
കുണ്ടന്നൂർ∙ സ്വകാര്യ ബസ് മിനിലോറിയിലിടിച്ച് ബസ് ഡ്രൈവർ മരിച്ചു. ചേർത്തല സിഎംസി 18 കുന്നുചിറയിൽ തരൂർ ശിവപ്രസാദാണ് (25) മരിച്ചത്.
കുണ്ടന്നൂർ ജംക്ഷനിൽ രാവിലെ 7.45നായിരുന്നു അപകടം. തേവരവഴി ഹൈക്കോടതി ജംക്ഷനിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസ് ‘സിതാര’ ട്രിപ്പ് എടുക്കാൻ കുണ്ടന്നൂരിൽനിന്നു പുറപ്പെട്ടപ്പോഴാണ് അപകടത്തിൽപെട്ടത്. ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല.
കണ്ടക്ടർക്കു പരുക്കില്ല. തേവരയിലേക്കു കുപ്പിവെള്ളവുമായി കുണ്ടന്നൂർ അടിപ്പാത കടന്നുവരികയായിരുന്ന മിനിലോറിയിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു.
ബസിന്റെ മുൻഭാഗം പൂർണമായി തകർന്നു. ചുമട്ടുതൊഴിലാളികളാണു രക്ഷാപ്രവർത്തനം നടത്തിയത്. ശിവപ്രസാദിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ക്രെയിൻ ഉപയോഗിച്ച് ബസ് നീക്കിയതോടെയാണു ഗതാഗതതടസ്സം ഒഴിവായത്. സാമൂഹികക്ഷേമ വകുപ്പ് റിട്ട. ജീവനക്കാരൻ ശശിധര ലാലിന്റെയും ആരോഗ്യ വകുപ്പ് റിട്ട.
ജീവനക്കാരി ടി.കെ.പുഷ്പയുടെയും ഏകമകനാണ് ശിവപ്രസാദ്. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.
വില്ലൻ റോഡിലെ കുഴിയോ ?
കുണ്ടന്നൂർ ∙ ശിവപ്രസാദ് സ്ഥിരം ബസ് ഓടിക്കുന്ന റൂട്ടിലാണ് അപകടം നടന്നത്.
കുണ്ടന്നൂരിൽ നിന്ന് ബസ് ഫ്രീ ലെഫ്റ്റ് എടുക്കുമ്പോഴാണ് ലോറിയിലിടിച്ചത്. ഫ്രീ ലെഫ്റ്റിനോടു ചേർന്ന് റിഫൈനറി റോഡ് തുടങ്ങുന്നിടത്തു സാമാന്യം ആഴമുള്ള കുഴിയുണ്ട്.
സ്ഥിരം റൂട്ടിലെ കുഴികൾ മനഃപാഠമായതിനാൽ ഇത് ഒഴിവാക്കാനായി അൽപം വലത്തേക്ക് ഒതുക്കിയെടുത്തതാണോ അപകടത്തിനു കാരണമെന്നു സംശയിക്കുന്നതായി മറ്റു ഡ്രൈവർമാർ പറഞ്ഞു. പ്രതിഷേധ സൂചനയായി നാട്ടുകാർ റോഡിലെ കുഴിയിൽ വാഴനട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]