
ശക്തനായ സമരനായകൻ എന്നതിനൊപ്പം ജനനായകൻ എന്ന വിശേഷണം കൂടി വിഎസിനു നൽകിയതിൽ പാലക്കാടിനു നിർണായക പങ്കുണ്ട്. ഇവിടത്തെ അനുഭവങ്ങളും കാഴ്ചകളും വികസന, ക്ഷേമനടപടികളോടുള്ള കാഴ്ചപ്പാടിൽ മാറ്റമുണ്ടാക്കിയതായി അദ്ദേഹം മുതിർന്ന പാർട്ടി പ്രവർത്തകരോടു പറഞ്ഞിരുന്നു. പാലക്കാട്ടെ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ജീവിതം തൊട്ടറിയാനായതു പൊതുപ്രവർത്തനത്തിലെ വലിയ കാര്യമായി അദ്ദേഹം ഒാർമിച്ചു.
ആലപ്പുഴയിലെ കർഷകത്തൊഴിലാളികളിൽ നിന്നു പാടേ വ്യത്യസ്തവും കൂടുതൽ പ്രയാസം നിറഞ്ഞതുമാണ് ഇവിടത്തെ ജീവിതമെന്ന് അദ്ദേഹം നിരീക്ഷിച്ചു. നെൽക്കർഷകരുടെ കളങ്ങളിലും വീട്ടുമുറ്റത്തും വരെ വിവിധ വിഷയങ്ങളിൽ യോഗം നടത്തി.
കർഷകത്തൊഴിലാളികളുടെ പെൻഷൻ, ചികിത്സാ ആനുകൂല്യങ്ങൾ, മക്കളുടെ വിവാഹത്തിനു ധനസഹായം, പഠനത്തിനു പണം എന്നിവയ്ക്കു മുൻഗണന നൽകി.
മണ്ഡലത്തിലെ പദ്ധതികളുടെ നടത്തിപ്പിനെക്കുറിച്ചു വിവിധ യോഗങ്ങളിൽ പലപ്പോഴും ജനങ്ങളോട് നേരിട്ടു ചോദിച്ചു. മണ്ഡലത്തിൽ എപ്പോഴും സാന്നിധ്യമറിയിക്കാൻ തിരക്കുകൾ അനുവദിച്ചില്ലെങ്കിലും ഓരോ പദ്ധതിയുടെയും പുരോഗതിയും ആവശ്യങ്ങളും അദ്ദേഹം നിരന്തരം വിലയിരുത്തിയിരുന്നു.2 പതിറ്റാണ്ടു കാലം പാലക്കാട്ടെ ജനപ്രതിനിധിയായിരുന്നെങ്കിലും അക്കാലത്ത് ജില്ലയിലെ സംഘടനാ വിഷയങ്ങളിൽ ഒന്നിലും വിഎസ് ഇടപെട്ടിരുന്നില്ല.
ജില്ലയിൽ തനിക്കൊപ്പം ശക്തമായി നിന്നിരുന്നവർ വഴിമാറിപ്പോകുമ്പോഴും ആരെയും പിടിച്ചുനിർത്താനും മെനക്കെട്ടില്ല.
കോച്ച് ഫാക്ടറി
റെയിൽവേ കോച്ച് ഫാക്ടറി പാലക്കാട്ടു തന്നെ വേണമെന്ന ആവശ്യത്തിന്റെ മുൻനിരയിൽ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ഉണ്ടായിരുന്നു. 2008ലെ റെയിൽവേ ബജറ്റിലാണ് കേരളത്തിന് കോച്ച് ഫാക്ടറി അനുവദിച്ചത്.
റെയിൽവേ വിദഗ്ധസംഘം കഞ്ചിക്കോട് കണ്ടെത്തിയ സ്ഥലത്തിൽ 232 ഏക്കർ ഏറ്റെടുത്ത് റെയിൽവേ മന്ത്രാലയത്തിനു കൈമാറിയതും വിഎസിന്റെ കാലത്താണ്. അതിനായി പ്രത്യേക ഉദ്യോഗസ്ഥസംഘങ്ങളെ അദ്ദേഹം നിയമിച്ചു.
2012 ഫെബ്രുവരി 21ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ റെയിൽവേ മന്ത്രി തറക്കല്ലിട്ടു. നിർമാണം നീണ്ടുപോകുന്നതിനെതിരെയും വി.എസ് സജീവമായി രംഗത്തെത്തിയിരുന്നു.
പദ്ധതി നടക്കാതായപ്പോൾ കേന്ദ്ര റെയിൽവേ മന്ത്രിയെ നേരിട്ടു കണ്ടു പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ബെമ്ൽ
സൈനിക ഉപകരണങ്ങളുടെയും റെയിൽ കോച്ചുകളുടെയും നിർമാണത്തിൽ ഒന്നാം നിരയിലെത്തിയ മിനി നവരത്നകമ്പനിയായ ബെമ്ൽ (ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ്) കഞ്ചിക്കോട് സ്ഥാപിക്കാൻ നടപടിയെടുത്തത് വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ്.എ.കെ.ആന്റണി പ്രതിരോധമന്ത്രിയായിരുന്നപ്പോഴാണ് ബെമ്ൽ കേരളത്തിൽ ആരംഭിക്കാൻ നിർദേശമുയർന്നത്. സ്ഥലലഭ്യതയായിരുന്നു പ്രധാന ഘടകം.
കാസർകോട് ഉൾപ്പെടെ സ്ഥലങ്ങൾ പരിശോധിക്കുന്നതിനിടയിൽ കഞ്ചിക്കോട് 372 ഏക്കർ സ്ഥലം അനുവദിച്ച് മന്ത്രാലയത്തിനു കൈമാറി. കിൻഫ്ര പാർക്കിൽ ടെക്സ്റ്റൈൽ പാർക്ക് സ്ഥാപിക്കാനും മുൻകയ്യെടുത്തു. 211 ഏക്കർ ഭൂമി അനുവദിച്ചു പദ്ധതിക്കു തറക്കല്ലിട്ടത് അദ്ദേഹമായിരുന്നു.
എംഎൽഎ ആയിരിക്കുമ്പോൾ കേരളത്തിനുള്ള ഐഐടി പാലക്കാട് സ്ഥാപിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം പിന്നീട് കഞ്ചിക്കോട്ട് സഫലമായി. ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് അടച്ചുപൂട്ടാൻ കേന്ദ്രം നീക്കം തുടങ്ങിയപ്പോൾ അത് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിനെക്കൊണ്ട് കേന്ദ്രവുമായി ധാരണാപത്രം ഉണ്ടാക്കാൻ മുൻകയ്യെടുത്തതും വിഎസാണ്.
മലമ്പുഴയിലെ പദ്ധതികൾ
1994ൽ ടി.ശിവദാസമേനോൻ മലമ്പുഴ എംഎൽഎ ആയിരിക്കേ അനുവദിച്ച റിങ് റോഡിൽ 10 കിലോമീറ്റർ അന്നു പൂർത്തിയായെങ്കിലും ബാക്കി 25 കിലോമീറ്ററും നിർമിച്ചതു വിഎസിന്റെ കാലത്താണ്.
റോഡിനു സ്ഥലം വിട്ടുനൽകാൻ മടിച്ച വ്യക്തിയെ വിഎസ് നേരിൽ കണ്ടാണ് തടസ്സം നീക്കിയത്. സംസ്ഥാനത്തെ റീജനൽ പബ്ലിക് ഹെൽത്ത് ലാബ് പുതുപ്പരിയാരത്ത് അനുവദിച്ചത് വിഎസ് മുഖ്യമന്ത്രിയായ സമയത്താണ്. മലപ്പുറം, പാലക്കാട് ജില്ലകളിലെ സാധാരണക്കാർക്ക് പേവിഷബാധ ടെസ്റ്റ് ഉൾപ്പെടെ എല്ലാതരത്തിലുമുള്ള ആരോഗ്യപരിശോധന കുറഞ്ഞ നിരക്കിൽ എന്നതാണു ലക്ഷ്യം.
അദ്ദേഹം ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായിരിക്കേ ലാബിനു തറക്കല്ലിടുകയും ചെയ്തു.
കഞ്ചിക്കോട് വ്യവസായമേഖല: രക്ഷയായത് വിഎസിന്റെ ക്യാംപെയ്ൻ
2001 മുതൽ ഉണ്ടായ പ്രതിസന്ധിയിൽ നിന്നു വ്യവസായ മേഖലയെ തിരിച്ചുകൊണ്ടുവരാൻ വിഎസ് മുൻകയ്യെടുത്തു നടത്തിയ നീക്കങ്ങളുടെ സ്മരണയിലാണു കഞ്ചിക്കോട്. 200 സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതിലൂടെ 12,000ൽ അധികം പേർക്കു ജോലി നഷ്ടപ്പെട്ടു. ട്രേഡ് യൂണിയനുകളെ ഒരു കുടക്കീഴിൽ ഒരുമിപ്പിച്ച് എ.കെ.ബാലൻ ചെയർമാനും എസ്.ബി.രാജു ജനറൽ കൺവീനറുമായി വ്യവസായ സംരക്ഷണ സമിതി രൂപീകരിച്ച വിഎസ് പ്രതിസന്ധി നേരിടാൻ വലിയ ക്യാംപെയ്നിനു നേതൃത്വം നൽകി.
അന്നത്തെ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, ധനമന്ത്രി കെ.ശങ്കരനാരായണൻ, കേന്ദ്രമന്ത്രി ഒ.രാജഗോപാൽ എന്നിവരെ ഉൾപ്പെടെ എത്തിച്ച് തൊഴിലുടമകൾ, തൊഴിലാളി പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവരുടെ വിപുലമായ യോഗം വിളിച്ച് വിഷയം ചർച്ചചെയ്തു.
വ്യവസായങ്ങൾക്കു തടസ്സമില്ലാതെ വൈദ്യുതി ലഭിക്കാൻ സ്ഥലത്ത് 400 കെവി സബ്സ്റ്റേഷൻ സ്ഥാപിച്ചു. അടച്ചുപൂട്ടിയ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഓണമാഘോഷിക്കാൻ ഫെസ്റ്റിവൽ അലവൻസ് നടപ്പാക്കിയത് വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണെന്ന് തൊഴിലാളി നേതാക്കൾ ഒാർമിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]