
പത്തനംതിട്ട: കാർഗിൽ വിജയ ദിനത്തിന്റെ ഓർമകളിലാണ് മലയാളിയായ ലഫ്റ്റനന്റ് കേണൽ ഡോ.ജോൺ ജേക്കബ്. കാർഗിൽ യുദ്ധത്തിനിടെ നാടിനായി വീരമൃത്യു വരിച്ച ജവാന്മാരുടെ മൃതദേഹം ജന്മനാടുകളിലെത്തിക്കാൻ നേതൃത്വം നൽകിയത് ജോൺ ജേക്കബാണ്.
പുതിയകാവ് സ്വദേശിയായ ഡോ. ജോൺ ജേക്കബ്, കാർഗിൽ യുദ്ധം നടക്കുമ്പോൾ ദില്ലിയിലെ ആർമി സ്റ്റാഫ് ഓഫിസറായി പ്രവർത്തിക്കുകയായിരുന്നു.
നാഗ്പുർ എൻഐടിയിൽ നിന്നും സിവിൽ എൻജിനീയറിങ് കഴിഞ്ഞ ശേഷമാണ് പട്ടാളത്തിൽ ചേരാൻ തീരുമാനിച്ചത്. പക്ഷേ ബെംഗളൂരുവിലെ പട്ടാള ആശുപത്രിയിൽ നടന്ന പരിശോധനയിൽ ശരീര ഭാരം കൂടുതൽ ആയതിനാൽ ഡോ.
ജോൺ ജേക്കബിന് ആദ്യ ലിസ്റ്റിൽ ഇടം കിട്ടിയില്ല. ശരീര ഭാരം 6 ആഴ്ച കൊണ്ട് 20 കിലോ കുറച്ച് 64 കിലോ ആക്കണമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചു.
നാട്ടിലെത്തിയ ജോൺ ജേക്കബ് ഭക്ഷണ നിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും കഠിനമായി ശ്രമിച്ച് ഭാരം കുറച്ചു. 42-ാം ദിവസം ബെംഗളൂരു പട്ടാള ആശുപത്രിയിൽ പരിശോധനയ്ക്കെത്തി.
ഭാരം 63 കിലോ. രേഖകൾ പരിശോധിച്ചപ്പോൾ ഉദ്യോഗസ്ഥർക്ക് സംശയം.
രേഖകളിൽ കാണുന്ന ആളല്ലെന്ന് അവർ തീർത്തു പറഞ്ഞു. ആൾമാറാട്ടത്തിന് കേസെടുക്കുമെന്നും പറഞ്ഞു.
എന്നാൽ ശരീരഭാരം കുറച്ച വിവരങ്ങളും എസ്എസ്എൽസി ബുക്കിലെ വിവരങ്ങളുമാണ് അന്ന് തന്നെ രക്ഷിച്ചതെന്ന് ജോണ്‍ ജേക്കബ് പറയുന്നു. അങ്ങനെ 1988ൽ പട്ടാളത്തിൽ എത്തിയ ജോണ്‍ ജേക്കബ് ലഫ്റ്റനന്റ്, ക്യാപ്റ്റൻ, മേജർ, ലഫ്റ്റനന്റ് കേണൽ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു.
10 വർഷം സർവീസ് ശേഷിക്കെ ഡോ.ജോൺ ജേക്കബ് സ്വയം വിരമിച്ചു. ഇന്ന് നാട്ടിൽ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് അദ്ദേഹം.
എല്ലാ പിന്തുണയുമായി ഭാര്യ സോഫിയ ജോൺ, മകൾ ജോസ്ന ഗ്രേസ് ജോൺ, മരുമകൻ ലെജീവ് എം സാബു എന്നിവരും ഒപ്പമുണ്ട്. കാര്‍ഗിൽ യുദ്ധ വിജയത്തിന് ഇന്ന് 26 വയസ് രാജ്യം ഇന്ന് വിജയ ദിവസ് സ്മരണയിലാണ്.
ഇന്ത്യൻ ഭൂമിയിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയതോടെയാണ് കാർഗിലിലെ മഞ്ഞ് പുതച്ച മലനിരകളിൽ യുദ്ധം തുടങ്ങുന്നത്. 1999ലെ ശൈത്യകാലത്ത് പാക്ക് പട്ടാളം കശ്മീർ തീവ്രവാദികളുടെയും മറ്റും സഹായത്തോടെ കാർഗിലിലെ ഉയർന്ന പോസ്റ്റുകൾ പിടിച്ചടക്കി.
16,000 മുതൽ 18,000 അടി വരെ ഉയരത്തിലുളള മലനിരകളിൽ നിലയുറപ്പിച്ച അക്രമികളെ തുരത്താനായി ‘ഓപ്പറേഷൻ വിജയ്’എന്ന പേരിൽ ഇന്ത്യ നടത്തിയ സൈനിക നടപടികൾ രണ്ടരമാസത്തോളം നീണ്ടു. പാക്കിസ്ഥാൻ പിടിച്ചടക്കിയ പ്രദേശങ്ങളെല്ലാം ഇന്ത്യൻ സേന തിരിച്ചുപിടിച്ചു.
ജൂലൈ 26ന് ഇന്ത്യ കാർഗിലിൽ വിജയവും പ്രഖ്യാപിച്ചു. 1999 മെയ് എട്ടിന് ആരംഭിച്ച് ജൂലൈ 26ന് അവസാനിച്ച യുദ്ധത്തില്‍ 527 വീര സൈനികരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ഇരുപത്തിയാറാം വാർഷികത്തോട് അനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകൾ ദ്രാസിലെ കാർഗിൽ യുദ്ധ സ്മാരകത്തിൽ നടന്നു. കാർഗിൽ വിജയ ദിവസത്തിൽ പാകിസ്ഥാന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ശക്തമായ താക്കീത് നൽകി.
പാകിസ്ഥാന്റെ ഭീകരതയ്ക്കുള്ള മറുപടിയാണ് ഓപ്പറേഷൻ സിന്ദൂരിലൂടെ രാജ്യം നൽകിയത്. ഭീകരതയെ ഇരുമ്പുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്നും കരസേന മേധാവി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]