തിരുവല്ല ∙ രാത്രി 11.20നു വലിയൊരു ശബ്ദം. പിന്നാലെ വൈദ്യുതിയും നഷ്ടമായി.
കൂടെ ആരുടെയോ ഉറക്കെയുള്ള കരച്ചിലും. ഇതുകേട്ടാണു കാവുംഭാഗം – മുത്തൂർ റോഡിലെ മന്നങ്കരച്ചിറയിലേക്ക് ആളുകൾ ഓടിയെത്തിയത്.
റോഡുവശത്തു നിൽക്കുന്ന കൂറ്റൻ മാവിന്റെ ചുവട്ടിൽ ഇരിക്കുന്ന യുവാവാണ് കരയുന്നത്. തൊട്ടുതാഴെയുള്ള കുളത്തിലേക്ക് കാർ വീണു രക്ഷിക്കണേ എന്നു പറഞ്ഞ് അനന്തുവിന്റെ കരച്ചിൽ.
കാർ ഇടിച്ചു മറിയുന്നതിനു തൊട്ടുമുൻപാണു മന്നങ്കരച്ചിറ മുക്കുങ്കൽ ബിനു കുര്യനും ഭാര്യയും സ്കൂട്ടറിൽ ചാലക്കുഴി റോഡിൽ നിന്നു മുത്തൂർ ഭാഗത്തേക്കു തിരിഞ്ഞു പോയത്. 50 മീറ്റർ പോലും എത്തുന്നതിനു മുൻപാണ് അപകടം.
അവർ ഉടൻ തിരിച്ചുവന്നു.
അപ്പോഴേക്കും നാട്ടുകാർ ഓരോരുത്തരായി എത്തി. എല്ലാവരും ചേർന്നു കുളത്തിൽ ഇറങ്ങി കാർ കയറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
10 അടിയോളം ആഴത്തിൽ വെള്ളമുണ്ട്. താഴെ നിറയെ ചെളിയും.
ഇതിനിടയിൽ സമീപത്തെ വീട്ടിൽ നിന്നു കൊണ്ടുവന്ന വടം ഉപയോഗിച്ചു കെട്ടി ഉയർത്താൻ ശ്രമിച്ചെങ്കിലും വടം പൊട്ടി. ടർഫിൽ നിന്നു കളി കഴിഞ്ഞെത്തിയ 2 യുവാക്കൾ രക്ഷാപ്രവർത്തനത്തിനു കുളത്തിൽ ഇറങ്ങി ഇതിൽ ഒരാൾ മുങ്ങിച്ചെന്നു ഡോർ തുറന്ന് ഒരാളെ വലിച്ചെടുത്തു കരയ്ക്കെത്തിച്ചു.
അപ്പോഴേക്കും ഫയർ ഫോഴ്സിന്റെ 3 വാഹനങ്ങളും പൊലീസും സ്ഥലത്തെത്തി.
ഫയർ ഫോഴ്സിന്റെ വാഹനത്തിൽ ജയകൃഷ്ണനെയും അനന്തുവിനെയും ആശുപത്രിയിലേക്ക് അയച്ചു. പിന്നീട് അഗ്നിരക്ഷാസേന വെള്ളത്തിലിറങ്ങി കാറിൽ വടം കെട്ടി പൊലീസിന്റെ ജീപ്പ് ഉപയോഗിച്ച് വലിച്ചു കാർ കയറ്റി.
ഇതിനിടെ കാറിലുണ്ടായിരുന്ന ഐബിയെയും കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് അയച്ചു.ഇതിനിടെ കാറിൽ 5 പേർ ഉണ്ടായിരുന്നതായി അനന്തു പറഞ്ഞിരുന്നു. സംശയം തീർക്കാനായി ഫയർ ഫോഴ്സ് ഒരു മണിക്കൂറോളം കുളത്തിൽ തിരഞ്ഞെങ്കിലും പിന്നീട് ആരെയും കണ്ടെത്താനായില്ല.
ഇതോടെ മറ്റാരും കുളത്തിൽ ഇല്ലെന്ന് ഉറപ്പാക്കി 3 മണിയോടെ തിരച്ചിൽ അവസാനിപ്പിച്ചു.
വൈകിട്ട് വേങ്ങൽ ഭാഗത്തു ചൂണ്ടയിടാനാണു സുഹൃത്തുക്കൾ ഒത്തുകൂടിയത്. രാത്രിയോടെ 2 പേരേ അവരവരുടെ വീടുകളിലിറക്കി വിട്ടശേഷം അനന്തുവിന്റെ വീടായ മുത്തൂരിലേക്കു പോകുകയായിരുന്നു.അപകടം നടന്ന സ്ഥലത്തിനു സമീപമാണ് ചാലക്കുഴി ഭാഗത്തേക്കു തിരിയുന്ന റോഡ്.
ഈ ഭാഗത്താണ് ഐബിയുടെ വീട്. നേരെ പോയാൽ മുത്തൂരിൽ അനന്തുവിന്റെ വീട്ടിലേക്കുള്ള വഴിയാണ്.
ഇവിടെയെത്തിയപ്പോൾ എങ്ങോട്ടു തിരിയണമെന്ന ആശയക്കുഴപ്പം ഉണ്ടായിക്കാണുമെന്നും സംശയിക്കുന്നു. എതിരെ വന്ന ബൈക്കിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണു കാർ ഇടിച്ചു മറിഞ്ഞതെന്നും പറയുന്നു.
മന്നങ്കരച്ചിറയിൽ റോഡിന്റെ ഇരുവശവും കുഴിയാണ്. ഇവിടെ റോഡുവശത്തു ക്രാഷ് ബാരിയർ വച്ചിട്ടുണ്ടെങ്കിലും അപകടം നടന്ന ഭാഗത്തു വച്ചിട്ടില്ല.
കുളത്തിൽ നേരത്തേയും അപകടം നടന്നിട്ടുണ്ടെങ്കിലും മരണം സംഭവിക്കുന്നത് ആദ്യമാണെന്നു നാട്ടുകാർ പറഞ്ഞു. നേരത്തേ ഇവിടെ ലോറിയും കാറും ബൈക്കും കുളത്തിൽ വീണിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]