
എന്റെ സുഹൃത്ത് ഒരു ഫ്രീലാൻസ് ഫൊട്ടോഗ്രഫർ ആണ്. സീസൺ സമയത്ത് മാസം 1-1.2 ലക്ഷം രൂപവരെ ലഭിക്കും.
ചില മാസങ്ങളിൽ 30,000 രൂപയിൽ താഴെയാണ് വരുമാനം. 12,000 രൂപ അടവുള്ള ചിട്ടി 2026 മാർച്ചിൽ പൂർത്തീകരിക്കും.
ഭാര്യയുടെ 27,000 രൂപ മാസശമ്പളത്തിൽനിന്നു വീട്ടുചെലവ് കഴിയും. അദ്ദേഹത്തിന് ഇക്വിറ്റി മാർക്കറ്റിൽ നിക്ഷേപിക്കണം എന്നുണ്ട്.
ഗോൾഡ്, ഓഹരിയിൽ നേരിട്ടുള്ള നിക്ഷേപം എന്നിവ താൽപര്യമില്ല. വരുമാനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉള്ളതുകൊണ്ട് ഒരു എമർജൻസി ഫണ്ട്, ടേം & ഹെൽത്ത് ഇൻഷുറൻസ് എന്നിവ എടുത്തശേഷം ഇക്വിറ്റി ഇടിഎഫിൽ നിക്ഷേപിക്കാൻ ഞാൻ നിർദേശിച്ചു.
മ്യൂച്വല്ഫണ്ടുപോലെ നിശ്ചിത തുക നിർബന്ധമില്ല, എന്നാൽ 10-12% റിട്ടേൺ പ്രതീക്ഷിക്കാം എന്നതിനാൽ ഇടിഎഫ് കുഴപ്പമില്ല എന്നു കരുതുന്നു. ഇത്തരത്തിൽ വരുമാനമുള്ളവർക്ക് മറ്റേതെങ്കിലും നിക്ഷേപ മാർഗങ്ങൾ ഉണ്ടോ?.
മാസം 20,000 രൂപ വീതം നിക്ഷേപിക്കാവുന്ന 3 ഇക്വിറ്റി ഇടിഎഫുകൾ നിർദേശിക്കാമോ? 5 വർഷത്തിനുശേഷം ലോൺ എടുക്കാതെ വീടുപണിക്കാവശ്യമായ 45 ലക്ഷം രൂപ കണ്ടെത്തുകയാണ് കൂട്ടുകാരന്റെ ആവശ്യം.
അജിൻ, പാല ചോദിക്കുന്നു
A ആക്ടീവ് ഫണ്ടുകൾ സൂചികകളെ മറികടക്കുന്ന പ്രകടനം കാഴ്ചവയ്ക്കുമോ ഇല്ലയോ എന്ന നിക്ഷേപകന്റെ ധാരണയെ ആശ്രയിച്ചിരിക്കും ആക്ടിവ് ഫണ്ട് വേണോ ഇടിഎഫ്/ഇൻഡക്സ് ഫണ്ട് പോലുള്ള പാസീവ് ഫണ്ടുകളിൽ നിക്ഷേപിക്കണോ എന്നുള്ള തീരുമാനം. ആക്ടീവായി കൈകാര്യം ചെയ്യുന്ന മ്യൂച്വൽഫണ്ടുകളിലും പാസീവായ ഇൻഡക്സ് ഫണ്ടുകളിലും എസ്ഐപി ചെയ്യാനുള്ള അവസരമുണ്ട് (ഇടിഎഫിൽ ഇല്ല).
അതല്ലെങ്കിൽ കയ്യിൽ പണം വരുമ്പോലെ, എപ്പോൾ വേണമെങ്കിലും നിക്ഷേപിക്കുകയും ചെയ്യാം. നിഫ്റ്റി, സെൻസെക്സ് പോലുള്ള സൂചികയുടെ സമാന നേട്ടം മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ എങ്കിൽ ഇടിഎഫ് നിക്ഷേപം പരിഗണിക്കാം.
ഇനി അഞ്ചു വർഷംകൊണ്ട് 45 ലക്ഷം രൂപ സമാഹരിക്കുന്നതിന് മാസം ഏകദേശം 52,000–55,000 രൂപയുടെ പ്രതിമാസ എസ്ഐപി തുടങ്ങണം (12–14% നേട്ടം ലഭിച്ചാൽ).
12% വാർഷികനേട്ടം ലഭിച്ചാൽ 20,000 രൂപയുടെ നിക്ഷേപംകൊണ്ട് 16.2 ലക്ഷം രൂപ സമാഹരിക്കാനാകും.
ഞങ്ങൾ ഇടിഎഫ്/ഇൻഡക്സ് ഫണ്ടുകൾ നിർദേശിക്കാറില്ല. പകരം താങ്കൾക്കു നിക്ഷേപിക്കാൻ അനുയോജ്യമായ ഫ്ലക്സിക്യാപ്, മൾട്ടിക്യാപ് ഫണ്ടുകളാണ് ഇവിടെ നൽകുന്നത്.
എസ്ബിഐ ലാർജ് & മിഡ് ക്യാപ് ഫണ്ട് നല്ലതാണോ?
എസ്ബിഐ ലാർജ് & മിഡ്ക്യാപ് ഫണ്ടിൽ ഇപ്പോൾ എസ്ഐപി ചെയ്യുന്നുണ്ട്.
ഇത് നല്ല ഫണ്ടല്ലേ? ഒരു എസ്ഐപികൂടി തുടങ്ങണമെന്നുണ്ട്. ഇനി ഒരു ലാർജ്ക്യാപ് ഫണ്ടിലോ, മിഡ്ക്യാപ് ഫണ്ടിലോ നിക്ഷേപിക്കേണ്ടതുണ്ടോ? സെക്ടറൽ ഫണ്ട് വിഭാഗത്തിലെ മാനുഫാക്ചറിങ് തീമിലുള്ള മികച്ച ഫണ്ട് ഏതാണ്?
രമ്യ എസ്., ആലപ്പുഴ ചോദിക്കുന്നു
A താങ്കള്‍ നിക്ഷേപിക്കുന്ന ഫണ്ട് നല്ലതാണ് (4 സ്റ്റാർ), നിക്ഷേപം തുടരാം.
മിഡ്ക്യാപ് ഫണ്ടിനെ അപേക്ഷിച്ച് ലാർജ് ക്യാപ്പിൽ റിസ്ക് കുറവുമാണ്. റിസ്ക് എത്രത്തോളം എന്നതിനനുസരിച്ച് ഏതു വിഭാഗത്തിലുള്ള ഫണ്ടുകളിലും താങ്കൾക്കു നിക്ഷേപിക്കാം.
സ്വർണത്തിലെ നഷ്ടം ഒഴിവാക്കാനാകുമോ?
സ്വർണം വിൽക്കുമ്പോൾ വിലയിലുണ്ടാകുന്ന 2–4% കുറവ് ഒഴിവാക്കാനാകുമോ?
അനീഷ്, കോഴിക്കോട് ചോദിക്കുന്നു
A നാണയങ്ങള്‍, ബാറുകള്‍, ആഭരണങ്ങള്‍ എന്നിങ്ങനെ സ്വർണം വാങ്ങുമ്പോഴോ വിൽക്കുമ്പോഴോ സ്വാഭാവികമായും നികുതി, പണിക്കൂലി ഇനത്തിൽ ചെറിയ തുക നഷ്ടം വരും.
ഡിജിറ്റല്‍ സ്വർണനിക്ഷേപത്തിൽ (ഇടിഎഫുകൾ/ ഗോൾഡ് ഫണ്ടുകൾ, മറ്റ് പ്ലാറ്റ്ഫോമുകള്) എക്സ്പെൻസ് റേഷ്യോ അല്ലെങ്കില്‍ ജിഎസ്ടി ഉണ്ടാകും. നേരിട്ട് ആഭരണങ്ങൾ വാങ്ങുന്നതിനെക്കാൾ കുറവാണെന്നു മാത്രം.
ലേഖകൻ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ അസോഷ്യേറ്റ് ഡയറക്ടറാണ്
സമ്പാദ്യം ജൂലൈ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]