
സ്വന്തം ലേഖകൻ
കുമരകം : ഇനി ആവേശത്തിൽ വള്ളംകളി സീസൺ. മുത്തേരിമട ജലോത്സവം നാളെ തുടക്കം കുറിക്കും. കുമരകത്ത് നിന്നും നെഹ്റു ട്രോഫി ജലമേളയിൽ പങ്കെടുക്കുന്ന ക്ലബ്ബുകളുടെ ശക്തി പ്രകടനമായാണ് എല്ലാ വർഷവും നെഹ്റു ട്രോഫിക്ക് മുൻപുള്ള ഞായറാഴ്ച മുത്തേരിമടയിൽ നടക്കുന്ന ക്ലബ്ബുകളുടെ പരിശീലനത്തെ കണക്കാക്കുന്നത്. കുമരകത്തിന്റെ വള്ളംകളി ചരിത്രത്തിൽ ഇതിഹാസ സ്ഥാനം അലങ്കരിക്കുന്ന നെല്ലാനിക്കൽ പാപ്പച്ചന്റെ ഓർമ്മക്കായി നടത്തുന്ന രണ്ടാമത് മുത്തേരിമട ജലോത്സവമാണ് ഇത്തവണ അരങ്ങേറുക. നാളെ ഉച്ചക്ക് 2 മുതലാണ് ജലോത്സവം നടക്കുക
നെഹ്റു ട്രോഫി വള്ളംകളിക്ക് തൊട്ട് മുൻപുള്ള ഈ ദിവസം കുമരകം കാർ എന്നും ആവേശത്തിമിർപ്പിലാണ്. ഇത്തവണയും ആ പതിവ് തെറ്റില്ല എന്ന് മാത്രമല്ല, ഇത്തവണ ഇരട്ടി ആവേശമാണ് വള്ളംകളി പ്രേമികൾക്ക്. മുത്തേരിമടയിലെ ചുണ്ടൻ വള്ളങ്ങളുടെ പരിശീലനത്തോടൊപ്പം ചെറു വള്ളങ്ങളുടെ പ്രദർശന മത്സരവും ഇത്തവണ മുത്തേരിമടയെ ആവേശത്തിലാഴ്ത്തും.
മന്ത്രി വി.എൻ വാസവൻ ജലോത്സവം ഉദാഘാടനം ചെയ്യും. കേരള വള്ളംകളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജലോത്സവത്തിൽ കളി വള്ളങ്ങളുടെ മാസ്സ്ഡ്രിൽ, ചുണ്ടൻ വള്ളങ്ങളുടെ പരിശീലനം, വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻ വള്ളങ്ങളുടെ പ്രദർശന മത്സരങ്ങൾ ഉണ്ടാകും. കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം, കുമരകം എൻസിഡിസി ബോട്ട് ക്ലബ്ബിന്റെ നിരണം, കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ ചെറുതന കുമരകം ബോട്ട് ക്ലബ്ബിന്റെ പായിപ്പാടൻ, വല്ല്യാട് ഡ്രീം ക്യാച്ചേഴ്സ് ബോട്ട് ക്ലബ്ബിന്റെ അമ്പലക്കടവൻ എന്നിങ്ങനെയുള്ള ക്ലബ്ബുകളും കളി വള്ളങ്ങളുമാണ് നിലവിൽ മുത്തേരി മടയിൽ പരിശീലനം നടത്തുന്നത്. ഇവയ്ക്ക് പുറമെ കുമരകം സമുദ്ര ബോട്ട് ക്ലബ്ബിന്റെ ആനാരി ചുണ്ടനും നാളെ പരിശീലനത്തിനു എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പങ്കെടുക്കുന്ന വള്ളങ്ങൾ
ചുണ്ടൻ വള്ളങ്ങൾക്ക് പുറമെ അമ്പലക്കടവൻ(വെപ്പ്) മൂന്നുതൈക്കൻ (ഇരുട്ടുകുത്തി) തോട്ടുകടവൻ, പി.ജി കരീപ്പുഴ (വെപ്പ്.2), കോടിമത, മൂഴി (ചുരുളൻ), ഹനുമാൻ, സെന്റ് ജോസഫ് (ഇരുട്ടുകുത്തി.ബി) എന്നീ ചെറുവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും.
മുത്തേരിമടയിലേക്കെത്താൻ
മുത്തേരി മടയിലെ വള്ളംകളി ആവേശം നേരിൽ കാണാൻ പ്രധാനമായും രണ്ട് വഴി ഉപയോഗിക്കാവുന്നതാണ്.
1. കോട്ടയം – കുമരകം റോഡിൽ കണ്ണാടിച്ചാൽ ജംഗ്ഷനിൽ നിന്നും, ഉള്ളിലേക്ക് 2 കി.മിറ്ററോളം യാത്ര ചെയ്ത് നാരകത്ര എത്തുക. നാരകത്ര പാലം കയറി വലത് വശത്തേക്കുള്ള റോഡിലൂടെ യാത്ര ചെയ്താൽ മുത്തേരിമടയിലേക്ക് എത്താവുന്നതാണ്.
2. കുമരകം – ചേർത്തല റോഡിൽ കുമരകം ചന്തകവലയിൽ നിന്നും അട്ടിപ്പീടിക റോഡിലൂടെ 1.5 കി.മി യാത്ര ചെയ്ത് പാണ്ടൻ ബസാർ ജംഗ്ഷനിൽ എത്തുക, അവിടെ നിന്നും നേരെ താഴേക്കുള്ള ബസാർ – ആശാരിച്ചേരി റോഡിലൂടെ യാത്ര ചെയ്ത് മുത്തേരി മടയിലേക്ക് എത്താവുന്നതാണ്.
The post ഇനി ആവേശത്തിൽ വള്ളംകളി സീസൺ; മുത്തേരിമട ജലോത്സവത്തിന് നാളെ തുടക്കം കുറിക്കും; ആവേശ തിമിർപ്പിൽ കുമരകത്തെ വള്ളംകളി പ്രേമികൾ; ജലോത്സവം നാളെ ഉച്ചക്ക് 2 മുതൽ; ജലോത്സവം ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കും appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]