
മുണ്ടിക്കൽതാഴം∙ നൂറ് കണക്കിന് വാഹനങ്ങളും രോഗികൾ അടക്കം ആയിരക്കണക്കിന് യാത്രക്കാരും ദിവസവും ആശ്രയിക്കുന്ന കാരന്തൂർ–മെഡി.കോളജ് റോഡിൽ നാലര കിലോമീറ്റർ ദൂരത്തിൽ പത്തിലേറെ വാരിക്കുഴികൾ. റോഡ് ദേശീയപാതയുമായി ചേരുന്ന കാരന്തൂർ ജംക്ഷൻ, മുണ്ടിക്കൽതാഴം അവിൽ മില്ലിന്റെ സമീപം, മായനാട് സ്കൂളിന് സമീപം, വയൽ പരിസരം, മായനാട്, വളവ്, മെഡിക്കൽ കോളജ് കയറ്റം ഭാഗങ്ങളിലെ ആഴമേറിയ കുഴികളിൽ വീണ് ദിവസവും ഇരുചക്ര വാഹന യാത്രക്കാർ അടക്കം ഒട്ടേറെ പേർക്കാണ് പരുക്കേൽക്കുന്നത്. മുണ്ടിക്കൽതാഴം ഭാഗത്തെ കുഴിയിൽ രാത്രി അടക്കം യാത്രക്കാർ കുഴിയിൽ വീണ് അപകടം പതിവാണ്.
ഈ ഭാഗത്ത് വെളിച്ചക്കുറവും റോഡിന് വിസ്തൃതി ഇല്ലാത്തതും ഇരുവശവും ആഴമേറിയ തോടും യാത്രക്കാർക്ക് ഭീഷണിയാണ്. മണിക്കൂറിൽ മുപ്പതോളം ആംബുലൻസ് അടക്കം വാഹനങ്ങൾ 3 ജില്ലകളിൽ നിന്നും തമിഴ്നാട് നീലഗിരി ഭാഗത്തു നിന്നും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗികളെയും കൊണ്ട് സഞ്ചരിക്കുന്ന ജില്ലയിൽ ഏറ്റവും കൂടുതൽ വാഹന ഗതാഗതവും തിരക്കും ഉള്ള പ്രധാന റോഡുകളിൽ ഒന്നാണ് ഇത്.
ദേശീയപാത ബസ് റൂട്ട് ദേശസാൽക്കരണം മൂലം ദീർഘദൂര ബസുകൾ അടക്കം സ്വകാര്യ ബസുകൾ ഒരു മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്തുന്നുണ്ട്.പനാത്ത്താഴം– സിഡബ്ല്യുആർഡിഎം റോഡ് വഴി വരുന്ന വാഹനങ്ങളും ദേശീയപാത ബൈപാസ്, കോഴിക്കോട് വിമാനത്താവളം, നഗരത്തിലെ വിവിധ ഭാഗങ്ങളിലും എത്താൻ റോഡിനെ ആശ്രയിക്കുന്നത് മൂലം രാത്രി പകൽ വ്യത്യാസമില്ലാതെ തിരക്ക് പതിവാണ്.
കിഫ്ബി വഴി പ്രത്യേക പദ്ധതി തയാറാക്കി അരയിടത്തുപാലം മുതൽ കാരന്തൂർ വരെ റോഡ് രണ്ടു ഘട്ടങ്ങളായി നാല് വരി പാതയായി നവീകരിക്കും എന്ന് പറഞ്ഞ് അധികൃതർ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ കല്ലിട്ടെങ്കിലും 5 വർഷം കഴിഞ്ഞിട്ടും കുന്നമംഗലം, ചെലവൂർ വില്ലേജുകളിൽ ഉൾപ്പെട്ട
ഭാഗങ്ങളിൽ പോലും സ്ഥലം ഏറ്റെടുക്കൽ തുടങ്ങിയിട്ടില്ല.
നഗരത്തിലേക്ക് വാതക പൈപ്പ് ലൈൻ സ്ഥാപിക്കാനും കുടിവെള്ള പൈപ്പ് ലൈൻ വിപുലീകരിക്കാനും കുഴിയെടുത്ത റോഡ് പലയിടത്തും കുഴി രൂപപ്പെട്ടത് ശരിയായി നികത്തിയിട്ടില്ല എന്നാണ് യാത്രക്കാരുടെ പരാതി. മഴ കനത്തതോടെ റോഡിൽ നിറയെ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ചില കുഴികൾ എല്ലാം യാത്രക്കാരുടെ ജീവനെടുക്കാൻ പാകത്തിലാണ്. റോഡ് നവീകരിച്ച് അപകടങ്ങൾ ഒഴിവാക്കുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്നും കാര്യമായ നടപടികൾ ഉണ്ടായില്ലെങ്കിൽ ദുരന്തങ്ങൾ സംഭവിക്കാൻ സാധ്യത ഏറെയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]