
വിദ്യാഭ്യാസ, സാമൂഹിക, ആതുരശുശ്രൂഷാ രംഗത്തു ക്നാനായ സമൂഹം കൈവരിച്ച വളർച്ചയുടെ പിന്നിലെ ശക്തികേന്ദ്രമായിരുന്നു കാൽ നൂറ്റാണ്ടുകാലം കോട്ടയം രൂപതാധ്യക്ഷനായിരുന്ന മാർ തോമസ് തറയിൽ. കോട്ടയം ബിസിഎം കോളജ്, ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജ്, കാരിത്താസ് ആശുപത്രി, വിവിധ പള്ളികൾ, സ്കൂളുകൾ, സന്യസ്ത മഠങ്ങൾ, വിരമിച്ച വൈദികർക്കായി വിയാന്നി ഹോം തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ ഭരണമികവിന്റെ തെളിവാണ്.സാമ്പത്തികശേഷിയുള്ളവരിൽനിന്നു പണം ശേഖരിച്ച് അദ്ദേഹം വർഷങ്ങൾക്കു മുൻപു തുടക്കമിട്ട
സ്ഥാപനങ്ങൾ ഇന്നു ക്രൈസ്തവ സമൂഹത്തിന്റെയും നാടിന്റെയും അഭിമാനമാണ്. അപ്നാ ദേശ്, സേക്രഡ് ഹാർട്ട് എന്നീ പ്രസിദ്ധീകരണങ്ങൾ അക്കാലത്തു രൂപത ആരംഭിച്ചിരുന്നു. 1975 ജൂലൈ 26ന് ആണ് അദ്ദേഹം വിട
പറഞ്ഞത്.
ക്നാനായ സമൂഹത്തിന്റെയും മാർ തോമസ് തറയിലിന്റെയും കരുണയുടെ മുഖമാണു തെള്ളകത്തെ കാരിത്താസ് ആശുപത്രി. 1962ൽ മാർ തോമസ് തറയിൽ 50 കിടക്കകളുമായി തുടക്കമിട്ട
കാരിത്താസ് ഇന്ന് 650 ബെഡുകളുള്ള, മധ്യ തിരുവിതാംകൂറിലെ മൾട്ടി സൂപ്പർ സ്പെഷ്യൽറ്റി റഫറൽ ആശുപത്രിയാണ്.പ്രസവത്തിനിടെയും പാമ്പുകടിയേറ്റും മരിച്ചുപോകുന്ന പ്രിയപ്പെട്ടവരെക്കുറിച്ചുള്ള സങ്കടങ്ങളാണു മാർ തോമസ് തറയിൽ ഇടവക സന്ദർശനങ്ങളിൽ കണ്ടതും കേട്ടതും. ജീവൻ രക്ഷിക്കാനുള്ള അത്യാവശ്യ സംവിധാനമെങ്കിലും ഒരുക്കേണ്ടതു തന്റെ ദൗത്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
ആശുപത്രിക്ക് 1955ൽ തെള്ളകത്തെ കുന്നിനു മുകളിൽ തറക്കല്ലിട്ടെങ്കിലും സാമ്പത്തിക ഞെരുക്കം വന്നതോടെ 7 വർഷം നിർമാണം നീണ്ടു.
ക്നാനായ സമൂഹത്തിലെ തന്റെ വ്യക്തിബന്ധങ്ങൾ ഉപയോഗിച്ചായിരുന്നു അദ്ദേഹം പണം കണ്ടെത്തിയത്. ബുദ്ധിമുട്ടുകൾ വന്നപ്പോഴെല്ലാം ദൈവഹിതം മാത്രമേ നടപ്പിലാകൂവെന്ന ഉറച്ച വിശ്വാസം ചുറ്റുമുള്ളവരിലേക്കു പകർന്നു നൽകി.ഇതിനിടെ കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ 1961ൽ ഒരു സ്ഥാപനം ഇവിടെ ആരംഭിച്ചു.
ഇൻസ്റ്റിറ്റ്യൂട്ടിലൂടെ ഒട്ടേറെപ്പേരെ ജർമനിയിൽ നഴ്സിങ് പഠിപ്പിച്ചു തിരികെയെത്തിച്ച അദ്ദേഹം ആശുപത്രിയിലെത്തുന്നവർക്കു മികച്ച സേവനം ഉറപ്പാക്കി. മാർ തോമസ് തറയിലിന്റെ വ്യക്തിബന്ധത്തിലൂടെയാണ് ആശുപത്രിയിലെ ആദ്യ ഡോക്ടറായ പീറ്റർ റോഡ ജർമനിയിൽനിന്ന് എത്തിയത്.
അദ്ദേഹം കൂടെക്കരുതിയ ഡയാലിസിസ് മെഷീൻ പാമ്പുകടിയേറ്റ നൂറുകണക്കിന് ആളുകളുടെ ജീവനാണു കാത്തത്.
ഇന്ത്യയിലെ മൂന്നാമത്തെ ഡയാലിസിസ് യൂണിറ്റായിരുന്നു അത്.നാടിന്റെ വേദനകളിൽ പങ്കുചേർന്ന്, പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ അദ്ദേഹം തുടങ്ങിയ സംരംഭം ഇന്ന് ക്നാനായ കത്തോലിക്കാ അതിരൂപത ബിഷപ്പുമാരുടെയും വൈദികരുടെയും അൽമായരുടെയും നാനാജാതി മതസ്ഥരുടെയും സഹകരണത്തോടെ മുന്നോട്ടുപോകുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]