
കാറഡുക്ക ∙ ‘നീന്തൽ അറിയുന്നവർക്ക് മാത്രം പ്രവേശനം’!. ഗാന്ധിനഗർ–നെച്ചിപ്പടുപ്പ്–വടക്കേക്കര റോഡിൽ ഇങ്ങനെയൊരു ബോർഡ് കണ്ടാലും അതിശയപ്പെടാനില്ല.
പഞ്ചായത്ത് രേഖയിൽ റോഡാണെങ്കിലും ഒറ്റനോട്ടത്തിൽ തോടാണെന്നേ തോന്നുകയുള്ളൂ. കാറഡുക്ക ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച് വടക്കേക്കരയിൽ അവസാനിക്കുന്ന ഈ റോഡിലെ നെച്ചിപ്പടുപ്പിൽ 150 മീറ്ററോളം ദൂരത്തിലാണ് ഈ ദുരിതം.
4 കിലോമീറ്റർ നീളമുള്ള റോഡിൽ ഈ ഭാഗത്ത് ഒഴികെ ടാറിങ്ങും കോൺക്രീറ്റുമായി ഗതാഗതയോഗ്യമാണ്.
എന്നാൽ നെച്ചിപ്പടുപ്പിലെ ഈ 150 മീറ്റർ ഭാഗം ടാറിങ് ചെയ്യാതെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഇതിന്റെ രണ്ട് വശങ്ങളിലും സ്വകാര്യവ്യക്തികളുടെ മതിലാണ്.
മഴവെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമില്ലാത്തതിനാൽ റോഡിൽ തന്നെ കെട്ടിക്കിടക്കുകയാണ്. 100 മീറ്ററോളം നീളത്തിൽ ഒന്നര അടിയിലേറെ ഉയരത്തിലാണ് ഇവിടെ വെള്ളം കെട്ടിനിൽക്കുന്നത്. ഇതുകാരണം വാഹനങ്ങൾക്ക് പോലും പോകാൻ കഴിയുന്നില്ല.
സ്കൂൾ കുട്ടികൾ സ്വകാര്യവ്യക്തികളുടെ തോട്ടത്തിലൂടെ പോകേണ്ട സ്ഥിതിയാണ്.
ചെളിവെള്ളം കെട്ടി നിന്ന് കാല് കുത്താൻ പോലും ഇടമില്ല.
നെച്ചിപ്പടുപ്പ്, വടക്കേക്കര പ്രദേശങ്ങളിലെ നൂറ്റമ്പതോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന റോഡാണിത്. മഴക്കാലത്ത് എല്ലാവർഷവും ഇവരുടെ തലവേദനയാണിത്.
റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ആരും നടപടിയെടുക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. കഴിഞ്ഞ വർഷം കാറഡുക്ക പഞ്ചായത്ത് 110 മീറ്റർ ഭാഗം കോൺക്രീറ്റ് ചെയ്തിരുന്നെങ്കിലും ഇതുകൂടി ടാറിങ് ചെയ്താലേ യാത്ര സുഗമമാവുകയുള്ളൂ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]