
കൂടരഞ്ഞി ∙ പൂവാറൻതോട് ഗവ.എൽപി സ്കൂൾ അങ്കണത്തിൽ അപകടനിലയിൽ ഉണ്ടായിരുന്ന വൈദ്യുതലൈൻ കെഎസ്ഇബി അധികൃതർ ഇന്നലെ മാറ്റി. സ്കൂൾ സ്റ്റേജിനു മുകളിൽ താഴ്ന്നു കിടക്കുന്ന നിലയിലുള്ള വൈദ്യുതലൈനിനെ കുറിച്ച് മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഏതാനും വർഷം മുൻപു സ്കൂൾ വാർഷികത്തിനു പന്തൽകെട്ടുമ്പോൾ ഒരാൾക്ക് ഈ ലൈനിൽ നിന്ന് ഷോക്കേറ്റിരുന്നു.
ലൈൻ മാറ്റാനുള്ള നടപടിക്രമം തുടങ്ങിയിട്ടു വർഷങ്ങളായെങ്കിലും സ്കൂൾ– കെഎസ്ഇബി – പഞ്ചായത്ത് അധികൃതർ പരസ്പരം കത്ത് അയച്ച് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.
അവസാനം 2024ൽ ലൈൻ കമ്പി വലിക്കുന്നതിനു പകരം എബി കേബിൾ വലിച്ചു സുരക്ഷ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് സ്കൂളിനു കെഎസ്ഇബി കത്ത് നൽകുകയും 33,469 രൂപ അടയ്ക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഈ വിവരവും സ്കൂൾ അധികൃതർ പഞ്ചായത്തിനെ അറിയിച്ചു.
പഞ്ചായത്ത് തുടർനടപടി സ്വീകരിക്കാത്തതിനാൽ ലൈൻ മാറ്റിയിരുന്നില്ല.
കൊല്ലം തേവലക്കരയിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി കെഎസ്ഇബി കൂമ്പാറ സെക്ഷൻ ഓഫിസിന്റെ നേതൃത്വത്തിൽ ലൈൻ മാറ്റി സ്ഥാപിക്കുകയായിരുന്നു. ആരും പണം അടച്ചിട്ടില്ലെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. മൊത്തം ചെലവിന്റെ എസ്റ്റിമേറ്റ് ഉണ്ടാക്കി സമർപ്പിക്കുമെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]