
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കമിട്ട തീരുവയുദ്ധം, ട്രംപും കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലും തമ്മിലെ പലിശത്തർക്കം, ജപ്പാനിലെ രാഷ്ട്രീയ പ്രതിസന്ധി എന്നിങ്ങനെ നിരവധി വെല്ലുവിളികളുണ്ടായിട്ടും അതൊന്നും ‘മൈൻഡ് ചെയ്യാതെ’ ഓഹരി വിപണികളുടെ മുന്നേറ്റം.
കോർപറേറ്റ് കമ്പനികൾ മെച്ചപ്പെട്ട പ്രവർത്തനഫലം പുറത്തുവിടുന്നതാണ് ഓഹരികൾക്ക് ആവേശമാകുന്നത്.
∙ മെക്സിക്കോയ്ക്കും യൂറോപ്യൻ യൂണിയനുമെതിരെ ഓഗസ്റ്റ് ഒന്നുമുതൽ 30% തീരുവ ചുമത്താനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് ട്രംപ്.
യുഎസും യൂറോപ്യൻ യൂണിയനുമായുള്ള സമവായ ചർച്ച എങ്ങുമെത്തിയിട്ടുമില്ല. ട്രംപ് വാശിപിടിച്ചാൽ അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് യൂറോപ്യൻ യൂണിയന്റെ തീരുമാനം.
∙ ഇന്ത്യയും യുഎസും തമ്മിലെ വ്യാപാര ചർച്ചയിലും അനിശ്ചിതാവസ്ഥ തുടരുന്നു.
ഇന്ത്യയുടെ കാർഷിക, ക്ഷീരോൽപന്ന മേഖല യുഎസിന് തുറന്നുകൊടുക്കാനോ തീരുവയിളവ് നൽകാനോ ഇന്ത്യ ഒരുക്കമല്ല. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 20 ശതമാനത്തിലും താഴെ തീരുവയേ പ്രഖ്യാപിക്കാവൂ എന്ന ഇന്ത്യയുടെ ആവശ്യം യുഎസ് ഇതുവരെ അംഗീകരിച്ചിട്ടുമില്ല.
∙ ജപ്പാനിൽ ഭരണകക്ഷിക്ക് ഉപരിസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും ഇന്നത് ഓഹരി വിപണിയെ ബാധിച്ചില്ല.
ഇന്നലെ ജാപ്പനീസ് ഓഹരി വിപണിക്ക് അവധിയായിരുന്നു. ജാപ്പനീസ് നിക്കേയ് സൂചിക ഇന്ന് 0.25% നേട്ടത്തിലേറി.
ഓഹരികളിൽ ആവേശക്കുതിപ്പ്
യുഎസിൽ നാസ്ഡാക് 0.38% ഉയർന്ന് റെക്കോർഡ് 20,974.17ലും എസ് ആൻഡ് പി500 സൂചിക 0.14% നേട്ടവുമായി എക്കാലത്തെയും ഉയരമായ 6,305ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഡൗ ജോൺസ് വിപരീത ദിശയിലായിരുന്നു; 0.04% താഴേക്കിറങ്ങി.
∙ യുഎസിൽ ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ, എസ് ആൻഡ് പി500, നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് എന്നിവ 0.1% വരെ നേട്ടമുണ്ടാക്കി.
∙ കോർപറേറ്റ് വമ്പന്മാരായ ടെസ്ല, ആൽഫബെറ്റ് എന്നിവയുടെ ജൂൺപാദ പ്രവർത്തനഫലം ഇന്നു പുറത്തുവരാനിരിക്കേയാണ് ഓഹരി വിപണികളുടെ റെക്കോർഡ് മുന്നേറ്റം. എൻവിഡിയയ്ക്കു സമാനമായി പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട
പ്രവർത്തനഫലം ഈ കമ്പനികളും പുറത്തുവിടുമെന്ന വിലയിരുത്തലാണ് നിക്ഷേപകർക്ക് ആവേശമാകുന്നത്.
∙ ഏഷ്യ-പസഫിക്കിൽ ജാപ്പനീസ് നിക്കേയ്ക്ക് പുറമെ ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചിക 0.19%, ഹോങ്കോങ് 0.06% എന്നിങ്ങനെ നേട്ടത്തിലാണ്. ചൈനയിൽ ഷാങ്ഹായ് 0.08% നഷ്ടം രേഖപ്പെടുത്തി.
യൂറോപ്പിൽ ലണ്ടന്റെ എഫ്ടിഎസ്ഇ 0.23% ഉയർന്നു.
കുതിച്ചുകയറാൻ ഇന്ത്യ, ഗിഫ്റ്റ് നിഫ്റ്റി പോസിറ്റീവ്
മികച്ച പ്രവർത്തനഫലം പുറത്തുവിട്ടിട്ടും റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ ഇന്നലെ 3.29% താഴ്ന്നായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. എങ്കിലും എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ മികച്ച പ്രവർത്തനഫലത്തിന്റെ കരുത്തിൽ സെൻസെക്സും നിഫ്റ്റിയും ഇന്നലെ മികച്ച നേട്ടം തിരിച്ചുപിടിച്ചു.
സെൻസെക്സ് 442 പോയിന്റ് (+0.54%) ഉയർന്ന് 82,200ലും നിഫ്റ്റി 122 പോയിന്റ് (+0.49%) മുന്നേറി 25,090ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി വീണ്ടും 25,000ന് മുകളിലെത്തി വ്യാപാരം അവസാനിപ്പിച്ചത് ആവേശം പകരുന്ന ഘടകമാണ്. ഇന്നു രാവിലെ ഗിഫ്റ്റ് നിഫ്റ്റി 50 പോയിന്റ് ഉയർന്നു എന്നതും നിക്ഷേപകർക്ക് ഊർജമാകും.
ഇന്നും സെൻസെക്സും നിഫ്റ്റിയും നേട്ടയാത്ര തുടരുമെന്ന പ്രതീക്ഷ ഇതുനൽകുന്നു.
പേയ്ടിഎമ്മിന്റെ പ്രവർത്തനഫലത്തിലേക്കാണ് ഇന്ന് ഏവരും പ്രധാനമായും ഉറ്റുനോക്കുന്നത്. പാമോലിവ്, ഡിക്സൺ ടെക്, ഐഡിയഫോർജ്, സീ എന്റർടെയ്ൻമെന്റ്, കോൾഗേറ്റ്, ജെഎസ്ഡബ്ല്യു ഇൻഫ്ര തുടങ്ങിയവയുടെ പ്രവർത്തനഫലം ഇന്നറിയാം.
സൊമാറ്റോയുടെ മാതൃകമ്പനിയായ എറ്റേണൽ ഇന്നലെ പ്രവർത്തനഫലം പ്രസിദ്ധീകരിച്ചിരുന്നു. ലാഭം 90% കൂപ്പകുത്തി വെറും 25 കോടിയായി.
പക്ഷേ, ഓഹരിവില ഇന്നലെ 7.5% കുതിച്ചുകയറി. പ്രവർത്തന വരുമാനം 70% കയറിയതും പുതിയ ബിസിനസ് വിപുലീകരണ പദ്ധതികളുമാണ് നിക്ഷേപകർ കണക്കിലെടുത്തതും ഓഹരി കുതിക്കാനിടയാക്കിയതും.
∙ വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) വിൽക്കലുകാരായിതന്നെ തുടരുന്നു.
ഇന്നലെയും അവർ 1,681 കോടി രൂപ ഇന്ത്യൻ ഓഹരികളിൽ നിന്ന് പിൻവലിച്ചു.
∙ ഇന്ത്യയുടെ മുഖ്യ വ്യവസായ മേഖലയുടെ വളർച്ച (കോർ സെക്ടർ വളർച്ച) മേയിലെ 1.2 ശതമാനത്തിൽ നിന്ന് ജൂണിൽ 1.7 ശതമാനമായി മെച്ചപ്പെട്ടത് ശുഭകരമാണ്. എങ്കിലും ഈ രംഗത്തെ പ്രധാന വിഭാഗങ്ങളായ കൽക്കരി, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, വളം, വൈദ്യുതി എന്നിവ ജൂണിൽ ഉൽപാദന ഇടിവാണ് കുറിച്ചതെന്നത് നിരാശയും പടർത്തുന്നു.
സ്വർണവില കൂടുന്നു
ആഭരണപ്രിയർക്ക് നിരാശനൽകി സ്വർണവില കുതിപ്പ് തുടങ്ങി.
യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 98നു താഴേക്കും യുഎസ് ഗവൺമെന്റിന്റെ 10-വർഷ കടപ്പത്ര ആദായനിരക്ക് (ട്രഷറി യീൽഡ്) 4.3 ശതമാനം നിലവാരത്തിലേക്കും ഇടിഞ്ഞതാണ് സ്വർണത്തിനു നേട്ടമായത്.
രാജ്യാന്തര സ്വർണവില ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം ഔൺസിന് 3,400 ഡോളറിന് മുകളിലെത്തി. ഇന്നലെ വില 3,350 ഡോളർ നിലവാരത്തിലായിരുന്നു.
നിലവിൽ 3,390 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കേരളത്തിൽ ഇന്നു സ്വർണവിലയിൽ വൻ വർധനയുണ്ടാകുമെന്ന സൂചനയാണിതു നൽകുന്നത്.
∙ യുഎസും യൂറോപ്യൻ യൂണിയനും തമ്മിലെ വ്യാപാരയുദ്ധം കലുഷിതമായേക്കുമെന്ന വിലയിരുത്തൽ ക്രൂഡ് ഓയിലിനു തിരിച്ചടിയായി.
ബ്രെന്റ് വില ബാരലിന് 0.66% ഇടിഞ്ഞ് 68.75 ഡോളറിലും ഡബ്ല്യുടിഐ ക്രൂഡ് വില 0.60% താഴ്ന്ന് 66.80 ഡോളറുമായി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]