
കോടഞ്ചേരി(കോഴിക്കോട്) ∙ കുത്തിയൊഴുകുന്ന ചാലിപ്പുഴയെ സാഹസിക കാഴ്ചകളുടെ ആവേശത്തിലാക്കി പതിനൊന്നാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് തുടക്കം. ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരത്തില്‍ അമച്വര്‍ ബോട്ടര്‍ ക്രോസ്സിലൂടെ തുഴഞ്ഞ് കുതിച്ചെത്തിയ വിദേശതാരങ്ങളുള്‍പ്പെടെയുള്ളവരെ നിറഞ്ഞ കൈയടിയോടെയാണ് ജനം സ്വീകരിച്ചത്.
രണ്ട് ദിവസമായി നടക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം ലിന്റോ ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.
ഓരോ വര്‍ഷവും വിദേശരാജ്യങ്ങളില്‍നിന്ന് എത്തുന്ന കയാക്കര്‍മാരുടെ എണ്ണം വര്‍ധിക്കുന്നത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ലോകശ്രദ്ധ ലഭിക്കുന്നുണ്ടെന്നതിന്റെ തെളിവാണെന്ന് എംഎല്‍എ പറഞ്ഞു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്സന്, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ്, വാര്‍ഡ് അംഗം സൂസന് വര്‍ഗീസ് കേഴപ്ലാക്കല്‍, അഡ്വഞ്ചര്‍ ടൂറിസം സിഇഒ ബിനു കുര്യാക്കോസ്, ടൂറിസം ഡിഡി പ്രദീപ് ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
ആദ്യദിനം ഒളിംപിക്സ് മത്സരയിനമായ എക്സ്ട്രീം സ്ലാലോം ആയിരുന്നു ആദ്യം നടത്താന്‍ നിശ്ചയിച്ചിരുന്നതെങ്കിലും ജലനിരപ്പ് അധികമായതിനാല്‍ അമച്വര്‍ ബോട്ടര്‍ ക്രോസ്സ് മത്സരത്തോടെയാണ് തുടങ്ങിയത്. യുഎസ്എ, റഷ്യ, ഇറ്റലി, ന്യൂസീലന്‍ഡ്, ചിലെ, യുക്രെയ്ന് തുടങ്ങി രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ കയാക്കിങ്ങില്‍ മാറ്റുരക്കുന്നുണ്ട്.
∙ അമച്വർ ബോട്ടർ ക്രോസ്സിൽ വിജയികളായി കരിഷ്മയും ഗാർവും
ആദ്യ ദിനത്തിലെ അമച്വർ ബോട്ടർ ക്രോസ്സ് മത്സരങ്ങൾ അവസാനിച്ചപ്പോൾ വനിതാ വിഭാഗത്തിൽ മധ്യപ്രദേശിൽ നിന്നുള്ള കരിഷ്മ ദിവാനും പുരുഷ വിഭാഗത്തിൽ മധ്യപ്രദേശുകാരനായ ഗാർവ് കോക്കാട്ടേയും വിജയികളായി. പുലിക്കയത്തെ ചാലിപ്പുഴയിൽ ഒരുക്കിയ ഗേറ്റുകൾ നിബന്ധനകൾ പാലിച്ച് കൃത്യമായി കടന്ന് ഏറ്റവും കുറഞ്ഞ സമയത്ത് ഫിനിഷിങ് പോയിന്റിൽ എത്തിയവരാണ് വിജയികളായത്.
പുരുഷ വിഭാഗത്തിൽ കോഴിക്കോട് സ്വദേശി അക്ഷയ് അശോക് രണ്ടാം സ്ഥാനവും ബാംഗ്ലൂർ മലയാളി അയ്യപ്പൻ ശ്യാം മൂന്നാം സ്ഥാനവും നേടി.
വനിതാ വിഭാഗത്തിൽ യുക്രെയ്നിൽ നിന്നുള്ള ഓക്സാന ചെർവെഷൻ കൊ, മധ്യപ്രദേശിൽ നിന്നുള്ള ആയുഷി എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. ശനിയാഴ്ച റിവർ ഫെസ്റ്റിവലിൽ വനിത, പുരുഷ വിഭാഗം എക്സ്ട്രീം സ്ലാലോം പ്രഫഷനൽ മത്സരവും പ്രഫഷനൽ ബോട്ടർ ക്രോസ്സ് മത്സരവും പുലിക്കയത്ത് നടക്കും.
അവസാന ദിനമായ ഞായറാഴ്ച ഡൗൺ റിവർ മത്സരമാണ് പുല്ലൂരാംപാറയിൽ നടക്കുക. വേഗത കൂടിയ റാപ്പിഡ് രാജ, റാപ്പിഡ് റാണി എന്നിവരെ കണ്ടെത്തുന്ന മത്സരമാണിത്.
∙
സാഹസികതക്കൊപ്പം സുരക്ഷയും
ചാലിപ്പുഴയിലെയും ഇരുവഴഞ്ഞി പുഴയിലെയും കൂറ്റന്‍ പാറകളെയും ആറ്റുവഞ്ചി ചെടികളെയും ഭേദിച്ച് വേണം കയാക്കര്‍മാര്‍ ലക്ഷ്യ സ്ഥാനത്തെത്താന്‍. മത്സരത്തിനിടയില്‍ കയാക്ക് മറിയാനും പാറകളില്‍ ഇടിച്ചുവീഴാനും സാധ്യത ഏറെയാണ്.
എന്നാല്‍, അപകടങ്ങള്‍ തടയാനും പ്രയാസമില്ലാതെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനുമുള്ള ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങളാണ് അഡ്വഞ്ചര്‍ ടൂറിസവും സംഘാടകരും രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ 2025ല്‍ ഒരുക്കിയിരിക്കുന്നത്.
ജപ്പാനിലെ റെസ്ക്യൂ അംഗങ്ങള്‍ക്ക് വരെ പരിശീലനം നല്കിയ നേപ്പാളില്‍ നിന്നുള്ള ബിഷ്ണു ഗുരുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും ജില്ലയിലെ അഗ്നിരക്ഷ സേനയുടെ സ്ക്യൂബ ഡൈവിങ് വിഭാഗവും മത്സരങ്ങള്‍ക്കായി എത്തിയ കയാക്കേഴ്സും സുരക്ഷയൊരുക്കി സജീവമായുണ്ട്. എത്ര ഉയര്‍ന്ന് വെള്ളം എത്തിയാലും സുരക്ഷയൊരുക്കാനും അപകടമില്ലാതെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനും സാധിക്കുമെന്ന് അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന് സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് പറഞ്ഞു.
അഗ്നിരക്ഷാ സേനയുടെ മുക്കം, വെള്ളിമാട്കുന്ന്, മീഞ്ചന്ത, ബീച്ച് സ്റ്റേഷനുകളിലെ 15 റെസ്ക്യൂ ഓഫിസര്‍മാരും 10 സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകരും സജീവമായുണ്ട്. സ്ക്യൂബ ഉപകരണങ്ങള്‍ ഡിങ്കി ബോട്ട്, ആംബുലന്‍സ് എന്നിവയെല്ലാമായി സുസജ്ജമാണ് അഗ്നിരക്ഷ സേന.
മത്സരങ്ങള്‍ കാണാനെത്തിയവര്‍ പുഴയിലേക്ക് ഇറങ്ങാതിരിക്കാനുള്ള മുന്‍കരുതലുകളും സ്വീകരിക്കുന്നുണ്ട്. പുഴയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുള്ള മൂന്ന് ദിവസത്തെ പരിശീലനം ഓഫിസര്‍മാര്‍ക്ക് ബിഷ്ണു ഗുരുവിന്റെ നേതൃത്വത്തില്‍ നല്‍കിയിരുന്നു.
എല്ലാ പോയന്റ്റുകളിലും കയാക്കുകളുമായി നില്ക്കുന്ന വിദേശികള്‍ അടക്കമുള്ളവര്‍ മത്സരത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]