തൊട്ടിൽപാലം ∙ കാവിലുംപാറ പഞ്ചായത്തിലെ ചൂരണി, കരിങ്ങാട് ഭാഗത്തു നാട്ടുകാർക്കു ഭീഷണിയായ കുട്ടിയാനയെ ദൗത്യസംഘം ലഡാക്ക് ഭാഗത്ത് കണ്ടെത്തി. ഇന്നലെ വൈകിട്ടാണ് ആർആർടി ടീം ആനയെ കണ്ടത്.
എന്നാൽ, കാലാവസ്ഥ പ്രതികൂലമായതിനാൽ പിടികൂടാനായില്ല. ഇന്നലെ രാവിലെ മുതൽ പ്രദേശത്ത് ശക്തമായ മഴയും കാറ്റുമായിരുന്നു.
മറ്റു ഭാഗത്തുള്ള ആർആർടി സംഘത്തിനും മറ്റുള്ളവർക്കും പ്രദേശത്ത് എത്താനായില്ല. കോടമഞ്ഞ് കാരണം തൊട്ടടുത്തുള്ളവരെ പോലും കാണാനാവാത്ത അവസ്ഥയായിരുന്നു.
പ്രദേശത്ത് രാത്രിയും കനത്ത മഴയാണ്.ഫോറസ്റ്റ് ചീഫ് വെറ്ററിനറി ഓഫിസർ അരുൺ സക്കറിയ, ഡിഎഫ്ഒ, റേഞ്ച് ഓഫിസർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്.
പ്രത്യേക ദൗത്യസംഘം ഡ്രോൺ ഉൾപ്പെടെ സംവിധാനങ്ങൾ ഏർപ്പെടുത്തിയും ആർആർടിയും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും 3 സംഘങ്ങളായാണു പ്രദേശത്തു തിരച്ചിൽ നടത്തിയത്. കാട്ടാനയുടെ കാൽപാടുകൾ നോക്കിയാണു ചൂരണി, ലഡാക്ക് ഭാഗങ്ങളിൽ ആർആർടി സംഘം തിരച്ചിൽ നടത്തിയത്.കാട്ടുപന്നിശല്യം രൂക്ഷമായ പ്രദേശമാണ് ഇവിടം.
ഇന്നലെ രാവിലെ മുതൽ കനത്ത മഴ പെയ്തതും കോടമഞ്ഞും തിരച്ചിലിനു തടസ്സമായി. ചൂരണി, കരിങ്ങാട് പ്രദേശത്ത് 7 പേരെ ആക്രമിച്ച കാട്ടാനക്കുട്ടി കഴിഞ്ഞ ദിവസം ചൂരണി അങ്കണവാടിക്ക് അടുത്തുള്ള തോടിന് സമീപം ഒരു പകൽ മുഴുവൻ നിലയുറപ്പിച്ചിരുന്നു. കാട്ടാനക്കുട്ടിയെ മയക്കുവെടിവച്ച് പിടികൂടി ആനവളർത്തു കേന്ദ്രത്തിലേക്കു കൊണ്ടുപോകണമെന്നാണു നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]