
മരട് ∙ കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ കുണ്ടന്നൂർ മുതൽ മിനി ബൈപാസ് വരെ കുഴികളാണ്. മരട് ന്യൂക്ലിയസ് മാളിനു സമീപം റോഡിനു കുറുകെ തോടുപോലെയായ ഭാഗത്ത് 2 ദിവസം മുൻപ് ജിഎസ്പി മിശ്രിതം ഇട്ടു മൂടിയിരുന്നു.
മഴയിൽ അത് ഒലിച്ചു പോയി വീണ്ടും കുഴിയായി തോട് രൂപപ്പെട്ടു. നവീകരണത്തിന് ഭാഗമായി കട്ട
വിരിച്ചതോടെയാണ് കുഴികൾ ആയത്. ടാറും കട്ടയും ചേരുന്ന ഭാഗങ്ങളിലാണ് കൂടുതലും കുഴികൾ.
ചിലയിടങ്ങളിൽ വെള്ളക്കെട്ടുമുണ്ട്. സ്കൂട്ടർ പോലുള്ള വാഹനങ്ങൾ ഏറെ പ്രയാസപ്പെടുന്നു.
ബൈപാസിലെ കുഴിപ്പാലങ്ങൾ
കുമ്പളം ∙ കൊച്ചി ബൈപാസിൽ വൈറ്റില മുതൽ അരൂർ വരെയുള്ള പാലങ്ങളിൽ കുഴികളാണ്.
അരൂർ ഭാഗത്തേക്കുള്ള പാലങ്ങളിലാണ് കുഴികൾ. കുമ്പളം–അരൂർ പാലത്തിൽ വലിയ കുഴികളാണു രൂപപ്പെട്ടിരിക്കുന്നത്.
പലവട്ടം മൂടിയെങ്കിലും വീണ്ടും കുഴി പ്രത്യക്ഷപ്പെടുകയാണ്. റോഡ് സുരക്ഷാ ബാരിയർ സ്ഥാപിച്ചരിക്കുകയാണിപ്പോൾ.
വെളിച്ചമില്ലാത്ത പാലത്തിലെ കുഴികളിൽ പലതും ജീവനെടുക്കാൻ പാകത്തിലാണ്. കുമ്പളം കോൺവന്റ്– റെയിൽവേ സ്റ്റേഷൻ, എടങ്ങാറുപള്ളി, റെയിൽവേ ഗേറ്റ് – കരീത്തറ റോഡുകളും തരിപ്പണമായി.
16,17,18 വാർഡുകളിലൂടെ പോകുന്ന ഈ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് റോഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ഇന്ന് ആലോചനാ യോഗം ചേരുകയാണ്. വൈകിട്ട് 4ന് കരീത്തറ കലുങ്കിനു സമീപത്താണു യോഗം.
കുഴികളിൽ ഇഴയുന്ന ജലജീവൻ പദ്ധതി
ചോറ്റാനിക്കര ∙ തിരുവാങ്കുളം-ചോറ്റാനിക്കര-വട്ടുക്കുന്ന് റോഡിലൂടെ കുഴിയിൽ വീഴാതെ ഒരാൾക്കും യാത്ര പൂർത്തിയാക്കാനാകില്ല.
അത്രമേൽ തകർച്ചയിലാണ് റോഡ്. ജലജീവൻ പദ്ധതിക്കായി റോഡിന്റെ വശം വെട്ടിപ്പൊളിച്ചതോടെ കുഴികളുടെ എണ്ണവും വർധിച്ചു. കോട്ടയത്തുപാറ, ഉദയാകവല, അമ്പാടിമല, എരുവേലി എന്നിവിടങ്ങളിലെല്ലാം കെണിക്കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
ബൈക്ക് യാത്രികരാണു ഏറെ ബുദ്ധിമുട്ടുന്നത്. ബൈക്ക് യാത്രികർ കുഴിയിൽ വീണ് അപകടത്തിൽപെടുന്നതു പതിവുകാഴ്ചയായി.
റോഡ് നവീകരണത്തിനു ശബരിമല പാക്കേജിൽ തുക വകയിരുത്തിയിട്ടുണ്ടെങ്കിലും ജലജീവൻ പദ്ധതി ജോലികൾ അനന്തമായി നീളുന്നതാണു തിരിച്ചടിയെന്ന് അധികൃതർ പറയുന്നു.
പള്ളിത്താഴത്തെ ഒഴിയാക്കുഴികൾ
മുളന്തുരുത്തി ∙ പ്രധാന ജംക്ഷനായ പള്ളിത്താഴത്ത് കുഴികൾ ഒഴിയുന്നില്ല. നാലുംകൂടിയ ജംക്ഷനിൽ നടക്കാവ്, പിറവം ഭാഗത്തേക്കുള്ള റോഡിലാണ് കുഴികളുള്ളത്. പലതവണ കുഴികൾ മൂടിയെങ്കിലും ശാശ്വത പരിഹാരമായില്ല.
കഴിഞ്ഞ ആഴ്ച കുഴികളിൽ കട്ട വിരിച്ചെങ്കിലും വാഹനങ്ങൾ കയറി അതും ഇളകിത്തുടങ്ങി.
റോഡ് പൂർണമായി കട്ട വിരിച്ചാൽ മാത്രമേ ശാശ്വത പരിഹാരമാകൂ.
നടുവൊടിക്കും റെയിൽവേ മേൽപാലം
തൃപ്പൂണിത്തുറ ∙ എസ്എൻ ജംക്ഷൻ റെയിൽവേ മേൽപാലത്തിൽ നിറയെ നടുവൊടിക്കും കുഴികളാണ്.
ടാർ ചെയ്ത് 7 മാസം തികയും മുൻപ് തന്നെ വലിയ കുഴികളാണു മേൽപാലത്തിൽ രൂപപ്പെട്ടത്. വ്യവസായ മേഖലയിൽ നിന്നു രാസവസ്തുക്കളും ഇന്ധനവും മറ്റുമായി വരുന്ന വാഹനങ്ങൾക്കും കുഴികൾക്കും ഇടയിലൂടെ ജീവൻ കയ്യിലെടുത്തു വേണം ഇതിലൂടെ പോകാൻ.
മിൽമയുടെ തൃപ്പൂണിത്തുറ ഡയറിയും പാലത്തിനു തൊട്ടടുത്താണ്. രാത്രി വരുന്ന ഇരുചക്ര വാഹനങ്ങൾക്കാണ് ഈ കുഴികൾ വലിയ അപകടഭീഷണി ഉയർത്തുന്നത്.
കുഴി കാണാതെ ഇരുചക്ര വാഹനങ്ങൾ റോഡിൽ വീഴുന്നുണ്ടെങ്കിലും ഭാഗ്യത്തിനാണ് അപായം ഒഴിവാകുന്നത്.
തൃപ്പൂണിത്തുറ റോഡ് ആര് ടാർ ചെയ്യും?
തൃപ്പൂണിത്തുറ ∙ ഹൈക്കോടതി കയറിയിരിക്കുകയാണ് എസ്എൻ ജംക്ഷൻ മേൽപാലത്തിനു താഴെയുള്ള റോഡ്. റോഡ് ടാർ ചെയ്ത സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ടു മുൻ കലക്ടർ കൂടിയായ എം.പി.ജോസഫാണ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്.
തങ്ങളുടെ റോഡ് അല്ലെന്ന് എൻഎച്ച്എഐയും നഗരസഭയും നിലപാട് എടുത്തതോടെയാണ് അദ്ദേഹം നിയമ വഴി തേടിയത്. സ്കൂളും ആയിരത്തിലേറെ കുടുംബങ്ങളും ഉപയോഗിക്കുന്ന റോഡാണു വർഷങ്ങളായി തകർന്നു കിടക്കുന്നത്.
മഴ ശക്തമായതോടെ വലിയ ദുരിതമാണു യാത്രക്കാർ അനുഭവിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]