
ആലപ്പുഴ∙ മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനു ജന്മദിന സമ്മാനമായി മുൻ പഴ്സനൽ സ്റ്റാഫ് അംഗം മുഹമ്മ പുല്ലമ്പാറയിൽ ആരംഭിച്ച ജനകീയ മെഡിക്കൽ ലാബ് അദ്ദേഹത്തിനുള്ള ആദ്യ സ്മാരമാകും. വിഎസ് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പഴ്സനൽ സ്റ്റാഫ് അംഗമായിരുന്ന മുഹമ്മ പഞ്ചായത്തംഗം ലതീഷ് ബി.ചന്ദ്രനാണു പഴ്സനൽ സ്റ്റാഫ് അംഗമെന്ന നിലയിൽ ലഭിക്കുന്ന പെൻഷൻ തുക ഉപയോഗിച്ചു ലബോറട്ടറി ആരംഭിച്ചത്.
ജനകീയ ലാബിന്റെ പേര് വിഎസ് സ്മാരക ലാബ് എന്നാക്കുമെന്നു ലതീഷ് പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ വിഎസിന്റെ 101–ാം ജന്മദിനത്തിന്റെ തലേദിവസമാണ് ലാബ് കെട്ടിടത്തിനു തറക്കല്ലിട്ടത്. വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഷീല തോമസാണു വിഎസിന്റെ പഴ്സനൽ അസിസ്റ്റന്റായിരുന്ന എ.സുരേഷിന്റെ സാന്നിധ്യത്തിൽ ശിലാസ്ഥാപനം നിർവഹിച്ചത്.
ഈ വർഷം ഏപ്രിൽ 13നു ലാബ് പ്രവർത്തനം തുടങ്ങി.
2006 എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായിരിക്കുമ്പോഴാണു ലതീഷ് മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ അംഗമാകുന്നത്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിഎസിനെ സ്ഥാനാർഥിയാക്കണം എന്നാവശ്യപ്പെട്ടു മുഹമ്മയിൽ പ്രകടനം നടത്തിയതിന്റെ പേരിൽ ലതീഷിനെ പിന്നീടു സിപിഎമ്മിൽ നിന്നു പുറത്താക്കി.
തിരഞ്ഞെടുപ്പു കഴിഞ്ഞു വിഎസ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമായിരുന്നു പാർട്ടിയുടെ നടപടി. പാർട്ടി നടപടിയെടുത്തെങ്കിലും ലതീഷിനെ വിഎസ് പഴ്സനൽ സ്റ്റാഫിൽ നിന്നു മാറ്റിയില്ല.
2011 ൽ വിഎസ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞതോടെ ലതീഷ് നാട്ടിൽ പാർട്ടിയിലും ഡിവൈഎഫ്ഐയിലും സജീവമായി.
ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹിയായി. എന്നാൽ 2013ൽ കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ ഒന്നാം പ്രതിയായതോടെ വീണ്ടും പാർട്ടിയിൽ നിന്നു പുറത്താക്കി.
2020ൽ ലതീഷിനെ കോടതി കുറ്റവിമുക്തനായാക്കിയെങ്കിലും പാർട്ടിയിൽ തിരിച്ചെടുത്തില്ല.
തുടർന്നു 2020 ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മുഹമ്മ പഞ്ചായത്തിലെ 12–ാം വാർഡിൽ സ്വതന്ത്രനായി മത്സരിച്ചു. ‘‘പഴ്സനൽ സ്റ്റാഫ് അംഗങ്ങൾക്കുള്ള പെൻഷൻ തുകയായ 4100 രൂപ 12 വർഷമായി ലഭിക്കുന്നുണ്ട്.
ഈ പണം ഉപയോഗിച്ചാണു ലാബ് പൂർത്തിയാക്കിയത്.
വിഎസ് കാരണമാണു തനിക്ക് ആ വരുമാനം ലഭിക്കുന്നത്. അത് അദ്ദേഹത്തിന്റെ ഓർമയിൽ ജനസേവനത്തിനായി വിനിയോഗിക്കുന്നു.
നിർധനർക്കും തൊഴിലുറപ്പു തൊഴിലാളികൾക്കും പകുതി നിരക്കിലാണ് ലാബ് സേവനങ്ങൾ ലഭ്യമാക്കുന്നത്’’– ലതീഷ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]