ് മൊബൈൽ ഫോണിലൂടെ സ്കാൻ ചെയ്യുന്നതിലൂടെ കോട്ടയിലൂടെ വെർച്വൽ സഞ്ചാരം നടത്താവുന്ന രീതിയിലാണ് പദ്ധതി.
നഗരത്തിലെ സൈൻ ബോർഡുകൾ വിജ്ഞാനപ്രദവും ക്രിയാത്മകവുമായി രൂപകൽപന ചെയ്യണമെന്ന വിനോദസഞ്ചാര മന്ത്രി വിനോദ സഞ്ചാര കേന്ദ്രങ്ങളെ സംബന്ധിച്ച രൂപകൽപനാ നയത്തിന്റെ ഭാഗമായാണ് കോഴിക്കോട് ഡിടിപിസി ദൗത്യം ഏറ്റെടുത്തത്. ഓഗ്മെന്റഡ് റിയാലിറ്റി, ത്രീഡി സാങ്കേതികവിദ്യ എന്നിവയിലൂടെ വിവരണാത്മകവും ഇന്ററാക്ടീവുമായ സൈനേജുകൾ ഉപയോഗിച്ചാണ് 450 വർഷങ്ങൾക്കിപ്പുറം കോട്ട
അതിന്റെ ചരിത്രം ഉൾപ്പെടെ പുനരാവിഷ്കരിക്കുന്നത്.
കോട്ടയുടെ ത്രീഡി മോഡൽ, ചരിത്രവിവരണങ്ങൾ നൽകുന്ന ഇംഗ്ലിഷിലും മലയാളത്തിലുമുള്ള വിഡിയോകൾ, എആറിലൂടെ പുനരാവിഷ്കരിച്ച കോട്ടയുടെ വാതിൽ തുറന്ന് കോട്ടയിലൂടെ വെർച്വൽ നടത്തം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത അനുഭവങ്ങൾ സന്ദർശകർക്ക് മൊബൈൽ ഫോൺ വഴി സ്കാൻ ചെയ്ത് തിരഞ്ഞെടുക്കാം. പുരാവസ്തു വകുപ്പിന്റെയും ഗവൺമെൻ്റ് ആർട്സ് ആൻഡ് സയൻസ് കോളജ് ചരിത്ര വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള ഗവേഷണ സംഘം ചരിത്ര രേഖകൾ പരിശോധിച്ചാണ് കോട്ടയുടെ രൂപഘടന തയ്യാറാക്കിയത്.
ഇതിൽ നിന്നും കോട്ടയുടെ ത്രീഡി മോഡൽ തയ്യാറാക്കുകയായിരുന്നു.
1531 ൽ ചാലിയം പ്രദേശത്ത് സുഗന്ധവ്യഞ്ജന വ്യാപാരം നിയന്ത്രിക്കാനായി പോർച്ചുഗീസുകാർ പണിതതാണ് ചാലിയം കോട്ട. കോഴിക്കോട്ടെ മൊത്തം വ്യാപാരത്തിന്റെ മേൽക്കോയ്മ ലക്ഷ്യം വച്ചു പണിത കോട്ട
കോഴിക്കോട്ടെ ഭരണാധികാരിയായിരുന്ന സാമൂതിരിയുടെ അധികാരത്തിനു നേരെ വെല്ലുവിളിയായി മാറി. ഈ പ്രദേശത്ത് സാമുദായിക സംഘർഷങ്ങൾക്കും കോട്ട
കാരണമായതായി ചരിത്രം പറയുന്നു. തുടർന്ന് പോർച്ചുഗീസ് ആധിപത്യത്തിന്റെ അടയാളമായ കോട്ട
തകർക്കാൻ സാമൂതിരി തന്റെ നാവികസേന തലവൻ കുഞ്ഞാലിമരയ്ക്കാർ മൂന്നാമനെ ചുമതലപ്പെടുത്തി. വർഷങ്ങളോളം നീണ്ട
പ്രതിരോധത്തിനൊടുവിൽ, 1571 ൽ കര വഴിയും കടൽ മാർഗവുമുള്ള ശക്തമായ ആക്രമണത്തിലൂടെ സാമൂതിരി സേന കോട്ട പിടിച്ചടക്കി പൂർണമായി നശിപ്പിക്കുകയായിരുന്നു.
തന്റെ മുസ്ലിം പ്രജകളുടെ അവകാശം സംരക്ഷിക്കാൻ ഒരു ഹിന്ദു രാജാവ് നിലകൊണ്ടതിന്റെ പ്രതീകം കൂടിയാണ് ചാലിയം കോട്ട.
കോട്ട പൊളിച്ചതിന്റെ കല്ലുകൾ കൊണ്ടാണ് കുറ്റിച്ചിറയിലെ മിഷ്കാൽ പള്ളി സാമൂതിരി പണിതതെന്ന് ചരിത്രം സൂചിപ്പിക്കുന്നു പുനരുപയോഗത്തിന്റെ മാതൃക കൂടിയാണ് മുന്നോട്ടുവയ്ക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

