
ആലപ്പുഴ ∙ മനുഷ്യസ്നേഹത്തിന്റെ വിപ്ലവ നേതാവായി വി.എസ്.അച്യുതാനന്ദൻ വളരാൻ തുടങ്ങിയപ്പോൾ മുതൽ അടുപ്പമുണ്ടായിരുന്ന ബോട്ട്ക്രൂ ഓഫിസ് നഗരത്തിൽ ഇപ്പോഴും ചരിത്രസാക്ഷിയായി നിൽക്കുന്നു. കർഷകത്തൊഴിലാളികളെയും കയർത്തൊഴിലാളികളെയും സംഘടിപ്പിക്കാനുള്ള ചുമതല ഏറ്റെടുത്ത കാലം മുതലേയുള്ളതാണ് വിഎസും മുല്ലയ്ക്കലെ ബോട്ട്ക്രൂ ഓഫിസും തമ്മിലുള്ള അടുപ്പം.
അക്കാലത്ത് സ്വകാര്യ മേഖലയിൽ പ്രവർത്തിച്ച ജലഗതാഗത രംഗത്തെ തൊഴിലാളികളുടെ സംഘടനയായിരുന്ന സ്റ്റീം ആൻഡ് മോട്ടർ ബോട്ട്ക്രൂ അസോസിയേഷന്റെ (ബോട്ട്ക്രൂ) ഓഫിസ് തൊഴിലാളി നേതാവായ വിഎസിന്റെ താവളമായിരുന്നു. ഇവിടെ നിന്നു അധികം അകലെയല്ലാതെ കൃഷ്ണഭവൻ ലോഡ്ജിൽ പ്രവർത്തിച്ച പാർട്ടിയുടെ താലൂക്ക് കമ്മിറ്റി ഓഫിസും ചെത്തുതൊഴിലാളി യൂണിയൻ കെട്ടിടം നിർമിച്ച ശേഷം അതും വിഎസിന്റെ ആലപ്പുഴയിലെ പ്രധാന താവളങ്ങൾ ആയിരുന്നു.
ഒരു വൈകുന്നേരം ബോട്ട്ക്രൂവിൽ നിന്നിറങ്ങി മുല്ലയ്ക്കൽ തെരുവിന്റെ വടക്കേയറ്റം എത്തിയ വിഎസ് കായികമായി നേരിട്ടത് തെരുവിലെ പ്രധാന ഗുണ്ടയെ ആയിരുന്നു.
അക്കാലത്ത് വാരാന്ത്യം കൂലി വാങ്ങി വരുന്ന കയർത്തൊഴിലാളി സ്ത്രീകളെ ആക്രമിച്ചും ഭീഷണിപ്പെടുത്തിയും പണം വാങ്ങുന്നത് ഗുണ്ടയുടെ സ്ഥിരം നടപടിയായിരുന്നു. എല്ലാവരും ഗുണ്ടയെ ഭയപ്പെട്ടു.
വിഎസിന്റെ ചവിട്ടേറ്റ അക്രമി അതോടെ ഗുണ്ടാപ്പിരിവ് നിർത്തിയെന്നാണ് പഴമക്കാർ പറയുന്നത്.
ആലപ്പുഴ വൈഎംസിഎ പാലത്തിനു തെക്കുവശം പ്രവർത്തിച്ച പുഞ്ച സ്പെഷൽ ഓഫിസിലേക്ക് കർഷകത്തൊഴിലാളികൾ കൂലിവർധനവിനായി 1971 ജൂൺ 23ന് നടത്തിയ മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ മുട്ടാർ ഈയോച്ചൻ എന്ന കർഷകൻ കൊല്ലപ്പെട്ടു. ഈ സമരത്തിന് നേതൃത്വം നൽകാൻ വിഎസ് പുറപ്പെട്ടത് ബോട്ട്ക്രൂ ഓഫിസിൽ നിന്നായിരുന്നു.
ആ കേസിൽ വിഎസ് ഒന്നാം പ്രതിയായിരുന്നെന്നു കേസിൽ രണ്ടാം പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ച ആലപ്പുഴ പാലസ് വാർഡിൽ താഴത്തുപറമ്പിൽ വീട്ടിൽ ടി.പി.നരേന്ദ്രൻ(78) ഓർക്കുന്നു.
‘‘വെടിവയ്ക്കാൻ സർവസന്നാഹവുമായി പൊലീസും ഇ.ജോൺ ജേക്കബിന്റെ നേതൃത്വത്തിൽ കുട്ടനാട്ടിലെ കർഷകരും അണിനിരന്നപ്പോഴാണ് കർഷകത്തൊഴിലാളികൾ മുന്നോട്ടു നീങ്ങിയത്. വളരെ പെട്ടെന്ന് കർഷകത്തൊഴിലാളിമാർച്ചിന്റെ മുന്നിൽ നെഞ്ചുവിരിച്ച് വിഎസ് നടക്കാൻ തുടങ്ങി.
കർഷകത്തൊഴിലാളി യൂണിയൻ ഭാരവാഹികളായ ഞങ്ങളെല്ലാം ആവർത്തിച്ചു പറഞ്ഞിട്ടും വിഎസ് പിന്നോട്ടു മാറിയില്ല. പൊലീസ് ലാത്തിവീശി.
കർഷകർ വടി കൊണ്ട് ആക്രമിക്കാനും തുടങ്ങി. റോഡിൽ കിടന്ന കല്ലെടുത്തെറിഞ്ഞ് കർഷകത്തൊഴിലാളികളും നേരിട്ടു.’’ ആശുപത്രിയിലും ജയിലിലും തൊഴിലാളികളെയെല്ലാം കണ്ടിട്ടാണ് അന്ന് അമ്പലപ്പുഴ എംഎൽഎ ആയിരുന്ന വിഎസ് മടങ്ങിയതെന്നും നരേന്ദ്രൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]