
ചെർപ്പുളശ്ശേരി ∙ കിണറ്റിൽ വീണു മരണത്തെ മുഖാമുഖം കണ്ട യുവതിയെ ജീവിതത്തിലേക്കു കരകയറ്റി ചെർപ്പുളശ്ശേരി പൊലീസ്.
മരിച്ചെന്നു പ്രദേശവാസികൾ കരുതിയ അടയ്ക്കാപുത്തൂരിലെ അനുപ്രിയയെയാണ് (24) എസ്ഐ ഡി.ഷബീബ് റഹ്മാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രക്ഷിച്ചത്. ബുധനാഴ്ച വൈകിട്ടു നാലോടെയാണു ചെർപ്പുളശ്ശേരി സ്റ്റേഷനിലേക്ക് ഒരു ഫോൺ കോൾ വരുന്നത്.
അടയ്ക്കാപുത്തൂർ പൊതി ഭാഗത്തെ വീട്ടുവളപ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തി എന്നായിരുന്നു സന്ദേശം. ഉടൻ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനത്തിൽ അങ്ങോട്ടു തിരിച്ചു.
സംഭവസ്ഥലത്ത് എത്തിയപ്പോഴാണു യുവതിയുടെ കൈ അനങ്ങുന്നത് എഎസ്ഐ ശ്യാംകുമാറിന്റെ ശ്രദ്ധയിൽപെട്ടത്.
ഉടൻ കയർ അരയിൽ കെട്ടി ശ്യാംകുമാർ കിണറ്റിലേക്കിറങ്ങി. കാലപ്പഴക്കം ചെന്ന കിണറായിരുന്നു.
പടവുകളോ ആൾമറയോ ഇല്ലായിരുന്നു.കയറിൽ തൂങ്ങിക്കിടന്നുകൊണ്ടുതന്നെ അനുപ്രിയയെ വെള്ളത്തിൽ താഴ്ന്നുപോകാതെ താങ്ങിനിർത്തി. ഒപ്പം സിവിൽ പൊലീസ് ഓഫിസർ എം.ആർ.രതീഷും കിണറ്റിലേക്ക് ഇറങ്ങി.എസ്ഐ ഷബീബ് റഹ്മാനും എഎസ്ഐ സുഭദ്രയും നാട്ടുകാരുടെ സഹായത്തോടെ അനുപ്രിയയെ സ്ട്രെച്ചറിൽ കിടത്തി മുകളിലേക്ക് എത്തിച്ചു.
ഇതിനിടെ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.
പ്രാഥമിക ശുശ്രൂഷ നൽകി ഉടൻ മാങ്ങോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. യുവതിയുടെ ജീവൻ രക്ഷിച്ച ചെർപ്പുളശ്ശേരി പൊലീസ് നാടിന്റെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ്.
പി.മമ്മിക്കുട്ടി എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ആശംസ നേർന്നു. ചെർപ്പുളശ്ശേരി സ്റ്റേഷനിൽ ചുമതലയേറ്റ ആദ്യദിവസം തന്നെ ഒരു ജീവൻ രക്ഷിക്കാൻ നിമിത്തമായതിന്റെ സന്തോഷത്തിലാണ് എഎസ്ഐ ശ്യാംകുമാർ.അപകടനില തരണം ചെയ്ത അനുപ്രിയ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]