
തുമ്പമൺ ∙ ഒരു കോടി 20 ലക്ഷം രൂപ ചെലവഴിച്ചു തയാറാക്കിയ മുഴുക്കോട്ട് ചാൽ വിനോദസഞ്ചാരകേന്ദ്രം തുറക്കാൻ ഇനിയും നടപടിയില്ല. 2018 കാലയളവിലാണ് പദ്ധതിയുടെ ഭാഗമായി നെടുങ്കോട്ട് പുഞ്ചയിലെ വിസ്തൃതമായ ചാൽ പുനരുദ്ധരിച്ചത്.
വിനോദസഞ്ചാരം ലക്ഷ്യമിട്ടായിരുന്നു പദ്ധതി. മദ്യക്കുപ്പികൾ അടക്കം ഇവിടെ ഉപേക്ഷിക്കുന്നതായി നേരത്തെ മുതൽ പരാതിയുയർന്നിരുന്നു.
പകൽ സമയങ്ങളിൽ ചാലിന്റെ പരിസരങ്ങളിൽ സാമൂഹിക വിരുദ്ധർ തമ്പടിക്കുന്നെന്ന പരാതിയുമുണ്ടായിരുന്നു.
വിനോദസഞ്ചാരം ലക്ഷ്യമിട്ട് ചാലിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഇരിപ്പിടങ്ങളും ശുചിമുറികളും നിർമിച്ചിരുന്നു. ഇതിന്റെ പരിസരമാകെ ഇപ്പോൾ കാടുമൂടി.
നിർമാണം പൂർത്തിയായ ശേഷം ഇത് തുറന്നിട്ടില്ല. തുമ്പമൺ നിവാസികൾക്ക് പ്രഭാത, സായാഹ്ന സവാരികൾക്കും മറ്റ് വിനോദങ്ങൾക്കുമായി ആവിഷ്കരിച്ചതായിരുന്നു പദ്ധതി.
ലോക ബാങ്കിൽ നിന്നുള്ള ഒരു കോടി രൂപയും പന്തളം ബ്ലോക്ക് പഞ്ചായത്തും തുമ്പമൺ പഞ്ചായത്തും 10 ലക്ഷം രൂപ വീതവും ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.
ബോട്ടിങ് ഉൾപ്പെടെ സൗകര്യങ്ങൾ പദ്ധതി രൂപരേഖയിലുണ്ടായിരുന്നു. കുളത്തിനു സംരക്ഷണ ഭിത്തിയും കൈവരിയും നിർമിച്ചിട്ടുണ്ട്.
ചുറ്റുമായി ടൈൽ പാകി റോഡും പണിതെങ്കിലും പിന്നീട് ശേഷിക്കുന്ന ജോലികൾക്ക് പണം തികയാതെ വന്നു. ഇതിനായി ഫണ്ട് കണ്ടെത്താൻ പഞ്ചായത്ത് ഭരണസമിതി പല മാർഗങ്ങൾ തേടിയെങ്കിലും ഫലമുണ്ടായില്ല.
ചാലും വിശ്രമകേന്ദ്രവും ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
ഒരേക്കറോളം വിസ്തൃതമായ ചാലിലെ ജല ശേഖരമാണ് സമീപ സ്ഥലങ്ങളിലെ കിണറുകളിൽ വേനലിലും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നത്. ചാലിലെ വെള്ളം മലിനമാകുന്നതൊഴിവാക്കാനുള്ള നടപടികളെങ്കിലും വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]