
മൂവാറ്റുപുഴ∙ അറ്റകുറ്റപ്പണികൾ നടത്താതെ പെരിയാർവാലി നീർപ്പാലങ്ങൾ അപകടാവസ്ഥയിൽ. ഏതു നിമിഷവും നിലംപൊത്താവുന്ന നിലയിലാണ് പെരിയാർവാലി കനാലിന്റെ ഭാഗമായുള്ള അക്വഡക്ടുകൾ.
പായിപ്ര വെസ്റ്റ് മുളവൂരിൽ പെരിയാർ വാലി നീർപ്പാലത്തിന്റെ കോൺക്രീറ്റും ഇരുമ്പു കമ്പികളും ഇളകി താഴെ വീണു. ഇത് എപ്പോൾ വേണമെങ്കിലും തകർന്നു താഴെ വീഴും എന്നാണ് ജനങ്ങളുടെ ആശങ്ക.
നിറയെ വെള്ളം ഉള്ളപ്പോൾ ആണെങ്കിൽ വലിയ ദുരന്തമായിരിക്കും ഇതു സൃഷ്ടിക്കുക. പെരിയാർവാലിയുടെ മേതല – ആട്ടായം ബ്രാഞ്ച് കനാലിന്റെ ഭാഗമാണ് ഈ നീർപ്പാലം.
പതിറ്റാണ്ടുകൾക്ക് മുൻപ് നിർമിച്ച പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കാത്തതിനാലാണ് ബലക്ഷയം സംഭവിച്ചിരിക്കുന്നത്. ഇതിൽ നിന്നും കോൺക്രീറ്റും സിമന്റ് പാളികളും അടർന്നു വീഴുന്നത് പതിവായിരിക്കുകയാണ്.
വെസ്റ്റ് മുളവൂർ ജുമാമസ്ജിദ് റോഡിനു മുകളിലൂടെയാണ് നീർപ്പാലം കടന്നു പോകുന്നത്.
പെരിയാർവാലി ജലസേചന പദ്ധതിയുടെ വാളകം ബ്രാഞ്ച് കനാലിന്റെ ഭാഗമായുള്ള വീട്ടൂർ നീർപ്പാലത്തിലും ചോർച്ചയുണ്ട്. ബലക്ഷയവും സംഭവിച്ചിരിക്കുകയാണ്.
റോഡ് നിരപ്പിൽ നിന്ന് 25 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന നീർപ്പാലം തകർന്നാലും വലിയ ദുരന്തം ഉണ്ടാകും. കാലപ്പഴക്കം മൂലം ബലക്ഷയം സംഭവിച്ച നീർപ്പാലത്തിൽ നിന്നു വെള്ളം ചോരുന്നതു പതിവാണ്.
നീർപ്പാലങ്ങൾ വൃത്തിയാക്കാതെ മാലിന്യം അടിഞ്ഞു കിടക്കുന്നതിനാൽ പല സ്ഥലത്തും നീർപ്പാലം കവിഞ്ഞ് വെള്ളം താഴേക്കു പതിക്കുന്നുണ്ട്. ഫണ്ടില്ല എന്ന കാരണം ചൂണ്ടി കാണിച്ച് പരാതികൾ അവഗണിക്കുന്ന നിലപാടാണ് പെരിയാർ വാലി അധികൃതർ സ്വീകരിക്കുന്നതെന്നും പരാതിയുണ്ട്.
മഴക്കാലം ആരംഭിച്ചതോടെ പെരിയാർ വാലി കനാൽ ബണ്ട് റോഡുകളെല്ലാം തകർന്ന് തരിപ്പണമായി കിടക്കുകയാണ്. പല സ്ഥലങ്ങളിലും കനാൽ ബണ്ട് തകർന്ന നിലയിലുമാണ്.
കനാൽ ബണ്ടിന്റെയും റോഡിന്റെയും അറ്റകുറ്റപ്പണികൾ തീർക്കണം എന്നാവശ്യപ്പെട്ട് പ്രദേശവാസികൾ സമരങ്ങൾ സംഘടിപ്പിക്കുമ്പോൾ ഒന്നിനും ഫണ്ടില്ല എന്നാണ് പെരിയാർ വാലി അധികൃതർ പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]