
ചെറുവത്തൂർ ∙ വീരമലക്കുന്നിൽനിന്ന് ദേശീയ പാതയിലേക്ക് പതിച്ച മണ്ണ് നീക്കംചെയ്യൽ തുടരുന്നു. പ്രതിഷേധങ്ങൾ നിറഞ്ഞ് വീരമലയുടെ താഴ്വാരം.
ആശങ്കയേറുന്ന മനസ്സുമായി നാട്ടുകാരുടെ യോഗം നാളെ. കേന്ദ്രമന്ത്രിയെ നേരിൽകണ്ട് കാര്യങ്ങൾ ബോധിപ്പിച്ച രാജ്മോഹൻ ഉണ്ണിത്താൻ എംപി ഇന്ന് മണ്ണിടിച്ചിൽ നടന്ന സ്ഥലം സന്ദർശിക്കും.കഴിഞ്ഞ വ്യാഴാഴ്ച മണ്ണിടിച്ചിലുണ്ടായ മയിച്ചയിലെ വീരമലക്കുന്നിൽനിന്ന് താഴേക്കു പതിച്ച മണ്ണ് ദേശീയ പാതയിൽനിന്ന് നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോഴും തുടരുന്നത്.
നൂറുകണക്കിന് ലോഡ് മണ്ണ് ഇതിനകം തന്നെ ഇവിടെനിന്ന് മാറ്റിക്കഴിഞ്ഞു. എന്നിട്ടും ദേശീയ പാതയിൽനിന്ന് പൂർണമായും മണ്ണ് നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ല.
ഗതാഗതം നിയന്ത്രിച്ചുകൊണ്ടാണ് മണ്ണ് മാറ്റുന്നത്. അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്തുവന്നു. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീകളടക്കം ഒട്ടേറെ ആളുകൾ പങ്കെടുത്ത ധർണ ഇന്നലെ രാവിലെ മലയുടെ അടിവാരത്ത് നടന്നു.
കേന്ദ്ര–സംസ്ഥാന സർക്കാരുകളെ കുറ്റപ്പെടുത്തിക്കൊണ്ട് വീരമലയെ തകർത്തവർക്കെതിരെ നടപടി വേണം എന്ന് ധർണ ഉദ്ഘാടനം ചെയ്ത് ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.ബാലകൃഷ്ണൻ അധ്യക്ഷനായി.
സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി, നേതാക്കളായ കെ.വി.സുധാകരൻ, കെ.പി.പ്രകാശൻ, വി.വി.കൃഷ്ണൻ, എം.വി.കൃഷ്ണൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി. സൂരജ് എന്നിവർ പ്രസംഗിച്ചു.
വൈകിട്ട് ഡിവൈഎഫ്ഐ ചെറുവത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഭവ സ്ഥലത്തേക്ക് മാർച്ച് നടത്തി.
ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. വീരമല തകർന്നതിന് കാരണക്കാരായത് ദേശീയ പാത അതോറിറ്റിയും കരാർ കമ്പനിയുമാണെന്ന് രജീഷ് വെള്ളാട്ട് ആരോപിച്ചു.
ശ്രീജിത്ത് രവീന്ദ്രൻ അധ്യക്ഷനായി. കെ.
സജേഷ് പ്രസംഗിച്ചു. ആശങ്കയിൽ നിൽക്കുന്ന മയിച്ച നിവാസികളുടെ യോഗം നാളെ ഉച്ചയ്ക്ക് വയൽക്കര ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തിലാണ് ചേരുക. വീരമലയുടെ മണ്ണിടിച്ചിൽ തടയുന്നതിന് എത്ര സുരക്ഷാ കവചം തീർത്താലും കാര്യമില്ലെന്നും പാതയുടെ അലൈൻമെന്റ് മാറ്റണമെന്നുമാണ് പ്രധാനമായും നാട്ടുകാർ ഉന്നയിക്കുന്ന ആവശ്യം.
ഇതിന് പുറമേ 250ൽ അധികം കുടുംബങ്ങൾ താമസിക്കുന്ന മയിച്ച ഗ്രാമത്തിലെ ശ്മശാനം പ്രവർത്തിക്കുന്നത് ഈ വീരമലയിലാണ്. ഇതാകട്ടെ ഏതുസമയത്തും നിലംപതിക്കുന്ന അവസ്ഥയിലാണ്.
ഈ സാഹചര്യത്തിൽ ശ്മശാന നിർമാണത്തിന് സ്ഥലം അനുവദിച്ചുനൽകുന്നത് അടക്കമുള്ള നിർദേശങ്ങളും നാട്ടുകാരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്. ഗതാഗത നിയന്ത്രണം തുടരുന്നു
ചെറുവത്തൂർ ∙ മണ്ണിടിച്ചിലിനെത്തുടർന്ന് ദേശീയ പാതയിൽ വീരമലക്കുന്നിനു സമീപം ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരും.
ഭാരവാഹനങ്ങൾ മാത്രം ഇതുവഴി കടത്തിവിടും.മറ്റ് വാഹനങ്ങൾ നേരത്തെ ഒരുക്കിയ സംവിധാനം പോലെ മറ്റു വഴികളിലൂടെതന്നെ യാത്ര തുടരണം. മലയിൽനിന്ന് ഇടിഞ്ഞുവീണ മണ്ണ് മാറ്റൽ പൂർത്തിയാകാത്തതിനാലും ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാലും നിലവിൽ ഏർപ്പെടുത്തിയ സംവിധാനംതന്നെ തുടരാനാണ് ആലോചിക്കുന്നത്.
ഭാരവാഹനങ്ങളെയാണ് ഇപ്പോൾ ഇതുവഴി കടത്തിവിടുന്നത്. ബസുകളും മറ്റും അച്ചാംതുരത്തി–കോട്ടപ്പുറം, പാലക്കുന്ന്–കയ്യൂർ, കോത്തായിമുക്ക്–ചീമേനി എന്നീ വഴികളിലൂടെയാണ് കടത്തിവിടുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]