
ബത്തേരി∙ ചീരാൽ, നമ്പ്യാർകുന്ന് പ്രദേശങ്ങളിൽ പുലിശല്യം ഒഴിയുന്നില്ല. ചീരാൽ കരിങ്കാളിക്കുന്നിൽ കഴിഞ്ഞ ദിവസം രാത്രി വീണ്ടും പുലിയെത്തി.
കരിങ്കാളിക്കുന്ന് കുറ്റിപ്പുറത്ത് രാധാകൃഷ്ണന്റെ വളർത്തുനായയെ ആക്രമിച്ചു. കൂടിനകത്തായിരുന്ന നായയെയാണു പുലി ആക്രമിച്ചത്.
നായയുടെ കഴുത്തിനു താഴെ ആഴത്തിൽ മുറിവേറ്റു. പുലിയെത്തി കൂടിളക്കിയപ്പോൾ തുറന്ന വാതിലിലൂടെ അകത്തു കടന്ന് നായയെ പിടികൂടുകയുമായിരുന്നു.
നായയുടെ കുരച്ചിൽ കേട്ട് വീട്ടുകാർ പുറത്തെത്തുമ്പോഴേക്കും പുലി ഇരുളിൽ മറഞ്ഞു.
വനപാലകർ സ്ഥലത്തെത്തി പുലിയുടെ കാൽപാടുകൾ സ്ഥിരീകരിച്ചു. നായയ്ക്ക് പിന്നീട് ചികിത്സ നൽകി.
കഴുത്തിൽ 10 തുന്നിക്കെട്ടുകൾ വേണ്ടിവന്നു.വളർത്തു നായയെ ആക്രമിച്ചതിനു 100 മീറ്റർ മാറി പുലിയെ കെണിയിലാക്കാൻ വനംവകുപ്പ് ഒരാഴ്ച മുൻപ് കൂടു സ്ഥാപിച്ചിരുന്നു. എന്നാൽ, കൂട്ടിൽ ഇരയില്ലായിരുന്നെന്നു നാട്ടുകാർ പറഞ്ഞു.
ആദ്യത്തെ രണ്ടു ദിവസം ഇര ഉണ്ടായിരുന്നെങ്കിലും അതിനെ ആരോ കെട്ടഴിച്ചു വിട്ടെന്നാണു അറിയുന്നത്. കൂടു സ്ഥാപിച്ച ശേഷം ശ്രദ്ധിച്ചില്ലെന്നും പരാതിയുണ്ട്.
മൂന്നാഴ്ച മുൻപു കരിങ്കാളിക്കുന്ന് തൊവരിമല രാജേഷിന്റെ മൂരിക്കിടാവിനെയും ഒരാഴ്ച മുൻപ് കരിങ്കാളിക്കുന്ന് ഉന്നതിയിലെ നാരായണിയുടെ വളർത്തുനായയെയും പുലി കൊന്നു.
തുടർന്നാണു വനംവകുപ്പ് കൂട് സ്ഥാപിച്ചത്. ഇരയില്ലാത്ത കൂട്ടിൽ കയറാൻ പുലി കൂട്ടാക്കിയില്ല. 3 ആക്രമണങ്ങളും 200 മീറ്റർ ചുറ്റളവിലാണ് നടന്നത്.ചീരാൽ, നമ്പ്യാർകുന്ന് പ്രദേശങ്ങളിൽ തുടർച്ചയായി വളർത്തുമൃഗങ്ങളെ പുലി പിടികൂടിയതിനെ തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കഴിഞ്ഞ 1ന് ഒരു ആൺപുലി കുടുങ്ങിയിരുന്നു.
അതോടെ പുലിയാക്രമണം ഒതുങ്ങുമെന്നാണ് കരുതിയതെങ്കിലും വീണ്ടും വളർത്തുമൃഗങ്ങൾ ആക്രമിക്കപ്പെട്ടു.
3 മാസത്തിനിടെ 14 വളർത്തുമൃഗങ്ങളാണു ചീരാൽ നമ്പ്യാർകുന്ന് പ്രദേശങ്ങളിൽ പുലി ആക്രമണത്തിന് ഇരയായത്. ഇതോടെ പ്രദേശത്ത് ഒന്നിലേറെ പുലികളുണ്ടെന്ന് വ്യക്തമായി.
വീടിനു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]