
കൊല്ലം ∙ ആലപ്പുഴ വഴി പോകുന്ന മെമു ട്രെയിനുകളിൽ ഉപയോഗിക്കാനായി റെയിൽവേ ബോർഡ് അനുവദിച്ച 12 കോച്ചുകളുള്ള റേക്ക് കൊല്ലം മെമു ഷെഡിൽ എത്തിയതായി കെ.സി.വേണുഗോപാൽ എംപി അറിയിച്ചു. കപൂർത്തല റെയിൽവേ കോച്ച് ഫാക്ടറിയിൽ നിർമിച്ച റേക്കുകളാണു കഴിഞ്ഞദിവസം താംബരത്തു നിന്നു കമ്മിഷനിങ് നടപടി പൂർത്തിയാക്കി കൊല്ലത്ത് എത്തിച്ചത്.
രാവിലെ 7.25നുള്ള, യാത്രക്കാർ തിങ്ങിനിറഞ്ഞു പോകുന്ന ആലപ്പുഴ – എറണാകുളം മെമുവിൽ ഉൾപ്പെടെ തീരദേശ പാതയിൽ യാത്രക്കാർ അനുഭവിക്കുന്ന അനിയന്ത്രിതമായ തിരക്കിന് ഈ കോച്ച് വർധനയിലൂടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
പല തവണ ഈ വിഷയം കേന്ദ്ര റെയിൽവേ മന്ത്രിയുടെയും റെയിൽവേ ബോർഡ് ചെയർമാന്റെയും ശ്രദ്ധയിൽപെടുത്തുകയും പാർലമെന്റിൽ അടക്കം ഉന്നയിക്കുകയും ചെയ്തിരുന്നു.
മാസങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഫലമായിട്ടാണു തീരദേശ യാത്രക്കാർക്ക് അനുകൂലമായ നടപടി റെയിൽവേയുടെ ഭാഗത്തു നിന്നുണ്ടായത്.
തീരദേശ പാത വഴി സഞ്ചരിക്കുന്ന 3 മെമു ട്രെയിനുകളിൽ 4 കോച്ചുകൾ വീതം ഉൾപ്പെടുത്താനാണു തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ഈ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം 12ൽ നിന്നു 16 ആയി മാറും.
സാങ്കേതികമായ ക്രമീകരണങ്ങൾ കൂടി പൂർത്തീകരിച്ച ശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ 3 മെമു ട്രെയിനുകളിലും 16 കോച്ചുകൾ വീതമാക്കി വർധിപ്പിക്കുമെന്നും കെ.സി.വേണുഗോപാൽ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]