
ശാസ്താംകോട്ട ∙ ‘എന്റെ പൊന്നു മോനേ’ മകനെ യാത്രയാക്കാൻ വിദേശത്തുനിന്നെത്തിയ ആ അമ്മയിൽനിന്ന് പുറത്തുവന്നത് ഈ വാക്കുകൾ മാത്രം.
വീടിന്റെ ഉമ്മറത്ത് ഉറക്കത്തിലെന്നോണം കിടന്ന പ്രിയ മകൻ ആ കണ്ണീരിൽ നനഞ്ഞു. പടിഞ്ഞാറെ കല്ലടയിലെ വിളന്തറ ഗ്രാമം തോരാസങ്കടത്തിൽ കുതിർന്നു.
തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റു മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി പടിഞ്ഞാറേകല്ലട വലിയപാടം മനു ഭവനത്തിലെ മിഥുൻ മനുവിന് (13) അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ എത്തി.
ഇന്നലെ രാവിലെ 10ന് ശാസ്താംകോട്ട
താലൂക്ക് ആശുപത്രിയിൽനിന്നു മൃതദേഹം വിലാപയാത്രയായാണ് സ്കൂളിലേക്കെത്തിച്ചത്. വഴിയിലെല്ലാം ജനം കൂടിയതോടെ രാവിലെ 10.30ന് നിശ്ചയിച്ചിരുന്ന സ്കൂളിലെ പൊതുദർശനം തുടങ്ങിയത് ഒരു മണിക്കൂറിലേറെ വൈകി 11.45ന്. ഒരു മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു.
സംസ്കാരം നിശ്ചയിച്ചിരുന്ന സമയമായപ്പോഴും കാണാനെത്തിയവരുടെ വരി നീണ്ടു. മിഥുന്റെ അനിയൻ സുജിൻ ചിതയ്ക്ക് തീ പകർന്നു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എംപി, കലക്ടർ എൻ.ദേവിദാസ് എന്നിവർ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
കുവൈത്തിൽനിന്ന് ഇന്നലെ രാവിലെ പത്തോടെയാണ് സുജ കൊച്ചി വിമാനത്താവളത്തിലെത്തിയത്. ഇളയമകൻ സുജിനെ കണ്ടയുടനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ സുജയെ സമാധാനിപ്പിക്കാൻ കഴിയാതെ ബന്ധുക്കൾ വിതുമ്പി. കുവൈത്തിൽ ജോലി ചെയ്യുന്ന സുജ തൊഴിലുടമയുടെ കുടുംബത്തിനൊപ്പം തുർക്കിയിലേക്കു യാത്ര പോയിരുന്നു.
അവിടെ വച്ചാണ് മകന്റെ വിയോഗം അറിഞ്ഞത്. കുവൈത്തിലെത്തിയ ശേഷം നാട്ടിലേക്കു പുറപ്പെടുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]