
ചൂരണിമല (തൊട്ടിൽപാലം)∙ ‘രാത്രി വീടിന്റെ മുന്നിൽ ഒരു ശബ്ദം കേട്ടാണ് പുറത്തിറങ്ങി നോക്കിയത്. ഒരു ഓട്ടോറിക്ഷ നിർത്തിയിട്ട
പോലെയാണ് തോന്നിയത്. സൂക്ഷിച്ചു നോക്കിയപ്പോഴാണ് ആനക്കുട്ടിയാണെന്ന് മനസ്സിലായത്.
ശബ്ദമുണ്ടാക്കി ആട്ടി നോക്കിയെങ്കിലും പോയില്ല. കുട്ടിയല്ലേ എന്നു കരുതി പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും എന്റെ നേരെ ഒരു വരവ് വന്നു.
വീടിനകത്തു കയറി കതകടച്ചിട്ടും അവൻ പിൻമാറിയില്ല. അകത്തേക്ക് കയറി വരാനുള്ള ശ്രമവുമായി കുറേ നേരം നിന്നു – ’ മനോജ് മറ്റപ്പള്ളി പറയുമ്പോൾ കുട്ടിയാനയെ കണ്ട
കൗതുകമായിരുന്നില്ല കണ്ണുകളിൽ; രണ്ടു തവണ അവന്റെ മുന്നിൽ പെട്ടതിന്റെ പേടിയായിരുന്നു. നീല മഴക്കോട്ടിട്ട് ആനയുടെ മുന്നിലൂടെ ഓടിമാറുന്ന മനോജിന്റെ വിഡിയോ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു.
ആനയ്ക്കു മുന്നിൽ നിന്ന് അഭ്യാസം കാണിക്കാൻ മനോജിന് വട്ടാണോ എന്നായിരുന്നു ചില കമന്റുകൾ. അടുത്തു നിന്നിരുന്ന രണ്ടു സ്ത്രീകളുടെയും കുട്ടികളുടെയും നേരെ ആന വന്നപ്പോൾ അതിന്റെ ശ്രദ്ധ മാറ്റാൻ വേണ്ടിയാണ് മനോജ് ആദ്യം മുന്നോട്ടോടിയതും പിന്നെ ജീപ്പിനു ചുറ്റും ഓടിയതും.
മനോജ് അതു ചെയ്തില്ലായിരുന്നെങ്കിൽ ചൂരണിയിൽ ഇന്നലെ ദുഃഖാചരണം നടത്തേണ്ടി വന്നേനെ എന്നു നാട്ടുകാരും പറയുന്നു. അങ്ങനെ രണ്ടാം തവണയാണ് മനോജ് ആനക്കുട്ടിയുടെ മുന്നിൽ നിന്ന് രക്ഷപ്പെടുന്നത്. ഇത് മനോജിന്റെ മാത്രം പ്രശ്നമല്ല.
കഴിഞ്ഞ ഒരു മാസമായി ചൂരണിമല നിവാസികളുടെ ഉറക്കം കെടുത്തുകയാണ് കുട്ടിയാന.
പ്രായത്തിന്റെ കുറുമ്പ് കാട്ടിയാണ് കുട്ടിയാന ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്നതെങ്കിലും നാട്ടുകാരുടെ ചങ്കിൽ തീയാണ്. 3 കിലോമീറ്ററോളം ഒറ്റപ്പെട്ട
തോട്ടങ്ങളിലൂടെ നടന്ന് ബസ് കയറേണ്ട കുട്ടികൾ 2 ദിവസമായി സ്കൂളിൽ പോയിട്ടില്ല.
വൈകിട്ട് ജോലി കഴിഞ്ഞ് ചൂരണി–ലഡാക്ക് റോഡ് ജംക്ഷനിൽ എത്തുന്നവർ, മറ്റുള്ളവരും കൂടി വന്ന് കൂട്ടമായിട്ടേ മുന്നോട്ടു പോകുന്നുള്ളൂ. ഒറ്റയ്ക്കു പോയാൽ എപ്പോഴാണ് ആനക്കുട്ടിയുടെ കുറുമ്പിനു മുന്നിൽ പെട്ടു പോകുക എന്നു പറയാനാകില്ല. ഇന്നലെ രാവിലെ മുതൽ വനം വകുപ്പും നാട്ടുകാരും ചേർന്ന് പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തി.
സന്ധ്യയോടെ പുറക്കിരി ഭാഗത്ത് ആനയെ കണ്ടെത്തി ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും അവർ എത്തുമ്പോഴേക്കും വീണ്ടും അപ്രത്യക്ഷമായി.
സ്കൂട്ടറിൽ വരുന്നവരെ വിരട്ടുകയാണ് അവന്റെ ഇഷ്ട വിനോദം.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ദമ്പതികൾ ഉൾപ്പെടെ 6 പേർക്ക് അവന്റെ വികൃതിയിൽ പരുക്കേറ്റു. കൃഷി നശിപ്പിച്ചതിന്റെ കണക്കൊന്നും പറയാതിരിക്കുകയാണ് ഭേദമെന്ന് ചൂരണിമല സ്വദേശിയായ രാജപ്പൻ പറയുന്നു.
പൂഞ്ഞാറിൽ നിന്ന് 1967ൽ ചൂരണിമലയിലേക്ക് എത്തിയതാണ് രാജപ്പൻ. കയ്യിലുള്ള 4 ഏക്കർ എങ്ങനെയെങ്കിലും വിറ്റ് മലയിറങ്ങാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ.
രാജപ്പനു മുൻപേ, പ്രദേശത്തെ നാൽപതോളം കുടുംബങ്ങൾ വന്യമൃഗ ശല്യം പേടിച്ച് മലയിറങ്ങിക്കഴിഞ്ഞു. മനോജ് മറ്റപ്പള്ളിയുടെ വീട്ടിലെ പരാക്രമം കഴിഞ്ഞ് ആന േനരെ പോയത് മനോജിന്റെ സഹോദരന്റെ പുരയിടത്തിലേക്കാണ്. കുറേ നേരം അവിടെ തങ്ങിയ ആനയെ നാട്ടുകാർ ബഹളം കൂട്ടി ഓടിച്ചാണ് ചൂരണിമല – ലഡാക്ക് ജംക്ഷനിൽ എത്തിച്ചത്.
കഴിഞ്ഞ ദിവസം അവനെ പിടികൂടാനുള്ള എല്ലാ സാഹചര്യവും ഒത്തുവന്നതായിരുന്നു എന്നും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണം കൊണ്ടാണ് നടക്കാതെ പോയതെന്നും നാട്ടുകാർ ആരോപിക്കുന്നു. വനം ദ്രുതകർമസേന അംഗങ്ങൾ മാത്രമാണ് അന്ന് അവിടെ ഉണ്ടായിരുന്നത്.
ഷെഡ്യൂൾ –ഒന്നിൽ പെട്ട സംരക്ഷിത മൃഗത്തെ പിടികൂടുന്നതിനിടയിൽ എന്തെങ്കിലും പരുക്കുകൾ സംഭവിക്കുകയോ ആളുകൾക്ക് അപകടം പറ്റുകയോ ചെയ്താൽ തങ്ങളുടെ പണി പോകും എന്നു വ്യക്തമാക്കിയ ഉദ്യോഗസ്ഥർ നടപടിയെടുക്കാൻ മടിച്ചു.
പ്രദേശം മുഴുവൻ കുറുമ്പു കാട്ടി നിന്ന ആനക്കുട്ടി വൈകിട്ട് ആയപ്പോഴേക്കും ലഡാക്ക് റോഡിലേക്കു പോയി കാട്ടിൽ മറയുകയും ചെയ്തു. ഇന്നലെ രാവിലെ മുഴുവൻ 4 ആർആർടി സംഘങ്ങൾ, കോഴിക്കോട് ഡിഎഫ്ഒ യു.ആഷിഖ് അലി, കുറ്റ്യാടി റേഞ്ച് ഓഫിസർ ഷംനാസ്, ഡോ.ഇല്യാസ് റാവുത്തർ എന്നിവരുടെയും കുറ്റ്യാടി ദ്രുതകർമ സേനാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെ പ്രദേശം മുഴുവൻ അരിച്ചു പെറുക്കിയെങ്കിലും ആനയുടെ പൊടി പോലും കണ്ടെത്തിയില്ല.
വൈകിട്ട് ഒന്ന് കണ്ണിൽ പെട്ടതിനു ശേഷം കാടു കയറിയ കുട്ടിയാന ഇനി എപ്പോഴാണ് പുറത്തു വരിക എന്ന പേടിയിലാണ് നാട്ടുകാർ.
ആനയെ പിടികൂടും: ചീഫ് വൈൽഡ് ലൈഫ് വാർഡൻ
ചൂരണിമലയിൽ കറങ്ങി നടക്കുന്ന കുട്ടിയാനയെ മയക്കുവെടി വച്ചു പിടികൂടാൻ വേണ്ട നിർദേശം നൽകിയിട്ടുണ്ടെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണൻ പറഞ്ഞു.
ആനയെ തിരികെ കാട്ടിലേക്ക് അയയ്ക്കാമെന്ന പ്രതീക്ഷയില്ല. കാട്ടിലേക്കു വിട്ടാലും അതു വീണ്ടും നാട്ടിൽ ഇറങ്ങും.
മറ്റ് കൂട്ടങ്ങളിലൊന്നും ചേരാനും സാധ്യതയില്ല. വെറ്ററിനറി ഡോക്ടറുടെ കൃത്യമായ നിരീക്ഷണത്തിനു ശേഷമേ മയക്കുവെടി വയ്ക്കാൻ സാധിക്കൂ.
വെടിവയ്ക്കാൻ പാകത്തിലുള്ള സ്ഥലത്ത് ആനയെ എത്തിക്കുകയും വേണം. അതിനുള്ള പരിശ്രമത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ.
ചരിഞ്ഞ പിടിയാനയുടെ കുട്ടിയെന്നു നാട്ടുകാർ
രണ്ടു മാസം മുമ്പ് കരിങ്ങാട്മലയിൽ ചരിഞ്ഞ പിടിയാനയുടെ കുഞ്ഞാണ് ചൂരണിമലയിൽ എത്തിയിരിക്കുന്നതെന്ന് നാട്ടുകാർ.
അമ്മയെ തിരഞ്ഞുള്ള നടപ്പിലാണ് ആന ഈ പരാക്രമങ്ങൾ മുഴുവൻ കാണിക്കുന്നത്. രണ്ടാഴ്ച മുൻപ് കുട്ടിയാനയെ കാടുകയറ്റി ഒരു ആനക്കൂട്ടത്തിനൊപ്പം എത്തിച്ചിരുന്നു.
എന്നാൽ ആനക്കൂട്ടം ഇവനെ കൂടെകൂട്ടിയിട്ടില്ല. തുടർന്നാണ് വീണ്ടും ചൂരണിമലയിലേക്കും പരിസരത്തേക്കും എത്താൻ തുടങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു. ആനക്കുട്ടിയെ പിടികൂടുന്നതുവരെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കാവൽ പ്രദേശത്ത് ഉണ്ടാകുമെന്നും ആനയെ മയക്കുവെടിവച്ച് പിടികൂടാൻ ഡോക്ടറുടെ നേതൃത്വത്തിൽ എലിഫന്റ് ഗാർഡ് സ്ഥലത്ത് നിരീക്ഷണം നടത്തി വരുന്നതായും വനം വകുപ്പ് അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്.
ആനയെ പിടിക്കാത്തതിൽ പ്രതിഷേധം
ചൂരണി അങ്കണവാടിക്കടുത്ത് ജനവാസ മേഖലയിൽ കഴിഞ്ഞ ദിവസം രാവിലെ 6 മുതൽ രാത്രി വരെ ഉണ്ടായിരുന്ന കാട്ടാനക്കുട്ടിയെ മയക്കുവെടി വച്ച് പിടികൂടാൻ വനം വകുപ്പ് തയാറാകാത്തതിൽ നാട്ടുകാർക്ക് കടുത്ത പ്രതിഷേധം. പഞ്ചായത്ത് പ്രസിഡന്റ് പി.ജി.ജോർജ്, വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ്, ജില്ലാ പഞ്ചായത്ത് അംഗം സി.എം.യശോദ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, ബ്ലോക്ക് അംഗം ഗീത രാജൻ, പഞ്ചായത്ത് അംഗം പി.കെ.പുരുഷോത്തമൻ, എ.ആർ.വിജയൻ, ജോയി കണ്ണഞ്ചിറ, റോണി മാത്യു, റോബിൻ ജോസഫ്, എ.കെ.രാജൻ തുടങ്ങിയവർ സ്ഥലത്ത് എത്തി.
ചൂരണിയിൽ ഡിഎഫ്ഒയെ നാട്ടുകാർ തടഞ്ഞുവച്ചു
ചൂരണി∙ ജനവാസ മേഖലയിൽ എത്തിയ കാട്ടാനക്കുട്ടിയെ പിടികൂടാത്ത വനം വകുപ്പ് നടപടിയിൽ പ്രതിഷേധിച്ച് ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ഡിഎഫ്ഒ ആഷിഖിനെ തടഞ്ഞു വച്ചു.
തുടർന്ന് ഡിഎഫ്ഒ നാട്ടുകാരുമായി ചർച്ച നടത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരും ആർആർടിയും നാട്ടുകാരും ഉൾപ്പെട്ട
40 അംഗ ടീം പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തുമെന്ന ഉറപ്പിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, ജില്ലാ പഞ്ചായത്ത് അംഗം സി.എം.യശോദ, ബ്ലോക്ക് അംഗം ഗീത രാജൻ, എ.ആർ,വിജയൻ, റോബിൻ ജോസഫ്, റോണി മാത്യു, എൻ.പി.ചന്ദ്രൻ, എ.കെ.രാജൻ തുടങ്ങിയവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]