കാസർകോട് ∙ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും സ്കൂൾ സുരക്ഷാസമിതികൾ ഉടൻ വിളിച്ചുകൂട്ടാൻ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർക്ക് (ഡിഡിഇ) എഡിഎം പി.അഖിൽ നിർദേശം നൽകി. ഓരോ സ്ഥാപനത്തിന്റെയും മേധാവിയുടെ അധ്യക്ഷതയിലുള്ള ഈ കമ്മിറ്റികൾ, വിവിധ സുരക്ഷാ പ്രശ്നങ്ങൾ വിശദമായി വിലയിരുത്തും. എല്ലാ സ്കൂളുകളും സ്കൂൾ ദുരന്തനിവാരണ പദ്ധതിയുടെ അനുബന്ധം തയാറാക്കണം.
കമ്മിറ്റി യോഗങ്ങളുടെയും സ്വീകരിച്ച നടപടികളുടെയും റിപ്പോർട്ട് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഒരു ആഴ്ചയ്ക്കുള്ളിൽ കലക്ടർക്ക് സമർപ്പിക്കും. കൊല്ലത്തെ വിദ്യാർഥിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ സ്കൂളുകളിലടക്കം വൈദ്യുത ലൈനുകളും ട്രാൻസ്ഫോമറുകളും അപകടസാധ്യത സൃഷ്ടിക്കുന്നതിനെക്കുറിച്ചു മനോരമ വാർത്ത നൽകിയിരുന്നു.
മഴക്കാലവും ജില്ലയിലെ സ്കൂളുകളെ ബാധിക്കുന്ന സംഭവങ്ങളുടെ സമീപകാല റിപ്പോർട്ടുകളും കണക്കിലെടുത്താണ് അഡീഷനൽ എഡിഎം പി.അഖിലിന്റെ നേതൃത്വത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) ജില്ലയിലുടനീളം സ്കൂൾ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് അടിയന്തര നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വൈദ്യുത ലൈനുകളുടെയും ട്രാൻസ്ഫോമറുകളുടെയും സാമീപ്യവും അപകടങ്ങളും കണ്ടെത്തണം. സമീപത്തുള്ള ജലാശയങ്ങൾ, കിണറുകൾ, റോഡ് അവസ്ഥകൾ എന്നിവയിൽ നിന്നുള്ള അപകടസാധ്യതകൾ കണക്കിലെടുക്കണം.
കാട്ടുമൃഗങ്ങളിൽ നിന്നും വിഷജീവികളിൽ നിന്നുമുള്ള ഭീഷണികളും സ്കൂൾ ഗതാഗത സുരക്ഷയും യോഗത്തിൽ ചർച്ചയായി.
അപകടസാധ്യതകൾ പരിഹരിക്കുന്നതിനുള്ള സമിതികൾ വിവിധ വകുപ്പുകളിലെ സാങ്കേതിക വിദഗ്ധരുമായി ഏകോപിപ്പിക്കും. ഈ നടപടികൾക്ക് തദ്ദേശ വകുപ്പിന്റെ (എൽഎസ്ജിഡി) എൻജിനീയറിങ് വിങ്ങിന്റെ മാർഗനിർദേശങ്ങൾ പാലിക്കണം.
ആവശ്യമായ സാങ്കേതിക സഹായം നൽകാനും സ്കൂൾ അധികാരികളുമായി സഹകരിച്ച് വേഗത്തിലുള്ള നടപടി ഉറപ്പാക്കാനും തദ്ദേശ സെക്രട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]