
മട്ടന്നൂർ∙ ബഫർ സോൺ പ്രഖ്യാപനത്തെ തുടർന്ന് പഴശ്ശി പദ്ധതിയുടെ സമീപ സ്ഥലത്ത് വീട് നിർമാണത്തിന് അനുമതി നൽകുന്നില്ലെന്ന പരാതിയുമായി രണ്ട് കുടുംബങ്ങൾ വെളിയമ്പ്രയിലെ പഴശ്ശി ഇറിഗേഷൻ ഓഫിസിനു മുന്നിൽ സമരം നടത്തി. അനുമതി നൽകും വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും ചർച്ച നടത്തി തീരുമാനമെടുക്കാമെന്ന നിർദേശം വന്നതിനെ തുടർന്ന് സമരക്കാർ പിരിഞ്ഞു പോയി.
അധികൃതരുടെ അനാസ്ഥ കാരണം വീടെന്നത് സ്വപ്നമായി തുടരുന്ന രണ്ടു കുടുംബങ്ങളാണ് പഴശ്ശി ഇറിഗേഷൻ ഓഫിസിനു മുന്നിൽ സമരവുമായി എത്തിയത്.
പായം പഞ്ചായത്തിലെ അളപ്ര സ്വദേശികളായ വട്ടപ്പാറ മഹേഷ്, മാവിലെ വീട്ടിൽ എം.സുരേഷ് കുമാർ എന്നിവരും കുട്ടികൾ അടങ്ങുന്ന അവരുടെ കുടുംബങ്ങളുമാണ് പ്രതിഷേധ സമരം ആരംഭിച്ചത്. പഴശ്ശി പദ്ധതിയോടു ചേർന്ന് പായം പഞ്ചായത്തിലെ അളപ്രയിൽ ഇരുവരും വീട് നിർമാണത്തിനായി അപേക്ഷ നൽകിയിരുന്നു.
എന്നാൽ നിർമാണം ആരംഭിച്ച് അധികം പിന്നിടും മുന്നേ ബഫർ സോണിന്റെ പേരിൽ പഴശ്ശി ഇറിഗേഷന്റെ നിരാക്ഷേപപത്രം വേണമെന്ന നിർദേശം ലഭിച്ചു. പിന്നീട് ഇങ്ങോട്ട് മാസങ്ങളായി ഇവരുടെ വീട് നിർമാണം പാതിവഴിയിലായി.
ഡാമുകളോടു ചേർന്നുള്ള ജനവാസ മേഖല ബഫർ സോണാക്കിക്കൊണ്ടുള്ള ഉത്തരവ് പിൻവലിച്ചിട്ടും നിർമാണ പ്രവർത്തനങ്ങൾക്ക് നിരാക്ഷേപ പത്രം നൽകുന്നതിൽ അധികൃതരുടെ ഭാഗത്തു നിന്ന് അനുകൂല നിലപാട് ഉണ്ടാകുന്നില്ലെന്ന് കുടുംബങ്ങൾ പറയുന്നു. ബഫർ സോൺ ഉത്തരവ് മരവിപ്പിച്ചതായി വകുപ്പ് മന്ത്രി നിയമസഭയിൽ പ്രഖ്യാപിക്കുകയും പിന്നീട് ഇതുസംബന്ധിച്ച് ഉത്തരവും ഇറങ്ങിയിരുന്നു.
ഇവർ വീട് വയ്ക്കുന്ന സ്ഥലം പഴശ്ശി ജലസേചന വിഭാഗത്തിന്റെ കയ്യേറ്റഭൂമി അല്ലെന്നും താലൂക്ക് സർവേയർ അളന്നുതിട്ടപ്പെടുത്തിയ പ്ലാനും സ്കെച്ചും സഹിതം അപേക്ഷ നൽകിയിരുന്നു.
ആറുമാസം മുൻപ് നൽകിയ അപേക്ഷയിൽ പഴശ്ശി പദ്ധതി ഭൂമിയുമായി അതിർത്തി പങ്കിടുന്നതാണെങ്കിലും പദ്ധതി പ്രദേശത്തേക്ക് കയ്യേറ്റമൊന്നുമില്ലെന്നും ബഫർ സോൺ സംബന്ധിച്ച ഉത്തരവ് മരവിപ്പിച്ചതിനാൽ പ്രസ്തുത അപേക്ഷകർക്ക് നിർമാണപ്രവർത്തനങ്ങൾക്ക് നിരാക്ഷേപപത്രം നൽകാമെന്ന് പഴശ്ശി ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ മാസങ്ങൾക്ക് മുൻപ് രേഖാമൂലം അറിയിച്ചിട്ടുമുണ്ട്. എന്നിട്ടും അധികൃതർ അനുകൂല നിലപാട് സ്വീകരിക്കാത്തതോടെയാണ് കുടുംബവുമായി എത്തി ഇറിഗേഷൻ ഓഫിസിന് മുന്നിൽ സമരം ആരംഭിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]