
ആമ്പല്ലൂർ ∙ അടിപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ ഇന്നലെ വൻഗതാഗതക്കുരുക്ക്. തൃശൂർ ഭാഗത്തേക്കായിരുന്നു ഗതാഗതക്കുരുക്ക് രൂക്ഷം.
പുതുക്കാട് സിഗ്നലും കടന്ന് വാഹനനിര നീണ്ടു. ഇതിനിടെ തൃശൂർ ഭാഗത്തേക്കുള്ള പാതയുടെ സർവീസ് റോഡിൽ ഓടയുടെ സ്ലാബ് തകർന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. ഓടയ്ക്ക് മുകളിലുള്ള സ്ലാബാണ് തകർന്നത്. മാസങ്ങൾക്ക് മുൻപ് നിർമിച്ച സ്ലാബുകളിലൊന്നാണ് തകർന്നത്. 2 മാസം മുൻപ് മറ്റൊരിടത്ത് സ്ലാബ് തകർന്ന് കെഎസ്ആർടിസ് ബസിന്റെ ചക്രം ഓടയിൽ കുടങ്ങിയിരുന്നു. ഇതോടെ സ്ലാബുകളുടെ ഉറപ്പിനെ കുറിച്ച് നാട്ടുകാർക്കും യാത്രക്കാർക്കും ആശങ്കയായി.
സർവീസ് റോഡ് കുണ്ടും കുഴിയുമായതോടെ വാഹനങ്ങൾ കേടുവരുന്നു.
ഇന്നലെ രാവിലെ ഇവിടെ ഒരു ജീപ്പു കേടായി. അരമണിക്കൂറിലേറെ സമയം കാത്തുകിടന്നാണ് ഓരോ വാഹനങ്ങളും ആമ്പല്ലൂർ പിന്നിട്ടത്. ദേശീയപാതയിൽ വാഹനങ്ങൾ കടന്നുപോകാത്ത അവസ്ഥയിലെത്തിയതോടെ പ്രാദേശിക റോഡുകളിലും വാഹനങ്ങൾ നിറഞ്ഞു. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുപോലും അടിപ്പാത നിർമാണം നടക്കുന്ന ഭാഗങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാത്തത് ജനങ്ങളെ നിരാശരാക്കുകയാണ്. ആയിരക്കണക്കിന് യാത്രക്കാരാണ് ദിനംപ്രതി ഗതാഗതക്കുരുക്കിലും യാത്രാക്ലേശത്തിലും വലയുന്നത്.
ആശുപത്രിയിലെത്തിയ രോഗിക്ക് വീട്ടിലേക്കുള്ള വഴി കാണിക്കാമോ അധികൃതരേ?
പുതുക്കാട് ∙ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കാരണം സ്വകാര്യ ആശുപത്രിയിലെത്തിയ രോഗി പുറത്തിറങ്ങാനാകാതെ കുടുങ്ങിയത് മണിക്കൂറുകളോളം.
കെഎസ്ആർടിസി സ്റ്റാൻഡിന് എതിർവശത്തെ ആശുപത്രിയിൽ എത്തിയ പുതുക്കാട് സ്വദേശി വെളിയത്ത് അഗസ്റ്റിനാണ് ചികിത്സ കഴിഞ്ഞിട്ടും വീട്ടിലേക്ക് തിരിച്ചുപോകാൻ സാധിക്കാതെ കുടുങ്ങിയത്. ആശുപത്രിയിൽ നിന്നു സർവീസ് റോഡിലേക്ക് കടക്കാൻ കഴിയാത്തവിധം വാഹനങ്ങൾ കുരുക്കിൽപെട്ടു.
പുതുക്കാട് സെന്ററിൽ നിന്നു വാഹനങ്ങൾക്ക് ആശുപത്രി പരിസരത്തേക്ക് എത്താനും കഴിഞ്ഞില്ല. രാവിലെ 9ന് ഭാര്യയ്ക്കൊപ്പം ചികിത്സയ്ക്കെത്തിയ അഗസ്റ്റിൻ മടങ്ങിയത് ഉച്ചയ്ക്ക് ഒരുമണിക്കാണ്.
അതും സുഹൃത്തിന്റെ ബൈക്കിൽ. ചാലക്കുടി സ്റ്റേഷനിലെ എസ്ഐ വിശ്വനാഥനും പൊതുപ്രവർത്തകനായ സിന്റോ പയ്യപ്പിള്ളിയും ചേർന്നാണ് മറ്റൊരു ബൈക്കിൽ അഗസ്റ്റിനെ കയറ്റിവിട്ടത്.
ആശുപത്രിയിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള വീട്ടിലേക്ക് തിരിച്ചുപോകാൻ ചികിത്സയും കഴിഞ്ഞ് 3 മണിക്കൂറിലേറെ സമയം കാത്തിരിക്കേണ്ടിവന്നു.
ഇന്നലെ തൃശൂർ ഭാഗത്തേക്ക് അടിയന്തരമായി പോയിരുന്ന ആംബുലൻസുകൾ പലതും റോങ് സൈഡ് എടുത്താണ് കടന്നുപോയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]