
പറവൂർ ∙ സർക്കാർ കെട്ടിടമായ മിനി സിവിൽ സ്റ്റേഷനിലേക്കു വെള്ളം എടുത്തിരുന്നതു പൊതുടാപ്പിൽനിന്ന്. പലതവണ ആവശ്യപ്പെട്ടിട്ടും അംഗീകൃത കണക്ഷൻ എടുക്കാതിരുന്നതിനാൽ ജല അതോറിറ്റി പൊതുടാപ്പിലേക്കുള്ള കണക്ഷൻ വിഛേദിച്ചു.
2005ൽ ഉദ്ഘാടനം ചെയ്ത മിനി സിവിൽ സ്റ്റേഷനിൽ ഇതുവരെ വാട്ടർ കണക്ഷൻ എടുത്തിരുന്നില്ല.
സർക്കാരിനെ സർക്കാർ തന്നെ ഊറ്റുന്ന തരത്തിൽ 2 പതിറ്റാണ്ടായി ‘ജലമോഷണം’ തുടരുകയായിരുന്നു. 19 സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന കെട്ടിടം തഹസിൽദാരുടെ കീഴിലാണ്.
തെക്കു ഭാഗത്തെ മതിലിനോടു ചേർന്നു സിവിൽ സ്റ്റേഷനിലേക്കു സ്ഥാപിച്ചിരിക്കുന്ന പൊതുടാപ്പിൽനിന്നാണു വെള്ളം ഊറ്റിയിരുന്നത്.പൊതുടാപ്പിന്റെ പൈപ്പിൽനിന്നു വേറെ പൈപ്പുകൾ ഉപയോഗിച്ചു ലൂപ് കണക്ഷൻ എടുത്തിരിക്കുകയായിരുന്നു. വെള്ളം തുറക്കാനും അടയ്ക്കാനുമായി വാൽവും സ്ഥാപിച്ചിരുന്നു.
വാൽവ് തിരിച്ചു വെള്ളം മിനി സിവിൽ സ്റ്റേഷനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന 2 വലിയ ടാങ്കുകളിൽ ശേഖരിച്ചായിരുന്നു കെട്ടിടത്തിലെ വിവിധ ഓഫിസുകളിലെ ജല ഉപയോഗം.
പ്രതിദിനം 2 മുതൽ 3 കിലോ ലീറ്റർ വരെ വെള്ളമെങ്കിലും മിനി സിവിൽ സ്റ്റേഷനിൽ ഉപയോഗിക്കുന്നുണ്ടെന്നാണു ജല അതോറിറ്റിയുടെ നിഗമനം. അതുവച്ചു കണക്കാക്കുമ്പോൾ വർഷം അൻപതിനായിരം രൂപയോളം വെള്ളക്കരം അധികൃത ജലമൂറ്റിലൂടെ ജല അതോറിറ്റിക്കു നഷ്ടമായിട്ടുണ്ട്.
സാധാരണയായി മിനി സിവിൽ സ്റ്റേഷനുകളിൽ തഹസിൽദാരുടെ പേരിലാണു കണക്ഷൻ എടുക്കുക.
ബിൽ തുക ഓരോ ഓഫിസിലെയും ജീവനക്കാരുടെ എണ്ണത്തിനനുസൃതമായി ഭാഗിച്ചു നൽകി അതത് ഓഫിസുകളെക്കൊണ്ട് അടപ്പിക്കുകയാണു ചെയ്യുന്നത്. പറവൂരിൽ അത്തരമൊരു സംവിധാനം ഉണ്ടായിരുന്നില്ല.
പൊതുടാപ്പിൽനിന്നു വെള്ളം ഉപയോഗിക്കാനുള്ള അനുമതി വർഷങ്ങൾക്കു മുൻപു ജല അതോറിറ്റിയിൽ ഉണ്ടായിരുന്ന ഒരു എൻജിനീയർ നൽകിയതാണെന്നാണു പറയുന്നത്.
പൊതുടാപ്പിലേക്കുള്ള കണക്ഷൻ ഇന്നലത്തെ തീയതിയിൽ വിഛേദിക്കുമെന്നു മുൻകൂട്ടി അറിയിച്ചിരുന്നെന്നും ഓൺലൈൻ പോർട്ടലിൽ അപേക്ഷ സമർപ്പിച്ചാൽ ഉടൻ പുതിയ അംഗീകൃത കണക്ഷൻ നൽകുമെന്നും ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു.പുതിയ കണക്ഷൻ എടുക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനിടെയാണു ജല അതോറിറ്റിയുടെ നടപടിയുണ്ടായതെന്നും കണക്ഷൻ എടുക്കാനുള്ള ചെലവ് 9,500 രൂപ തുല്യമായി ഭാഗിച്ച് ഓരോ ഓഫിസുകളും നൽകണമെന്ന നിർദേശം രേഖാമൂലം സിവിൽ സ്റ്റേഷനിലെ ഓഫിസുകൾക്കു നൽകിയിരുന്നെന്നും തഹസിൽദാർ പറഞ്ഞു.
ഒരു മാസത്തിനകം പുതിയ കണക്ഷൻ എടുക്കാനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും 19 സർക്കാർ ഓഫിസുകളും സ്ത്രീകൾ ഉൾപ്പെടെ നൂറ്റിയൻപതോളം ജീവനക്കാരുമുള്ള മിനി സിവിൽ സ്റ്റേഷനിലെ വിഛേദിച്ച പൊതുടാപ്പ് താൽക്കാലികമായി പുനഃസ്ഥാപിച്ചു നൽകണമെന്നും ആവശ്യപ്പെട്ടു തഹസിൽദാർ കത്തു നൽകുകയും പ്രതിപക്ഷ നേതാവിന്റെ ഓഫിസ് ഇടപെടുകയും ചെയ്തതിനാൽ ഇന്നലെ വൈകിട്ടോടെ ജല അതോറ്റി പൊതുടാപ്പ് പുനഃസ്ഥാപിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]